ഛത്തീസ്ഗഡിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നു

ഛത്തീസ്ഗഡിൽ ഒരാഴ്ചയ്ക്കുള്ളിൽ ക്രിസ്ത്യാനികൾക്കെതിരെ ആറ് ആക്രമണങ്ങൾ. എന്നാൽ, ഒരെണ്ണത്തിനും പോലീസ് കേസെടുത്തില്ല. ആഗസ്റ്റ് 29 -ന് കബീർധാം ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ഏറ്റവും പുതിയ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഒരു പ്രാർത്ഥനാശുശ്രൂഷക്കിടെ നൂറിലധികം പേർ ഒരു പാസ്റ്ററെ വീട്ടിൽ കയറി ആക്രമിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് മോഹിത് ഗാർഗ് പറഞ്ഞു. പാസ്റ്റർ കവാൽസിങ് പാരസ്റ്റെയുടെ കുടുംബാംഗങ്ങളെ ആൾക്കൂട്ടം മർദ്ദിക്കുകയും വീട് നശിപ്പിക്കുകയും ചെയ്തു. വിശുദ്ധ ഗ്രന്ഥവും ആരാധനാവസ്തുക്കളും വീട്ടുപകരണങ്ങൾക്കും നശിപ്പിച്ചു.

പോൾമി ഗ്രാമത്തിൽ രാവിലെ 11 മണിയോടെ ഞായറാഴ്ച പ്രാർത്ഥന നടക്കുമ്പോഴായിരുന്നു സംഭവം. “കഴിഞ്ഞയാഴ്ച ക്രിസ്ത്യൻ സഹോദരങ്ങൾക്കു നേരെയുണ്ടായ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു. എന്നാൽ ഇത് പുതിയ കാര്യമല്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള 200 -ലധികം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്” – ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് അരുൺ പന്നലാൽ പറഞ്ഞു.

കൂടുതൽ ഖേദകരമായ വസ്തുത, ഓരോ തവണയും സർക്കാർ ഇത്തരം സംഭവങ്ങൾ ലഘൂകരിക്കാനും ആക്രമണകാരികളും ആക്രമണത്തിന് ഇരകളായവരും തമ്മിൽ ഒത്തുതീർപ്പിനും ശ്രമിക്കുന്നു എന്നതാണ്. അവരിൽ കുറച്ചുപേരെ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കും. എന്നാൽ പ്രാഥമിക വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യില്ല. പോലീസ് നിഷ്ക്രിയത്വവും സർക്കാരിന്റെ പരാജയങ്ങളും സംസ്ഥാനത്തെ ക്രിസ്ത്യാനികളെ അരക്ഷിതാവസ്ഥയിലാക്കുകയും സാമൂഹികസൗഹാർദ്ദം തകർക്കുകയും ചെയ്തു” – അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യമായ എല്ലാ തെളിവുകളുമായും നീതിക്കു വേണ്ടി സുപ്രീം കോടതിയെ സമീപിക്കുവാനാണ് ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറത്തിന്റെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.