കവർച്ചാശ്രമത്തിനിടെ സന്യാസിനിക്കു നേരെ ആക്രമണം

ബംഗ്ലാദേശിൽ കവർച്ചാശ്രമത്തിനിടെ സന്യാസിനിക്കു നേരെ ആക്രമണം. സിസ്റ്റേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി എന്ന കോൺഗ്രിഗേഷനിലെ സി. സ്‌കോളാസ്റ്റിക്ക ജോപോമല ഗോമസിനു നേരെയാണ് ആക്രമണം. രാജ്‌ഷാഹി രൂപതയിലെ നാറ്റോറിലാണ് സംഭവം.

കോൺവെന്റിൽ നിന്ന് ആറ് കിലോമീറ്റർ അകലെ ബോൺപാറയിലെ സെന്റ് ജോസഫ്സ് കോളേജിൽ പഠിപ്പിക്കുന്ന സിസ്റ്റർ സ്കോളാസ്റ്റിക, റിക്ഷയിൽ നിന്നിറങ്ങി തെരുവിലൂടെ നടന്നുപോകുമ്പോൾ ഒരാൾ പേഴ്സ് മോഷ്ടിക്കാൻ ശ്രമിച്ചു. അതിനെ തടയുന്നതിനിടെ മോഷ്ടാവ് സിസ്റ്ററിന്റെ മുഖത്തിനു നേരെ ഇടിക്കുകയായിരുന്നു. സെൽഫോൺ, വാച്ച്, കുറച്ചു പണം എന്നിവ നഷ്ടമായി.

കന്യാസ്ത്രീയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായി ഭബാനിപൂരിലെ ഇടവക വൈദികൻ ഫാ.ജോസഫ് മിസ്ട്രി പറയുന്നു. ലോക്കൽ പോലീസിൽ അറിയിച്ച ശേഷം വിദഗ്ധചികിത്സക്കായി സിസ്റ്ററിനെ ധാക്കയിലെ ആശുപത്രിയിലേക്കു മാറ്റി.

“ഈ സംഭവത്തിൽ ഖേദിക്കുന്നു. നീതി ഉറപ്പാക്കാൻ അക്രമിയെ എത്രയും വേഗം പിടികൂടണം” – രാജ്‌ഷാഹി രൂപതയുടെ ബിഷപ്പ് ഗെർവാസ് റൊസാരിയോ പറഞ്ഞു.

ബംഗ്ലാദേശിൽ ക്രിസ്ത്യാനികൾക്കും മിഷനറിമാർക്കുമെതിരെ നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.