ക്യൂബയിൽ വൈദികർക്കും സമർപ്പിതർക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു

ക്യൂബയിൽ വൈദികർക്കും സമർപ്പിതർക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. ക്യൂബയിൽ പ്രഖ്യാപിച്ച സമാധാനപരമായ പ്രതിഷേധങ്ങളെ പരാജയപ്പെടുത്താൻ ക്യൂബൻ സ്വേച്ഛാധിപത്യ ഭരണകൂടം തെരുവുകളിൽ സൈനികവൽക്കരണം ആരംഭിച്ചതിനെ തുടർന്നാണിത്. നവംബർ 15, 16 തീയതികളിലായി ഈ സൈനിക ആക്രമണത്തിന് ഇരകളായത് ഒരു കത്തോലിക്കാ പുരോഹിതനും സന്യാസിനിയുമാണ്. ഇവരെ യാത്രക്കിടെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

നവംബർ 16 ചൊവ്വാഴ്‌ച, പ്രാദേശിക സമയം രാവിലെ ഒൻപതു മണിയോടെ ഒരു ചാരനിറത്തിലുള്ള കാർ തന്നെ പിന്തുടരുന്നതായി കാമഗ്യൂയി അതിരൂപതയിൽ നിന്നുള്ള വൈദികൻ ഫാ. റോളാൻഡോ മോണ്ടെസ് ഡി ഓക്കയ്ക്കു മനസിലായി.

“ഒരു കാർ തങ്ങളെ പിന്തുടരുന്നു. അപകടകരമായ സാഹചര്യത്തിലാണ് താനുള്ളത്” എന്ന് വൈദികൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. അതിനാൽ അദ്ദേഹം അവിടെ നിന്നും മാറിനിൽക്കുകയും ഏകദേശം ഒരു മണിക്കൂറിനു ശേഷം തന്റെ ഇടവകയിലെ വസതിയിലേക്ക് സുരക്ഷിതനായി തിരികെയെത്തുകയുമായിരുന്നു.

വൈദികർക്കെതിരായ പീഡനത്തിനു പുറമേ, ക്യൂബയിലെ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനിക്കും സമാനമായ അനുഭവമുണ്ടായി. സി. നാഡീസ്‌ക അൽമേഡ മിഗുവൽ നവംബർ 15 -ന് വൈകുന്നേരം 5.30 -ഓടെ തെരുവിലൂടെ നടക്കുമ്പോൾ 13 പേരടങ്ങുന്ന സംഘം തന്നെ സമീപിച്ച് ഉപദ്രവിച്ചതായി വെളിപ്പെടുത്തി.

ഒരു സംഘം ആളുകൾ ആർപ്പുവിളികളും വിസിലുകളും കൊണ്ട് സിസ്റ്ററിനെ സമീപിക്കുകയും ‘പുറത്തിറങ്ങുവാൻ നിങ്ങൾക്ക് അനുവാദമില്ല’ എന്ന് താക്കീത് ചെയ്യുകയും ചെയ്തു. നിങ്ങൾ ആരാണ് എന്ന് ചോദിച്ചപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ, അവർ ‘കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ക്യൂബ’യുടെ പ്രതിനിധിയാണ് എന്നറിയിച്ചു. സിസ്റ്ററിനെ പുറത്ത് പോകാൻ അനുവദിക്കില്ല എന്ന് ഒരിക്കൽ കൂടി പറയുകയും ചെയ്തു.

ശാന്തമായി സിസ്റ്റർ അവരോട് പറഞ്ഞു. “ക്ഷമിക്കണം, എനിക്ക് ഇത് അചിന്തനീയമാണ്. എനിക്ക് എന്റെ രാജ്യത്ത്, എന്റെ ചുറ്റുപാടിൽ നടക്കാൻ കഴിയാത്തത് അവിശ്വസനീയമാണ്. പക്ഷേ എനിക്ക് പുറത്തേക്ക് പോകണം.” സിസ്റ്ററിന്റെ വാക്കുകൾ ദൃഢമായിരുന്നു. അവസാനം അവർ സിസ്റ്ററിന് പുറത്തു പോകാൻ അനുവാദം കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.