‘ശാന്തരാത്രി തിരുരാത്രി’ യുടെ ഇരുനൂറാം വാർഷികം ആഘോഷിച്ച് ഓസ്ട്രിയ

ക്രിസ്തുമസ് ആഘോഷങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഗാനമായ ‘ശാന്തരാത്രി തിരുരാത്രി’ യുടെ ഇരുനൂറാം വാർഷികം ആഘോഷിച്ച് ഓസ്ട്രിയ. 1818-ൽ ഓസ്ട്രിയ ടൗണിൽ ആദ്യമായി ഈ ഗാനം ആലപിച്ചതിന്റെ ഓർമ്മയാണ് ആചരിച്ചത്.

ചരിത്രം നോക്കിയാൽ യുദ്ധങ്ങളിൽ നിന്ന് കരകയറാനും ഒരു പരിധി വരെ യുദ്ധങ്ങളെ ഇല്ലാതാക്കാനും പോലും സഹായിച്ചിട്ടുള്ള ഗാനമാണിത്. 1818-ലെ ആദ്യ ക്രിസ്തുമസ് കരോളിന്റെ ഓർമ്മ പുതുക്കുന്ന തരത്തിലുള്ള ഒരു പ്രദർശനവും ഇതോടനുബന്ധിച്ച് നടത്തിയിരുന്നു.

ഒന്നാം ലോകമഹായുദ്ധം അവസാനിക്കാനുള്ള പല കാരണങ്ങളിൽ ഒന്നായി കണക്കാക്കുന്നത്, ‘ശാന്തരാത്രി’ എന്ന ഗാനം ഹിറ്റായപ്പോഴുണ്ടായ അലയൊലികളാണ്. ഓസ്ട്രിയായിലെ സാൽബർഗ് സംസ്ഥാനത്തെ ഒരു വൈദികനായ ജോസഫ് മോറാണ് ഈ ഗാനത്തിന്റെ വരികൾ തയാറാക്കിയത്. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം ഒരു സ്കൂൾ ടീച്ചറും ഒരു ഓർഗനിസ്റ്റും ചേർന്നാണ് പിന്നീട് ഇതിന് ഈണം നൽകിയത്.

1818 ഡിസംബർ 24-ന് ആദ്യമായി ‘ശാന്തരാത്രി’ പാടിയപ്പോൾ ഉപയോഗിച്ച ഗിത്താർ ഇപ്പോഴും ഓസ്ട്രിയയിലെ ‘ശാന്തരാത്രി’ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 300-ലധികം ഭാഷകളിലേക്ക് ഇതിനോടകം ഈ ഗാനം മൊഴിമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ഭാഷകൾക്കും കാലങ്ങൾക്കും അതീതമായ ഗാനം എന്നാണ് വിശ്വപ്രശസ്ത കലാകാരനായ ഡേവിഡ് ഫോസ്റ്റർ ഈ ഗാനത്തെക്കുറിച്ച് പറയുന്നത്. യുനെസ്കോ ഈ ഗാനത്തെ സാംസ്കാരികപൈതൃക ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.