വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന എട്ടു വയസുകാരി

ബ്രസീലിൽ, എട്ടാം വയസ്സിൽ മരിച്ച ഒഡെറ്റ് വിഡാൽ കാർഡോസോ എന്ന കൊച്ചുപെൺകുട്ടിയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്.

1931 ഫെബ്രുവരി 18 -ന് റിയോ ഡി ജനീറോയിൽ ആണ് ഒഡെറ്റെ ജനിച്ചത്. അവളുടെ മാതാപിതാക്കൾ പോർച്ചുഗീസുകാരായിരുന്നു. ചെറുപ്പം മുതലേ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ അവൾക്കുണ്ടായിരുന്നു. യേശുവുമായി ഒരു സ്നേഹബന്ധം കാത്തുസൂക്ഷിക്കാൻ അവൾ സദാ ആഗ്രഹിച്ചിരുന്നു. ഒഡെറ്റ് അമ്മയോടൊപ്പം എല്ലാ ദിവസവും കുർബാനക്കു പോകുകയും കുടുംബത്തോടൊപ്പം എല്ലാ രാത്രിയും ജപമാല ചൊല്ലുകയുംചെയ്തിരുന്നു.

അഞ്ചു വയസ് മുതൽ അവൾ വിശ്വാസപരിശീലന ക്ലാസിൽ പങ്കെടുക്കാൻ തുടങ്ങി. അവളുടെ പക്വമായ പെരുമാറ്റം മൂലം ആത്മീയഗുരു 1937 ആഗസ്റ്റ് 15 -ന് അവൾക്ക് ആദ്യകുർബാന സ്വീകരിക്കാൻ അനുവാദം നൽകി. അന്ന് ഒഡെറ്റിന് ആറ് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവളുടെ അമ്മ റിയോയിലെ പാവപ്പെട്ടവർക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവളും അമ്മയോടൊപ്പം പോകുമായിരുന്നു. അവൾ ദൈവത്തെക്കുറിച്ച് വളരെ സന്തോഷത്തോടെ സംസാരിച്ചു. മാത്രമല്ല, ആഴ്ചതോറും അമ്മയോടൊപ്പം ആശുപത്രികളിൽ സന്ദർശനത്തിനായി പോവുകയും അവിടെ ഉപേക്ഷിക്കപ്പെട്ട പ്രായമായ ആളുകൾ, അനാഥർ എന്നിവരെ ശുശ്രൂഷിക്കുകയും ചെയ്തു. 1939 -ൽ, വിധവയായ ഒഡെറ്റിന്റെ അമ്മ, ധനികനായ ഒരു വ്യാപാരിയെ വിവാഹം കഴിച്ചു. സ്വന്തം മകളെപ്പോലെ അദ്ദേഹം അവളെ സ്വീകരിച്ചു.

1939 ഒക്‌ടോബർ ഒന്നിന് ആ കൊച്ചുപെൺകുട്ടിക്ക് ടൈഫസ് പിടിപെട്ടു. രോഗബാധിതയായി 49 ദിവസം അവൾ വളരെയധികം സഹിച്ചു. എന്നാൽ, രോഗത്തിന്റെ വേദനകളിലും അവൾ ഒരിക്കലും പരാതിപ്പെട്ടില്ല. എല്ലാ കഷ്ടപ്പാടുകളും ശാന്തതയോടെയും ക്ഷമയോടെയും കൂടെ സഹിച്ചു.

പരിശുദ്ധ കന്യാമറിയം, വി. ജോസഫ്, ചെറുപുഷ്പം, വി. ബെർണാഡെറ്റ്, കുർബാനയുടെ രക്തസാക്ഷിയായ വി. ടാർസിയോ എന്നിവരോട് അവൾക്ക് പ്രത്യേക ഭക്തി ഉണ്ടായിരുന്നു. ഈ വിശ്വാസം അവളുടെ കഷ്ടപ്പാടുകളിലും സ്വർഗീയപിതാവിന്റെ ഭവനത്തിലേക്ക് പോകാനുള്ള ഒരുക്കത്തിലും അവളെ താങ്ങിനിർത്തി. ദിവസേന കുർബാന സ്വീകരിക്കുക എന്നതു മാത്രമായിരുന്നു അവളുടെ ആഗ്രഹം. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് അവൾക്ക് സ്ഥൈര്യലേപനവും രോഗീലേപനവും സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.