നൂറിൻ നിറവിൽ ബഥനി

സുമ മാത്യു

നൂറിൻ നിറവിൽ ബഥനിഗേഹം
നിറകതിരണിയുകയായ്
സ്മരണകളുണരും നേരം
ഒളി വിതറുന്നൊരു രൂപം
ഈവാനിയോസ് മാർ ഈവാനിയോസ്
ദൈവദാസൻ താതൻ
പുളകിതയായി അക്ഷരനഗരി
ബഥനി സുവർണ്ണപ്രഭയിൽ (എൺപത്തിയൊൻപതാം പുനരൈക്യ വാർഷികാഘോഷങ്ങളുടെ പ്രമേയഗാനത്തിൽ നിന്ന്)

മലങ്കര സഭയുടെ ആധ്യാത്മികവും ഭൗതീകവുമായ ഉന്നമനത്തിന് മുഖ്യപങ്ക് വഹിച്ച സന്യാസ സഭയാണ് മിശിഹാനുകരണ സന്യാസ സമൂഹം (The Order of the Imitation of Christ). ‘ബഥനി’ എന്ന പേരിൽ ഈ സമൂഹം അറിയപ്പെടുന്നു. ഭാഷയുടെയും രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിർത്തികൾ ഭേദിച്ച് ക്രിസ്തുവിനെയും അവൻ്റെ സുവിശേഷത്തെയും ലോകം മുഴുവനിലുമെത്തിച്ച് ബഥനി യാത്ര തുടങ്ങിയിട്ട് നൂറ് വർഷങ്ങൾ പൂർത്തിയാകുന്നു. പത്തനംതിട്ട റാന്നി – പെരുനാട് മുണ്ടൻ മലയിൽ, ദൈവദാസൻ പണിക്കരുവീട്ടിൽ ഗീവർഗ്ഗീസ് മാർ ഈവാനിയോസ് തിരുമേനി സ്ഥാപിച്ച മലങ്കരയിലെ സന്യാസ സമൂഹമായ ബഥനി, അതിന്റെ സ്ഥാപനത്തിൻ്റെ നൂറ് വർഷങ്ങൾ പിന്നിടുന്നു. 1919 ഓഗസ്റ്റ് 15-നാണ് ബഥനി സന്യാസ സമൂഹം രൂപം കൊണ്ടത്.

സുവിശേഷമൂല്യങ്ങളിൽ അധിഷ്ഠിതമായി തൻ്റെ മാതൃസഭയെ എങ്ങനെ സമുദ്ധരിക്കാൻ കഴിയുമെന്ന് ഫാ. പി. റ്റി. ഗീവർഗ്ഗീസ് (മാർ ഈവാനിയോസ് മെത്രാപ്പൊലീത്ത) പ്രാർത്ഥനാപൂർവ്വം ചിന്തിച്ചിരുന്നു. സെറാമ്പൂരിൽ പ്രൊഫസർ ആയി സേവനമനുഷ്ഠിക്കുമ്പോൾ സമൂഹത്തിൻ്റെ ഉന്നമനത്തിൽ സന്യാസ സമൂഹങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം ബോധവാനായി. സെറാമ്പൂരിൽ നിന്ന് തിരിച്ചെത്തിയ ശേഷം, താൻ അംഗമായിരിക്കുന്ന സഭയുടെ ആന്തരീക നവീകരണത്തിനു വേണ്ടി മാർ ഈവാനിയോസ് തിരുമേനി ആരംഭിച്ച സന്യാസ സമൂഹമാണ് ബഥനി. ആശ്രമാധിപൻ എന്ന നിലയിൽ ഫാ. പി. റ്റി. ഗീവർഗ്ഗീസ് ‘ആബോ ഗീവർഗീസ്’ എന്ന് അറിയപ്പെട്ടു. പിന്നീട് അദ്ദേഹം മേൽപട്ട സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെടുകയും സഭൈക്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും 1930 സെപ്റ്റംബർ 20-ന് തിരുസഭയുമായുള്ള പുനരൈക്യം ഒരു ചരിത്രസംഭവമായി തീരുകയും ചെയ്തു.

‘ബഥനി’ എന്ന വാക്കിൻ്റെ അർത്ഥം ‘ആശ്വാസത്തിൻ്റെ ഭവനം’ എന്നാണ്. സുവിശേഷത്തിലെ ബഥനി, യേശുവിനെ സന്തോഷത്തോടെ സ്വീകരിക്കുകയും അവനെ ഗാഢമായി സ്നേഹിക്കുകയും ചെയ്ത ഇടമാണ്. ജറുസലേം അവനെ തള്ളിപ്പറയാൻ ഒരുങ്ങുമ്പോഴും അവന് തല ചായ്ക്കാൻ ഇടം നൽകിയ സ്ഥലം. യേശുവിനെ ഹൃദയപൂർവ്വം സ്വീകരിക്കുകയും അവൻ്റെ സ്നേഹവും അനുഗ്രഹവും ആശീർവാദവും സ്വീകരിക്കുകയും ചെയ്ത ഭവനം. ബഥനിയിലെ മൂന്നു പേരുകൾ സുവിശേഷത്തിൽ എടുത്തു പറയുന്നു. അവൻ്റെ സുഹൃത്തായ ലാസർ, എപ്പോഴും അവനോടൊപ്പം പാദാന്തികത്തിൽ ആയിരിക്കാൻ ഇഷ്ടപ്പെട്ട പ്രാർത്ഥനാജീവിതത്തിൻ്റെ പ്രതീകമായ മറിയം, അദ്ധ്വാനത്തിൻ്റെയും സേവനത്തിൻ്റെയും പ്രേഷിതപ്രവർത്തനങ്ങളുടെയും മാതൃകയായ മാർത്താ. ഇതു തന്നെയാണ് ബഥനിയുടെ മാതൃകയും. പ്രാർത്ഥനയും സേവനവും വഴി ബഥനിക്ക് സമൂഹത്തിൽ സുവിശേഷം അറിയിക്കുവാനും സ്നേഹിതനായ ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാനുമുള്ള ദൗത്യം നൽകപ്പെട്ടിരിക്കുന്നു.

‘ദൈവസേവനം ഉത്തമം, ദൈവസമ്പാദനം അത്യുത്തമം’ എന്നതാണ് ബഥനിയുടെ സ്ഥാപകപിതാവിന്റെ ദർശനം. മലമുകളിലും ഏകാന്തതയിലും രാത്രിയുടെ നിശബ്ദതയിലും പിതാവിന്റെ നെഞ്ചിൽ തല ചായ്ച്ച് പ്രാർത്ഥനയിൽ കരുത്താർജ്ജിച്ച് താഴ്വരകളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും സമൂഹത്തിലും പ്രാർത്ഥനാനുഭവം പങ്കുവച്ചവനാണ് ക്രിസ്തു. പ്രാർത്ഥനാജീവിതത്തിലും സേവനജീവിതത്തിലും പ്രബോധനങ്ങളിലും മിശിഹായെ അനുകരിക്കാൻ വിളിക്കപ്പെട്ടവരാണെന്ന് ഓർമ്മപ്പെടുത്തുവാനായിരിക്കണം മാർ ഈവാനിയോസ് പിതാവ് ബഥനിയെ ‘മിശിഹാനുകരണ സന്യാസ സമൂഹം’ എന്നു വിളിച്ചത്.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും പുനരൈക്യ പ്രസ്ഥാനത്തിൻ്റെയും ‘പിള്ളത്തൊട്ടിൽ’ എന്ന് ബഥനി വിശേഷിപ്പിക്കപ്പെടുന്നു. പ്രാർത്ഥനയ്ക്കും താപസകർമ്മങ്ങൾക്കും പ്രാധാന്യം നൽകിയ ബഥനിയുടെ ലക്ഷ്യം, സഭയെയും അതുവഴി സമൂഹത്തെയും നവീകരിക്കുക എന്നതായിരുന്നു. 1966 ഏപ്രിൽ 14-ന് ബഥനി സന്യാസ സമൂഹം പൊന്തിഫിക്കൽ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.

കോട്ടയം കളത്തിപ്പടിയിലാണ് ബഥനി ജനറലേറ്റ്. 2000 ഏപ്രിൽ 24-ന് നാലാഞ്ചിറ ആസ്ഥാനമായി നവജീവൻ പ്രൊവിൻസും, ആലുവ ആസ്ഥാനമായി നവജ്യോതി പ്രൊവിൻസും നിലവിൽ വന്നു. ഫാ. ജോസ് കുരുവിള പീടികയിൽ ഓ.ഐ.സി. ആണ് ഇപ്പോൾ സമൂഹാധ്യക്ഷൻ (സുപ്പീരിയർ ജനറാൾ). നവജീവൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. മാത്യു ജേക്കബ് തിരുവാലിൽ ഓ.ഐ.സി. യും, നവജ്യോതി പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസ് മരിയദാസ് പടിപ്പുരയ്ക്കൽ ഓ.ഐ.സി. യുമാണ്.

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ആയിരുന്നു കൊണ്ട് പ്രാർത്ഥനയിലും പ്രവൃത്തിയിലും ക്രിസ്തുവിനെ അനുകരിക്കുവാൻ സമൂഹാംഗങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ ധാരാളം മിഷൻ പ്രദേശങ്ങളിൽ ക്രിസ്തുവിനെ അറിയിക്കുവാനും ക്രിസ്തുമാർഗ്ഗം ജീവിക്കുവാനും ഒപ്പം, സമൂഹത്തെ വിദ്യാഭ്യാസത്തിലും സംസ്ക്കാരത്തിലും വളർത്തുവാനും ബഥനി സമൂഹം ബദ്ധശ്രദ്ധരാണ്. വിദ്യാഭ്യാസ മേഖലകളിലും ശുശ്രൂഷാ മേഖലകളിലും ആധ്യാത്മിക മേഖലകളിലും ഒരുപോലെ കർമ്മനിരതരാണ് ഈ സമൂഹം. സുവിശേഷോപദേശങ്ങളായ അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതങ്ങളുടെ അനുഷ്ഠാനം വഴി ക്രിസ്തുവിനെ അനുകരിക്കുകയും സമ്പൂർണ്ണമായി ദൈവത്തിനും സമസൃഷ്ടിക്കും വേണ്ടി സമർപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിക്കുവാനും ബഥനിസമൂഹം പരിശ്രമിക്കുന്നു. പൗരസ്ത്യ സന്യാസ പാരമ്പര്യത്തിലും ഭാരതീയ സന്യാസത്തിലും ഉറപ്പിക്കപ്പെട്ട ബഥനി സന്യാസ സമൂഹം ശതാബ്ദി നിറവിലായിരിക്കുമ്പോൾ, ഈ വർഷത്തെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ പുനരൈക്യ വാർഷികാഘോഷങ്ങൾ നടക്കുന്നത് ബഥനിയുടെ ആസ്ഥാനമായ കോട്ടയത്തു വച്ചാണ്.

‘നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിനക്കുള്ളതെല്ലാം ഉപേക്ഷിച്ച് എന്നെ അനുഗമിക്കുക’ എന്ന വചനത്തെ പിഞ്ചെന്ന് പ്രാർത്ഥനയിലും ധ്യാനത്തിലും സേവനത്തിലും ആയിരുന്നു കൊണ്ട് വിവിധങ്ങളായ ശുശ്രൂഷകളിലൂടെ ദൈവജനത്തെ ശുശ്രൂഷിക്കുകയും അതുവഴി ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന ബഥനി സന്യാസ സമൂഹത്തിന് ശതാബ്ദിയുടെ പ്രാർത്ഥനാശംസകൾ…

സുമ മാത്യു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.