‘എല്ലാവരും സഹോദരങ്ങള്‍’ ചാക്രികലേഖനത്തിന്റെ ലഭ്യത

‘എല്ലാവരും സഹോദരങ്ങള്‍’ (Omnes Fratres, All Brothers) എന്ന ഫ്രാന്‍സിസ് പാപ്പായുടെ പുതിയ ചാക്രികലേഖനം ഒക്ടോബര്‍ 4-ാം തീയതി വിവിധ ഭാഷകളില്‍ ലഭ്യമാക്കും.

ഒക്ടോബര്‍ 3-ാം തീയതി വി. ഫ്രാന്‍സിസിന്റെ പട്ടണമായ അസ്സീസിയില്‍ വച്ച് പുതിയ ചാക്രികലേഖനം ഫ്രാന്‍സിസ് പാപ്പാ ഒപ്പുവച്ച് പ്രകാശനം ചെയ്യുമെങ്കിലും വിവിധ ഭാഷകളിലുള്ള പ്രതികളുടെ വിതരണം ഒക്ടോബര്‍ 4-നു മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി, മത്തയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു. ‘എല്ലാവരും സഹോദരങ്ങള്‍’ എന്ന് ശീര്‍ഷകവും ‘സാഹോദര്യത്തെയും സാമൂഹിക കൂട്ടായ്മയെയും കുറിച്ചുള്ള ചാക്രികലേഖനം’ എന്ന് ഉപശീര്‍ഷകവും ചെയ്തിരിക്കുന്ന ഈ പ്രമാണരേഖ വി. ഫ്രാന്‍സിസിന്റെ സ്മൃതിമണ്ഡപം കൂടിയായ അസ്സീസിയിലെ ബസിലിക്കയിലാണ് പ്രകാശനം ചെയ്യുന്നത്.

ഒക്ടോബര്‍ 3-ാം തീയതി ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് അസ്സീയിലെത്തി താഴത്തെ ബസിലിക്കിയില്‍ ദിവ്യബലി അര്‍പ്പിച്ചതിനുശേഷമാണ് പാപ്പാ ചാക്രികലേഖനത്തില്‍ കൈയ്യൊപ്പ് ചാര്‍ത്തുന്നതെന്ന് വത്തിക്കാന്റെ പ്രസ്സ് ഓഫീസ് അറിയിച്ചു. മഹാമാരിയുടെ നിയന്ത്രണപരിധിയില്‍ നിന്നുകൊണ്ട് വിശ്വാസികളുടെ കൂട്ടുചേരല്‍ ഇല്ലാത്ത ഒരു സ്വകാര്യ ആഘോഷമായിരിക്കണം ഇതെന്നാണ് പാപ്പാ ആഗ്രഹിക്കുന്നത്. പ്രകാശനകര്‍മ്മം കഴിഞ്ഞാലുടന്‍ പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങും. എന്നാല്‍ വത്തിക്കാന്‍ മാധ്യമശ്രൃംഖലകള്‍ പാപ്പായുടെ ദിവ്യബലിയും ചാക്രികലേഖനത്തിന്റെ പ്രകാശനപരിപാടികളും രാജ്യാന്തരതലത്തില്‍ തത്സമയം കണ്ണിചേര്‍ക്കുമെന്നും വത്തിക്കാന്റെ പ്രസ്താവന അറിയിച്ചു.

വി. ഫ്രാന്‍സിസിന്റെ രചനകളാണ് കാലികപ്രസക്തമായ ഈ പ്രബോധനത്തിന് പ്രചോദനമായിരിക്കുന്നത്. “നമുക്ക് സാഹോദര്യത്തില്‍ ജീവിക്കാം. തന്റെ അജഗണങ്ങളെ രക്ഷിക്കാന്‍ കുരിശിലെ ക്ലേശങ്ങളെ ആശ്ലേഷിച്ച നല്ല ഇടയനായ ക്രിസ്തുവിനെ മാതൃകയാക്കാം” എന്നിങ്ങനെയുള്ള വി. ഫ്രാന്‍സിസിന്റെ വാക്കുകള്‍, പാപ്പാ തന്റെ പ്രബോധനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഓരോ ദൈവസൃഷ്ടിയിലും സാഹോദര്യം ദര്‍ശിക്കുകയും അതിനെ കാലാതീതമായ ഒരു ഗാനമാക്കി മാറ്റുകയും ചെയ്ത വി. ഫ്രാന്‍സിസിന്റെ സ്മൃതിമണ്ഡപത്തില്‍ വച്ചുതന്നെ ഭൂമിയിലെ സഹോദരബന്ധത്തിന്റെ പുതിയ പ്രമാണം ഫ്രാന്‍സിസ് പാപാ ലോകത്തിനു സമര്‍പ്പിക്കുവാന്‍ പോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.