കുഞ്ഞുങ്ങളെ മരിയഭക്തിയില്‍ വളര്‍ത്തണമെന്ന് പറയാന്‍ കാരണം

കുട്ടികളെ മരിയഭക്തിയില്‍ വളര്‍ത്തുന്നത് വളരെ നല്ലതാണ്. ഏറ്റവും പ്രധാനം, വിശുദ്ധിയില്‍ ജീവിക്കാന്‍ അത് അവര്‍ക്ക് പ്രചോദനവും കാരണവുമാകും എന്നതാണ്. അതുകൊണ്ട് പാപവഴികളിലും പ്രലോഭനങ്ങളിലും ദുഷിച്ച കൂട്ടുകെട്ടുകളിലും അവര്‍ അകപ്പെട്ടു പോവുകയില്ല. പ്രത്യേകിച്ച്, ഇന്നത്തെ തിന്മ നിറഞ്ഞ, പ്രലോഭനങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ കുട്ടികളെയും യുവജനങ്ങളെയും വഴിതെറ്റിക്കാതിരിക്കാന്‍ മരിയഭക്തി വലിയൊരു പ്രചോദനമാകും.

രണ്ടാമത്, ദൈവവിശ്വാസത്തിലും ആത്മീയാനുഷ്ഠാനങ്ങളിലും വളരാന്‍ മരിയഭക്തി കാരണമാകും എന്നതാണ്. മറിയം വഴി യേശുവിലേക്ക് എന്നൊരു ചൊല്ലു തന്നെ ഉണ്ടല്ലോ. മൂന്നാമത്, മരിയഭക്തിയില്‍ നിന്നും ഉടലെടുക്കുന്ന പ്രാര്‍ത്ഥനകള്‍ വഴി വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇടവകകള്‍ക്കും ലോകം മുഴുവനും ലഭിക്കുന്ന ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങള്‍.

പ്രലോഭനങ്ങളുടെയും പ്രലോഭകരുടെയും തിന്മകളുടെയും ആസക്തികളുടെയും ലോകത്ത് ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും യുവജനങ്ങള്‍ക്കും മരിയഭക്തി തീര്‍ച്ചയായും വലിയൊരു താങ്ങാവും. വഴിതെറ്റി പോകാതിരിക്കാനുള്ള വലിയൊരു പ്രചോദനവും ആത്മീയ ഉറവിടവുമാവും. അതുകൊണ്ട്, മാതാപിതാക്കള്‍ മരിയഭക്തിയുള്ളവര്‍ ആയിരിക്കണം. കുഞ്ഞുങ്ങളെ മരിയഭക്തിയില്‍ വളര്‍ത്തണം. ചില മരിയന്‍ ഭക്താഭ്യാസങ്ങള്‍ മക്കളെ പഠിപ്പിച്ച് അവ നിത്യവും അനുഷ്ഠിക്കുവാന്‍ അവരെ ശീലിപ്പിക്കണം. ആ ശീലവും അതുവഴി ഒരു ആത്മീയബോധ്യവും ലഭിച്ചാല്‍ അവര്‍ എവിടെയായിരുന്നാലും വഴി തെറ്റാതെ, വിശ്വാസം നഷ്ടപ്പെടാതെ, മുന്നോട്ടു പോകുവാന്‍ ഏറെ സഹായകമാകും.

മരിയഭക്തിയുടെ, ജപമാലയുടെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നിരവധി സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മറിയം ആവര്‍ത്തിച്ച ചില സന്ദേശങ്ങള്‍ ഇവയാണ്. “ലോകത്തില്‍ പാപം പെരുകുന്നു; ദൈവത്തിന്റെ കോപം ജ്വലിക്കുന്നു; ദൈവം ലോകത്തെ ശിക്ഷിക്കാന്‍ ഒരുങ്ങുന്നു; അതിനാല്‍ ദൈവകോപം ശമിപ്പിക്കാന്‍, ദൈവം ലോകത്തോട് കരുണ കാണിക്കാന്‍ ത്യാഗം ചെയ്ത് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.