ഫ്രാൻസിൽ മരിയൻ പ്രദക്ഷിണത്തിനു നേരെ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണം

ഡിസംബർ എട്ടിന് ഫ്രാൻസിൽ നടന്ന മരിയൻ പ്രദക്ഷിണത്തിനു നേരെ  ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണം. ഈ സംഭവത്തെ ഫ്രാൻസിന്റെ ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമനിൻ ശക്തമായി അപലപിച്ചു.

ഡിസംബർ 8 -ന്, അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം നാൻറേയിലാണ്  പ്രദക്ഷിണം നടന്നത്. സെന്റ്-ജോസഫ്-ഡെസ്-ഫോണ്ടനെല്ലെസ് ചാപ്പലിൽ നിന്നും സെന്റ് മേരി-ഡെസ്-ഫോണ്ടനെല്ലെസ് ഇടവകയിലേക്കു നടന്ന പ്രദക്ഷിണത്തിലായിരുന്നു ആക്രമണം. പ്രദക്ഷിണം തുടങ്ങി കുറച്ചുസമയത്തിനു ശേഷം ഒരു കൂട്ടം അപരിചിതർ വാക്കാൽ ആക്രമിക്കുകയായിരുന്നുവെന്ന് സെന്റ് മേരി-ഡെസ്-ഫോണ്ടനെല്ലെസിലെ  ഡീക്കൻ ഇയാൻ മാർക് സെർറ്റില്ലന്ജ് പറഞ്ഞു.

‘കാഫിർ’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചതെന്നും കഴുത്ത് മുറിക്കുമെന്നുമൊക്കെ അക്രമികൾ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീഷണിയുടെ ഒടുവിൽ വിശ്വാസികളുടെമേൽ അക്രമികൾ വെള്ളം തളിച്ചു. പോലീസ് എത്തിയപ്പോഴേക്കും ഇസ്ളാമിക അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

നാൻറേയിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഫാമിലി ക്രെറ്റിയെൻ റിപ്പോർട്ട് ചെയ്യുന്നത്, കഴിഞ്ഞ മെയ് മാസത്തിൽ സമാനമായ സംഭവം ഇവിടെ നടന്നിരുന്നു എന്നതാണ്.

ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോ-ഓപ്പറേഷൻ ഇൻ യൂറോപ്പ് (OSCE) – കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഫ്രാൻസിൽ ക്രൈസ്തവർക്കെതിരെ 159 വിദ്വേഷ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തു. 2020 -ൽ ഭൂഖണ്ഡത്തിലുടനീളം ക്രൈസ്തവർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണവും കുത്തനെ ഉയർന്നതായതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

“അസ്വീകാര്യമായ പ്രവൃത്തികൾ” എന്നു വിശേഷിപ്പിച്ചാണ് മന്ത്രി ജെറാൾഡ് ഡാർമനിൻ ഈ സംഭവത്തിൽ തന്റെ ഖേദം പ്രകടിപ്പിച്ചത്. നമ്മുടെ രാജ്യത്ത് എല്ലാ രീതിയിലും മതസ്വാതന്ത്ര്യം പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ഒപ്പം ഫ്രാൻസിലെ കത്തോലിക്കർക്ക് തന്റെ എല്ലാ പിന്തുണയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.