“എന്റെ മുഖം അവരെ അസ്വസ്ഥപ്പെടുത്തി” -ജോലിയിൽ നിന്ന് പിരിച്ചുവിട്ട ആസിഡ് ആക്രമണത്തിന്റെ ഇര മോഡൽ ആയപ്പോൾ

അൻമോൽ റോഡ്രിഗസ് എന്ന 26 -കാരി പെൺകുട്ടി ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു മോഡലാണ്. രണ്ടു മാസം മാത്രം പ്രായമുള്ളപ്പോൾ ആസിഡ് ആക്രമണത്തിന്റെ ഇരയായി മാറിയ ആ പെൺകുട്ടിയുടെ ഇന്നുള്ള ഈ പേരിനും പ്രശസ്തിയ്ക്കും പിന്നിൽ ആസിഡിനെക്കാൾ പൊള്ളിക്കുന്ന സഹനത്തിന്റെയും അപമാനത്തിന്റെയും കഥയുണ്ട്.

അൻമോലിന്റെ ജീവിത യാത്ര അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. ആദ്യമായി ജോലി ലഭിച്ച് രണ്ടു മാസത്തിനുള്ളിൽ തന്നെ അവൾക്ക് തന്റെ ജോലി നഷ്ടമായി. കാരണം പോലും പറയാതെയായിരുന്നു അവളെ അധികാരികൾ പറഞ്ഞുവിട്ടത്. കുറച്ചു ദിവസങ്ങൾക്കു ശേഷം അൻമോൽ തന്റെ അധികാരികളോട് അങ്ങോട്ട് ചോദിച്ചു, “എന്ത് കാരണത്താലാണ് തന്നെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്.” അതിനു അവൾക്ക് ലഭിച്ച മറുപടി ഹൃദയം പൊള്ളിക്കുന്നതായിരുന്നു. “തന്റെ മുഖത്തിന്റെ വൈരൂപ്യം സഹപ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു”.

അന്ന് മുതൽ ഈ പെൺകുട്ടി തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്ന് മനസ്സിലാക്കി. ഒരു ‘ഇര’ എന്ന അവസ്ഥയിൽ നിന്ന് ‘സ്വതന്ത്രയായ ഒരു സ്ത്രീ’ ആയി മാറുവാൻ അവൾ കഠിനാധ്വാനം ചെയ്തു. ആസിഡ് ആക്രമണത്തിന് അവളുടെ ജനനത്തോളം തന്നെ പഴക്കമുണ്ട്. ഒരു ആൺകുട്ടിയുടെ ജനനം പ്രതീക്ഷിച്ചിരുന്ന കുടുംബത്തിൽ അൻമോൽ എന്ന പെൺകുട്ടിയുടെ ജനനം അവളുടെ പിതാവിനെ കോപാകുലനാക്കി. ജനിച്ചു രണ്ടുമാസം പ്രായമുള്ളപ്പോൾ അമ്മയുടെ മുലപ്പാൽ കുടിക്കുന്ന സമയം അൻമോലിന്റെയും അവളുടെ അമ്മയുടെയും നേരെ അച്ഛൻ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അമ്മ രണ്ടാഴ്ചയോളം ജീവനുവേണ്ടിയുള്ള പോരാട്ടം നടത്തിയെങ്കിലും ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഒരു കണ്ണ് നഷ്ടപ്പെട്ട് മുഖം വികൃതമാക്കപ്പെട്ട് ജീവൻ മാത്രമായി അവശേഷിപ്പിക്കപ്പെട്ട അൻമോൽ അഞ്ചുവർഷം മുഴുവനായും ആശുപത്രിയിലായിരുന്നു. ആരും ഏറ്റെടുക്കാനില്ലാതെ വന്ന ഈ കൊച്ചു പെൺകുട്ടിയെ ഒരു അനാഥാലയം ഏറ്റെടുത്തു. അവർ അവളെ മികച്ച വിദ്യാഭ്യാസം നേടിയെടുക്കുവാൻ സഹായിച്ചു. യാതൊരു തരത്തിലുമുള്ള വിവേചനം അവൾക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തി. ” ഓർഫനേജ് എനിക്കെന്നും നല്ല ഓർമ്മകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. എനിക്ക് നാല് കൂട്ടുകാരികൾ ഉണ്ടായിരുന്നു. ആ നാലുപേരും അവരിൽ നിന്ന് യാതൊരു വ്യത്യാസവും എന്നോട് കാണിച്ചിരുന്നില്ല,” അൻമോൽ പറയുന്നു. എന്നാൽ കാര്യങ്ങൾ വ്യത്യസ്തമായത് അവൾ കോളേജിൽ എത്തിയപ്പോഴാണ്. “എന്റെ രൂപം കാരണം ഞാൻ വിവേചനത്തിന്റെയും പരിഹാസത്തിന്റെയും ഇരയായിത്തീർന്നു. വിഷാദത്തിനടിപ്പെട്ട അൻമോലിനെ തന്റെ ദുരവസ്ഥയിൽ നിന്ന് തരണം ചെയ്യാൻ ഒരു അധ്യാപകൻ സഹായിച്ചു.

“വെളിച്ചം കാണാൻ എന്റെ അധ്യാപകൻ എന്നെ ശരിക്കും സഹായിച്ചു. എന്നിലും എന്റെ ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം എന്നെ പഠിപ്പിച്ചു,”അൻമോൽ വെളിപ്പെടുത്തി. എങ്കിലും ജോലി നഷ്ടപ്പെട്ടപ്പോൾ ആണ് ജീവിതം പോരാടി ജയിക്കേണ്ടത് തന്നെയാണെന്ന് അവൾക്ക് മനസ്സിലായത്. ജനിച്ചു രണ്ടുമാസം മുതൽ തുടങ്ങിയ ആ പോരാട്ടത്തിൽ അൻമോൽ വിജയിച്ചില്ലെങ്കിൽ മറ്റാരാണ് വിജയിക്കുക! സമൂഹ മാധ്യമങ്ങളിൽ ‘ആസിഡ് ആക്രമണത്തിന്റെ ഇര’ എന്നപേരിൽ അൻമോൽ തന്റെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ ആരംഭിച്ചു. ചിത്രങ്ങൾ കാണുമ്പോൾ ആളുകൾ തന്നെ കളിയാക്കും ട്രോളുകൾ നിർമ്മിക്കും എന്നൊക്കെയായിരുന്നു അൻമോലിന്റെ സുഹൃത്തുക്കൾ വിചാരിച്ചത്. എന്നാൽ സമൂഹ മാധ്യമങ്ങൾ ഈ പെൺകുട്ടിയുടെ ജീവിതകഥ ഏറ്റെടുത്തു. അവളുടെ സഹനങ്ങൾ അവളുടെ മുഖത്തുള്ളതിനാൽ നിറഞ്ഞ മനസ്സോടെയാണ് അവളെ ജനങ്ങൾ ഏറ്റെടുത്തത്. നിരവധി ബ്രാൻഡുകൾ തങ്ങളുടെ ഉത്പന്നങ്ങളുടെ പരസ്യത്തിനായി മോഡലായി അവളെ ക്ഷണിച്ചു. നിരവധി ആളുകൾ അവളുടെ ജീവിതത്തെയും പോരാട്ടത്തെയും തങ്ങളുടെ ജീവിതത്തിനു ഭാവാത്മകതയുടെ നിറം ചേർക്കാനുള്ള അപൂർവ്വ മരുന്നായി കൂട്ടിച്ചേർത്തു. തന്നെപ്പോലെ ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി മാറി സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു പോയ അനേകം പേർക്ക് ആത്മ വിശ്വാസത്തിന്റെ അടിത്തറയാകുവാൻ അൻമോലിനു ഇന്ന് കഴിയുന്നുണ്ട്. ഇന്നവൾ അറിയപ്പെടുന്ന മോഡലും മോട്ടിവേഷ്ണൽ സ്പീക്കറും ഒക്കെയായായിത്തീർന്നിട്ടുണ്ടെങ്കിൽ തീർച്ചയായും അവളുടെ ജീവിതത്തിൽ അസിഡിനെക്കാൾ വീര്യംകൂടിയ ആത്മ വിശ്വാസവും പ്രാർത്ഥനയും കൈമുതലായിട്ടുണ്ട്.

അൻമോൽ ഒരു പ്രതീകമാണ്. ജീവിതത്തിൽ യാതൊരു വിധ സാധ്യതകളും ഇല്ലെന്നു ചിന്തിച്ചു ഉൾവലിയുന്നവർക്ക് ഈ പെൺകുട്ടി തന്റെ ജീവിതത്തിലൂടെ പ്രതീക്ഷ നൽകുന്നു.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.