വിശന്നു മരിക്കാമായിരുന്ന യുവതിയെ രക്ഷിച്ച ജോൺ പോൾ രണ്ടാമൻ പാപ്പാ

ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധൻ എന്ന് അറിയപ്പെട്ടിരുന്ന വ്യക്‌തിയാണ് ജോൺ പോൾ രണ്ടാമൻ പാപ്പാ. അത്രയ്ക്ക് വിശുദ്ധവും സ്നേഹസമ്പന്നവുമായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. അദ്ദേഹം വൈദിക വൃത്തിയിലേയ്ക്ക് തിരിയുന്നതിനു മുൻപ് വിശപ്പും തണുപ്പും ഏറ്റ് മരിക്കാമായിരുന്ന ഒരു യുവതിയെ രക്ഷിക്കാൻ സന്മനസ് കാണിച്ചിരുന്നു. കരോൾ ജോസഫ് വോയ്റ്റീവ എന്ന ആ ചെറുപ്പക്കാരന്റെ, പിന്നീട് മാർപാപ്പയായ വി. ജോൺ പോൾ രണ്ടാമന്റെ ജീവിതത്തിലെ ഒരു സംഭവം വായിക്കാം…

1945 ജനുവരിയിലായിരുന്നു ആ സംഭവം നടക്കുന്നത്. ജർമൻകാരുടെ നാസികളോടുള്ള വിധ്വേഷവും തുടർന്ന് നടന്ന, മനുഷ്യക്കുരുതിയും ലോകചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണല്ലോ. ഇവിടെ ഇഡിത്ത് എന്ന പെൺകുട്ടിയെയും അവളുടെ കുടുംബത്തെയും വിവിധ സ്ഥലങ്ങളിലാക്കിയതും നഷ്ടങ്ങളുടെ പാതയിലേക്കു കൊണ്ടുവന്നതും ഇതേ വംശീയ വിദ്വേഷം തന്നെ. അന്ന് കോൺസ്ട്രേഷൻ ക്യാമ്പുകളിലേക്ക് അയക്കപ്പെട്ടവരിൽ ഉണ്ടായിരുന്ന ഇഡിത്ത് സിയറർനു 1945 ൽ ജർമ്മൻ തൊഴിലാളി ക്യാമ്പിൽ നിന്നും പുറത്തിറങ്ങുമ്പോൾ പതിമൂന്നു വയസുതികഞ്ഞതേ ഉള്ളു. ഇഡിത്ത് സിയറർനു ഒന്നുമാത്രം അറിയാമായിരുന്നുള്ളു. തന്റെ മാതാപിതാക്കളും കുടുംബക്കാരും ജർമൻ ആളുകളാൽ കൊല്ലപ്പെട്ടു. എന്ത് ചെയ്യണം എന്നറിയില്ല. ഒരു അഭയ കേന്ദ്രവും ഇല്ല. ഒപ്പം ലേബർ ക്യാമ്പിലെ ജീവിതം അവളുടെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. എങ്കിലും അവൾ വേച്ച് വേച്ച് നടന്നു.

അടുത്ത ട്രെയിൻ സ്റ്റേഷനാണ് ലക്ഷ്യം. തന്റെ പ്രിയപ്പെട്ടവരിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരെ കണ്ടെത്തണം. ലക്ഷ്യം അത് മാത്രം. പക്ഷേ സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് അവൾ വിശപ്പിന്റെയും തണുപ്പിന്റെയും ആധിക്യത്താൽ വീണുപോയി. എഴുന്നേൽക്കാൻ പോലും കഴിയാതെ അവൾ ആ നിലത്ത് കിടന്നു. പലരും അവളുടെ സമീപത്തുകൂടി നടന്നു പോയി. ആരും അവളെ ശ്രദ്ധിച്ചില്ല. എന്നാൽ ഒരു യുവാവ് ഓടി വന്നു. ആ ചെറുപ്പക്കാരൻ അവളെ എഴുന്നേൽക്കാൻ പ്രേരിപ്പിച്ചു എങ്കിലും അവൾക്കു കഴിഞ്ഞില്ല. അദ്ദേഹം ഓടിപ്പോയി ഒരു കപ്പ് ചൂട് ചായയും ബ്രെഡും അവൾക്കു വാങ്ങി നൽകി. ശേഷം തന്റെ കോട്ട് കൊണ്ട് അവളെ പുതപ്പിച്ചു. മൂന്നു കിലോമീറ്ററുകൾ അപ്പുറത്തുള്ള സ്റ്റേഷനിലേയ്ക്ക് എടുത്തുകൊണ്ട് നടന്നു.

കരോൾ വോയ്റ്റീവ ഇഡിത്തിനെ ക്രോക്കോവിലേക്കുള്ള ട്രെയിനിൽ കയറ്റി. അന്ന് കരോൾ വോയ്റ്റീവ ഇഡിത്തിനെ എഡിറ്റ എന്നാണ് വിളിച്ചത്. ഇഡിത്തിന്റെ പോളിഷ് പതിപ്പാണ് അത്. ആ പേര് അവൾ തന്റെ ഓർമയിൽ സൂക്ഷിച്ചു. പിന്നീട് അവൾ തന്റെ ജീവിതത്തിലേയ്ക്ക് കടന്നു. എങ്കിലും ആ സെമിനാരിക്കാരന്റെ വിവരങ്ങളും മറ്റും അവൾ അറിയുന്നുണ്ടായിരുന്നു. ഇതിനിടയിൽ അവൾ വിവാഹം കഴിക്കുകയും മക്കളും കൊച്ചുമക്കളും ഒക്കെയായി സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയും ചെയ്തു. പിന്നീട് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി കരോൾ വോയ്റ്റീവ എന്ന ജോൺ പോൾ രണ്ടാമൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവൾ അത്യധികം സന്തോഷിച്ചു. അവൾ അദ്ദേഹത്തിന് ഒരു കത്തെഴുതി. കത്ത് വായിച്ചശേഷം പാപ്പാ ഈഡിത്തിനെ വത്തിക്കാനിലേയ്ക്ക് ക്ഷണം നൽകികൊണ്ട് മറുപടിയും അയച്ചു. അങ്ങനെ 1998 – ൽ അവർ വീണ്ടും കണ്ടുമുട്ടി.

അന്ന് ഈഡിത്തിനെ കണ്ട അവസരത്തിൽ അദ്ദേഹം പറഞ്ഞു “കുട്ടി ഇപ്പോൾ ഞാൻ ഒരു വൃദ്ധനാണ്, സംസാരിച്ചോളൂ.” കുറച്ചു നേരത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പായുടെ ആശീർവാദം സ്വീകരിച്ചു മടങ്ങുമ്പോൾ ഇഡിത്തിന്റെ മനസിൽ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു. ഇടയ്ക്കു വീണ്ടും അവർ കത്തെഴുതുകയും മറുപടി നൽകുകയും ചെയ്തിരുന്നു. 2014 – ഇഡിത്ത് സിയറർ മരണമടഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.