ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചു: മധ്യപ്രദേശിൽ ക്രിസ്ത്യാനികൾക്കു നേരെ ആക്രമണം

മധ്യപ്രദേശിൽ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച പതിനൊന്നോളം പെന്തക്കോസ്ത് സഭാവിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികൾക്കു നേരെ ആക്രമണം. ഗ്രാമത്തലവന്റെ നേതൃത്വത്തിൽ എത്തിയ 250 -ഓളം വരുന്ന ആൾക്കൂട്ടമാണ് അക്രമം നടത്തിയത്. ഒരു പ്രാർത്ഥനായോഗത്തിനിടെ ഹിന്ദുദേശീയവാദികൾ അതിക്രമിച്ചു കയറി, പാസ്റ്റർ മതപരിവർത്തന പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് ആരോപിക്കുകയും ആക്രമിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ അദ്‌നാധി ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തലവന്റെ നേതൃത്വത്തിൽ 250 -ഓളം ആളുകൾ ക്രിസ്ത്യാനികളുടെ പ്രാർത്ഥനാസംഘത്തെ ആക്രമിക്കുകയായിരുന്നു. അവർ യേശുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടത്. നാല് പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ഗ്രാമത്തലവന്റെ നേതൃത്വത്തിൽ ക്രിസ്ത്യാനികളെ വിളിച്ചുവരുത്തി അവർക്കെതിരായി ആളുകൾ സംഘടിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം അവർക്ക് രണ്ട് നിർദ്ദേശം നൽകി – ഒന്നുകിൽ യേശുവിനെ ഉപേക്ഷിക്കുക, അല്ലെങ്കിൽ ഗ്രാമം വിടുക. തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച ക്രിസ്ത്യാനികളെ അവർ കല്ലെറിഞ്ഞു. പരാതികളുണ്ടായിട്ടും പോലീസ് അക്രമികൾക്കെതിരെ നടപടിയെടുത്തില്ല.

“അദ്നാദി ഗ്രാമത്തിൽ 20 വർഷം മുമ്പ് ക്രിസ്തുവിശ്വാസം സ്വീകരിച്ച 15 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഞങ്ങളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ലജ്ജാകരവും അപമാനകരവും ക്രിസ്ത്യാനികൾക്കെതിരായി നടക്കുന്ന മനുഷ്യാവകാശലംഘനവുമാണ്” – ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസിന്റെ പ്രസിഡന്റ് സാജൻ കെ. ജോർജ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.