പാക്കിസ്ഥാനിൽ ക്രിസ്ത്യൻ കുടുംബത്തിനു നേരെ മർദ്ദനം

പാക്കിസ്ഥാനിലെ ഫൈസലാബാദിനടുത്തുള്ള സുമന്ദൂരി ദജ്കോട്ട് ഗ്രാമത്തിൽ, ഒരു ക്രിസ്ത്യൻ കുടുംബം അവരുടെ അവകാശങ്ങൾ സംരക്ഷിച്ചതിന്റെ പേരിൽ മർദ്ദിക്കപ്പെട്ടു. ഇരുപതോളം ആളുകൾ ചേർന്ന് വീൽചെയറിൽ ഇരുന്ന ഒരു കൂട്ടിയോടു പോലും അപമര്യാദയായി പെരുമാറി. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അടിച്ചു. അവർ സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും പോലീസിൽ നൽകിയ പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.

ക്രിസ്ത്യൻ പെൺകുട്ടിയായ സോണിയ, പനി ബാധിച്ച് കുറച്ചു ദിവസത്തെ അവധിക്കു ശേഷം സ്കൂളിൽ തിരിച്ചെത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അവൾ സ്‌കൂളിൽ പ്രവേശിച്ചയുടനെ മറ്റ് കുട്ടികൾ മോശം വാക്കുകൾ വിളിച്ച് അപമാനിക്കുകയും കളിയാക്കുകയും ചെയ്തു. പിന്നീട് അവളെ സ്കൂളിൽ നിന്ന് പുറത്താക്കുകയായിരുന്നു. പെൺകുട്ടി ഇസ്ലാം മതവിശ്വാസിയായ തന്റെ അദ്ധ്യാപകനോട് പരാതിപ്പെട്ടു. എന്നാൽ, അദ്ദേഹം പെൺകുട്ടിയുടെ പരാതി ഗൗരവമായി എടുക്കാതെ തള്ളിക്കളഞ്ഞു. മാത്രമല്ല, സ്‌കൂളിൽ വരാത്തതിന് പെൺകുട്ടിയെ അടിക്കുകയും ചെയ്‌തു. പെൺകുട്ടിയുടെ വിരൽ ഒടിയുന്ന തരത്തിൽ ക്രൂരമായി അദ്ദേഹം അവളെ ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു. തന്നെയുമല്ല, പെൺകുട്ടിയുടെ അമ്മയോടും അദ്ധ്യാപകൻ അക്രമാസക്തമായി പ്രതികരിച്ചു. തുടർന്ന്, ഏതാനും മണിക്കൂറുകൾക്കു ശേഷം അവളുടെ കുടുബത്തിന്റെ നേരെ ആക്രമണം നടത്തുകയായിരുന്നു.

“അവർ മർദ്ദിക്കപ്പെടുമ്പോൾ ഞങ്ങളെ ‘വൃത്തികെട്ട ക്രിസ്ത്യാനികൾ’ എന്നു വിളിച്ച് ആക്ഷേപിക്കുന്നുണ്ടായിരുന്നു. അക്രമികളുടെ പേരുവരങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് ഞാൻ പോലീസിൽ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ ആരെയും ഇന്നുവരെ അറസ്റ്റ് ചെയ്തിട്ടില്ല” – സോണിയയുടെ പിതാവ് ഷക്കീൽ മസിഹ് പറഞ്ഞു.

ഫൈസലാബാദിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകനും ന്യൂനപക്ഷ ഗ്രൂപ്പിന്റെ കോർഡിനേറ്ററുമായ മൻസൂർ ആന്റണി, ഈ കുടുംബത്തിന് നീതിയും സംരക്ഷണവും നൽകണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. “ഞങ്ങൾ ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണ് ഇവിടെ ജീവിക്കുന്നത്. സമാധാനത്തോടെ ജീവിക്കാൻ പാക്കിസ്ഥാനിൽ ഞങ്ങൾക്കുള്ള അവകാശങ്ങൾ പൂർണ്ണമായും അംഗീകരിക്കേണ്ടതുണ്ട്” – പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അദ്ദേഹം അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.