യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച് ബൈസന്റയിന്‍ സ്‌തോത്രഗീതങ്ങള്‍

ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധനാക്രമത്തെ സമ്പുഷ്ടവും, സംഗീതസാന്ദ്രവുമാക്കുന്ന ബൈസന്റൈന്‍ സ്‌തോത്രഗീതങ്ങള്‍ യുനെസ്‌കോയുടെ (UNESCO) ‘ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഹുമാനിറ്റി’ പട്ടികയില്‍ ഇടംപിടിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച ഇതുസംബന്ധിച്ച് യുനെസ്‌കോ നടത്തിയ പ്രഖ്യാപനത്തോടെ രണ്ടായിരം വര്‍ഷങ്ങളായി നിലനിന്നുവരുന്ന ഈ ബൈസന്റൈന്‍ സ്‌തോത്രഗീതങ്ങള്‍ വീണ്ടും ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്.

സജീവവും സാംസ്‌കാരിക പ്രാധാന്യമുള്ളതുമായ ഈ സമഗ്ര സംഗീത സമന്വയം ആത്മീയജീവിതവും മതാരാധനയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുനെസ്‌കോയുടെ പ്രഖ്യാപനത്തില്‍ പറയുന്നു. നൂറ്റാണ്ടുകളിലായി നേരിടേണ്ടി വന്ന വെല്ലുവിളികളെ തരണം ചെയ്ത ഈ സ്‌തോത്രഗീതങ്ങള്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ആരാധനയുടെ കേന്ദ്രമായി ഇന്നും നിലകൊള്ളുന്നതിനെക്കുറിച്ച് യുനെസ്‌കോ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ദൈവാരാധനയിലാണ് ഈ സ്വരകല പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വിശുദ്ധ സന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ദൗത്യം.

പ്രധാനമായും പുരുഷ ശബ്ദവുമായിട്ടാണ് ഈ സ്വരകല ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും കന്യാസ്ത്രീ മഠങ്ങളിലും, ദേവാലയ സംഗീതത്തിലും ഇത് ആലപിക്കാറുണ്ടെന്നും യുനെസ്‌കോ പറയുന്നു.