ശുദ്ധീകരണസ്ഥലം ഒഴിവാക്കാന്‍ ചെയ്യേണ്ടത്

ഒരാത്മാവും മരണശേഷം ശുദ്ധീകരണസ്ഥലത്ത് പോകണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ശുദ്ധീകരണസ്ഥലം ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളും ദൈവം നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് ജീവിക്കുക എന്നതു തന്നെയാണ് പ്രഥമവും പ്രധാനവുമായ കാര്യം. ജീവിതത്തില്‍ നിന്ന് പാപങ്ങള്‍ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്തും മറ്റുള്ളവരോട് ക്ഷമിച്ചും അനുതാപ പ്രവര്‍ത്തികള്‍ ചെയ്തും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക.

നിരന്തരമായ കുമ്പസാരത്തിനും അനുദിനം ദിവ്യകാരുണ്യ സ്വീകരണത്തിനും പ്രത്യേക പ്രാധാന്യം നല്‍കുക. ശുദ്ധീകരണസ്ഥലം ഒഴിവാക്കുന്നതിനുള്ള കൃപ ലഭിക്കുന്നതിനു വേണ്ടി ദൈവത്തോട് നിരന്തരം അപേക്ഷിക്കുക. സഹനങ്ങളെ സന്തോഷത്തോടു കൂടി സ്വീകരിച്ചുകൊണ്ട് അവയെ അനുഗ്രഹമാക്കി മാറ്റുക. ഈ സഹനങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് മോചനം നേടികൊടുക്കുവാന്‍ വേണ്ടി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ചെയ്യുക.

ഈ ലോകജീവിതം വളരെ ചെറുതാണെന്നു മനസ്സിലാക്കിക്കൊണ്ട് സ്വര്‍ഗ്ഗത്തെ മാത്രം ലക്ഷ്യമാക്കി ജീവിക്കുകയെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഓരോ വിശുദ്ധ കുര്‍ബാനയിലും ശുദ്ധീകരണാത്മാക്കളെ പ്രത്യേകമായി അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുക. ആത്മാക്കളുടെ രക്ഷയ്ക്കായി നമ്മുടെ ഈ എളിയജീവിതം മാറ്റിവയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കുക. ഇത്രയൊക്കെ കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടു കൂടി ചെയ്താല്‍ ശുദ്ധീകരണസ്ഥലം ഒഴിവാക്കി പുണ്യവാന്മാരോടു ചേരാന്‍ നമ്മുടെ ആത്മാവിനും സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.