സ്കോട്ലൻഡിൽ കത്തീഡ്രലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വൈദികനു നേരെ ആക്രമണം

സ്കോട്ലൻഡിലെ എഡിൻബർഗിൽ സെന്റ് മേരീസ് കത്തീഡ്രലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വൈദികനെ ചില്ലുകുപ്പി കൊണ്ട് അജ്ഞാതൻ ആക്രമിച്ചു. കത്തീഡ്രലിലെ ബെഞ്ചിൽ ഇരുന്നു പ്രാർത്ഥിക്കുകയായിരുന്ന വൈദികന്റെ അടുക്കൽ അക്രമി എത്തുകയും വൈദികനാണോ എന്ന് ചോദിച്ചു ഉറപ്പുവരുത്തിയ ശേഷം ആക്രമിക്കുകയുമായിരുന്നു.

പ്രാർത്ഥിച്ചുകൊണ്ടിരുന്ന വൈദികനോട് ‘നിങ്ങൾ ഒരു പുരോഹിതനാണോ’ എന്ന് ആക്രമി ചോദിച്ചു. ‘അതെ’ എന്ന് മറുപടി പറഞ്ഞ അദ്ദേഹത്തിന്റെ തലയിൽ അക്രമിയുടെ കൈയ്യിലുണ്ടായിരുന്ന ചില്ലുകുപ്പി കൊണ്ട് മർദ്ദിക്കാൻ ശ്രമിച്ചെങ്കിലും വൈദികൻ ഒഴിഞ്ഞുമാറി രക്ഷപെട്ടു. കുപ്പി നിലത്തുവീണു പൊട്ടിയെങ്കിലും അക്രമി പുരോഹിതനെ ഉപദ്രവിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അക്രമി ഓടി രക്ഷപെട്ടു. പുരോഹിതന് പരിക്കൊന്നുമില്ലെന്നും ചികിത്സ ആവശ്യമില്ലെന്നും സ്കോട്ലൻഡ് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയെന്നും പോലീസ് പറഞ്ഞു.

സ്കോട്ലൻഡിൽ വൈദികർക്കും കത്തോലിക്കാ വിശ്വാസികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2019-20 -ൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 24 ശതമാനം വർദ്ധനവാണ് കത്തോലിക്കർക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഉണ്ടായിരിക്കുന്നത്. സ്കോട്ട്ലൻഡിൽ കത്തോലിക്കാ വിശ്വാസികൾ ന്യൂനപക്ഷമാണ്. ആകെ ജനസംഖ്യയുടെ 16% മാത്രമാണ് ഇവിടെ ക്രൈസ്തവരായിട്ടുള്ളത്.

കത്തോലിക്കാ പുരോഹിതർക്കെതിരായുള്ള ആക്രമണം, ദൈവാലയങ്ങൾക്കെതിരായ ആക്രമണം, പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപങ്ങളും ചിത്രങ്ങളും നശിപ്പിക്കുക, പ്രോലൈഫ് കൗൺസിലിംഗ് കേന്ദ്രങ്ങൾ നശിപ്പിക്കുക തുടങ്ങിയവയാണ് ഇവിടെ നടക്കുന്ന പ്രധാന അക്രമപ്രവർത്തനങ്ങൾ.

നവംബർ ഒന്ന് മുതൽ 12 വരെ നടക്കുന്ന ഐക്യരാഷ്‌ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ സ്കോട്ലൻഡിലെ ഏറ്റവും വലിയ നഗരമായ ഗ്ലാസ്സ്‌കോയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും എന്ന പ്രത്യേകതയും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.