ആലപ്പുഴയിലെ ദുരിത ബാധിതര്‍ക്കായി വീടൊരുക്കി ബംഗ്ലൂര്‍ കെയേഴ്‌സ് ഫോര്‍ കേരള

    പ്രളയം എല്ലാം തൂത്തെടുത്തു കടന്നു പോയപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന കേരളത്തിന് സഹായ ഹസ്തവുമായി ധാരാളം ആളുകള്‍ എത്തി. അങ്ങനെ സഹായവുമായി എത്തിയവരില്‍ പ്രധാനപ്പെട്ട സംഘടനയാണ് ബാംഗ്ലൂര്‍ കെയേഴ്‌സ് ഫോര്‍ കേരള. പ്രളയം തകര്‍ത്ത വീടുകള്‍ക്ക് പകരം താത്കാലികമായ വസതികള്‍ തയ്യാറാക്കുക എന്ന മഹാ ദൗത്യം ഏറ്റെടുത്ത് കേരളത്തിനു സമാശ്വാസം പകര്‍ന്ന സംഘടനയാണ് ഇത്.

    ബാംഗ്ലൂര്‍ കെയേഴ്‌സ് ഫോര്‍ കേരളയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ പതിനൊന്നു വീട്ടുകാര്‍ കൂടി സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നത്തിലേയ്ക്ക് കടക്കുകയാണ്. പ്രളയം അതിന്റെ താണ്ഡവം അവസാനിപ്പിച്ച് മടങ്ങി. മഴക്കാറു മാനത്തു കൊള്ളുമ്പോഴേ മനസ്സില്‍ ഭീതി നിറയുന്ന അവസ്ഥ അവശേഷിപ്പിച്ചു മടങ്ങിയ പ്രളയം. ആ പ്രളയം പലര്‍ക്കും മുന്‍പില്‍ അവശേഷിപ്പിച്ചത് കുറെയധികം ‘നാളെ എന്ത്’ എന്ന ചോദ്യമാണ്.

    പലരുടെയും വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് പ്രഖ്യാപനം  ഉണ്ടായെങ്കിലും പലര്‍ക്കും ലഭിച്ചിട്ടില്ലാത്ത അവസ്ഥ. പോകാന്‍ ഇടമില്ലാതെ പള്ളികളിലും ബന്ധുക്കളുടെ വീട്ടിലും കഴിയുന്ന ആളുകള്‍ ഇനിയും അവശേഷിച്ചിരിക്കെ ആലപ്പുഴക്കാരുടെ ആ ദുരവസ്ഥ കണ്ട് വെറുതെ ഇരിക്കുവാന്‍ ബാംഗ്ലൂര്‍ കെയേഴ്‌സിനു കഴിഞ്ഞില്ല.  ആലപ്പുഴയിലെ സന്നദ്ധ സംഘടനകളുടെയും എഞ്ചിനിയര്‍മാരുടെയും സഹകരണത്തോടെ അവര്‍ പതിനൊന്നു വീടുകള്‍ നിര്‍മ്മിച്ചു.

    രണ്ടുവര്‍ഷം വരെ നില്‍ക്കുന്ന പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ കൊണ്ടുള്ള വീടുകള്‍. ചെറുതെങ്കിലും ബന്ധു വീടുകളിലും അഭയാര്‍ഥി ക്യാമ്പുകളിലും കഴിയുന്നവര്‍ക്ക്, പോകാന്‍ മറ്റൊരു ഇടം ഇല്ലാത്തവര്‍ക്കാണ് ഈ വീടുകള്‍ നല്‍കുക. അങ്ങനെ പതിനൊന്നു വീട്ടുകാര്‍ ബാംഗ്ലൂര്‍ കെയേഴ്‌സിന്റെ കരം പിടിച്ചു വീടുകളിലേയ്ക്ക് യാത്രയാവുകയാണ്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.