പേടിപ്പെടുത്തുന്ന രാത്രിയിൽ ജപമാല പ്രാർത്ഥന എന്നെ ശക്തിപ്പെടുത്തി: അനുഭവം പങ്കുവച്ച് ബമെൻഡ ബിഷപ്പ്

ജപമാല പ്രാർത്ഥന ചൊല്ലി ജപമാലയിൽ മുറുകെപ്പിടിച്ച് ദൈവത്തോട് കരഞ്ഞപേക്ഷിച്ച സമയം തനിക്ക് ലഭിച്ച അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബമെൻഡ ബിഷപ്പ് കൊർണേലിയസ് ഫോണ്ടം. കാമറൂണിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബമെൻഡ രൂപതയിൽ സേവനം ചെയ്തുവരികയായിരുന്ന അദ്ദേഹത്തെ ജൂൺ 25-നാണ് ഒരു സംഘം ആക്രമികൾ തട്ടിക്കൊണ്ടു പോകുന്നത്.

ഇടവക സന്ദർശനം കഴിഞ്ഞു മടങ്ങിയ വഴി അദ്ദേഹത്തിന്റെ കാർ തടഞ്ഞു. ഡ്രൈവറെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞ ബിഷപ്പിനെ അവർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തടവിലാക്കിയ ശേഷവും ഭീഷണി തുടർന്നു. “ആ ഒരു രാത്രി മുഴുവൻ വളരെ ഭീതിയോടെയാണ് കഴിഞ്ഞത്. കയ്യിൽ ആകെയുള്ളത് ഒരു ജപമാല മാത്രം. രാത്രി ഒരു പോള കണ്ണടയ്ക്കാതെ ജപമാല ചൊല്ലിക്കൊണ്ടിരുന്നു. മറ്റാരും ഒപ്പമില്ലാതിരുന്ന നിമിഷം അക്രമികളാൽ ചുറ്റപ്പെട്ട ആ രാത്രിയിൽ ജപമാല പ്രാർത്ഥന ധൈര്യത്തോടെയും പ്രത്യാശയുടെയും പിടിച്ചുനിൽക്കുവാൻ ശക്തി പ്രദാനം ചെയ്യുകയായിരുന്നു” – അദ്ദേഹം സാക്ഷ്യപ്പെടുത്തി.

അടുത്ത ദിവസം രൂപതയും അക്രമിസംഘത്തിന്റെ തലവനും തമ്മിൽ നടത്തിയുടെ സംഭാഷണത്തിനൊടുവിൽ അദ്ദേഹത്തെ മോചിപ്പിച്ചുവെങ്കിലും ബിഷപ്പ് നന്ദിപറയുന്നത് പരിശുദ്ധ അമ്മയിലൂടെ തന്നെ ശക്തിപ്പെടുത്തിയ ദൈവത്തിനാണ്.