ഓസ്‌ട്രേലിയയിൽ ആദിവാസി കുട്ടികളുടെ ആത്മഹത്യാനിരക്കിൽ വർദ്ധനവ്; ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്കാ സഭ

ഓസ്‌ട്രേലിയയിലെ കുട്ടികൾക്കിടയിൽ, പ്രത്യേകിച്ച് ടോറസ് ദ്വീപിലെയും ആദിവാസി സമൂഹത്തിലേയും കുട്ടികൾക്കിടയിൽ ആത്മഹത്യാനിരക്ക് കൂടിയതിൽ സഭ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. 2016 മുതൽ 2020 വരെയുള്ള കാലയളവിൽ, ടോറസ് കടലിടുക്ക് ദ്വീപിലെയും ഓസ്‌ട്രേലിയയിലെയും ആദിവാസി സമൂഹത്തിലേതുമായ അഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളുമായ പ്രധാന മരണകാരണം ആത്മഹത്യയാണെന്ന് സ്ഥിതിവിവര പട്ടികകൾക്കായുള്ള ഓസ്‌ട്രേലിയയുടെ ഓഫിസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരം തദ്ദേശീയരായ കുട്ടികളിൽ മൂന്നിലൊന്ന് കുട്ടികളുടെ മരണവും ആത്മഹത്യയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

2020 -ൽ മാത്രം ആദിവാസി സമൂഹത്തിൽപ്പെട്ട 223 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ക്യൂൻസ്ലാൻഡിലാണ് കൂടുതൽ കുട്ടികൾ ജീവനൊടുക്കിയത്. ഇവിടെ കഴിഞ്ഞ ഒരു വർഷം മാത്രം 70 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. തദ്ദേശീയരല്ലാത്ത ഓസ്‌ട്രേലിയക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ, തദ്ദേശീയരായ ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കൂടുതലാണ്.

നിലവിലെ കണക്കുകൾ പ്രകാരം, ഇരുപത്തിനാലു വയസ്സു വരെയുള്ള തദ്ദേശീയരായവരിൽ ഒരു ലക്ഷത്തിൽ 16.7 പേരും ഇരുപത്തിയഞ്ചു മുതൽ നാല്പത്തിനാലു വരെയുള്ളവരിൽ 45.7 പേരുമാണ് ആത്മഹത്യ ചെയ്യുന്നത്. ഈ നിരക്കുകൾ തദ്ദേശീയരല്ലാത്ത ഓസ്‌ട്രേലിയക്കാരെ അപേക്ഷിച്ച് 3.2 ഉം 2.8 മടങ്ങും കൂടുതലാണ്.

ഓസ്ട്രേലിയ എന്ന രാജ്യത്തിനുതന്നെ ഇതൊരു നാണക്കേടാണെന്ന് ഈ നിരക്കുകളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗം പ്രതികരിച്ചു. തദ്ദേശീയരായ ആളുകൾ, അവരുടെ പ്രശ്നങ്ങൾ തങ്ങളോട് പറയുന്നത് കൂടുതൽ ശ്രദ്ധയോടെ ശ്രവിക്കാൻ നാം തയ്യാറാകണമെന്ന് കത്തോലിക്കാ സാമൂഹ്യസേവന വിഭാഗം ചെയർമാൻ ഫാ. ഫ്രാൻസിസ് സള്ളിവൻ അഭിപ്രായപ്പെട്ടു.

തക്കസമയത്ത് ചികിത്സ ലഭിക്കാത്ത മനസികാരോഗ്യ പ്രശ്നങ്ങൾ, കുട്ടിക്കാലത്ത് നേരിടേണ്ടി വന്നിട്ടുള്ള പീഡനങ്ങൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയിൽ നിന്നുള്ള ആഘാതങ്ങൾ പോലെയുള്ള കാരണങ്ങൾ മറ്റ് ഓസ്‌ട്രേലിയൻ ജനതയെപ്പോലെ സഹിക്കുന്നതിനു പുറമെ, തങ്ങളുടെ ഭൂമിയും സംസ്കാരവും നഷ്ടപ്പെടൽ തലമുറകളുടെ വ്യത്യാസം ഉണ്ടാക്കുന്ന ആഘാതം, വംശീയത, സാമൂഹികവിവേചനം പോലെയുള്ള തിന്മകൾ ആദിവാസികളായ ആളുകൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.