അന്ന് പാപ്പാ അവര്‍ക്ക് സഹായം നല്‍കി, ഇന്ന് അവര്‍ പാപ്പായ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളുമായി ആശുപത്രി മുറ്റത്ത്

റോമിലെ ജെമേല്ലി ആശുപത്രിയില്‍ ചികിത്സ തുടരുന്ന ഫ്രാന്‍സിസ് പാപ്പായ്ക്ക് പ്രാര്‍ത്ഥനകളും ആശംസകളുമായി ഭവനരഹിതരായവരുടെ ഒരു സംഘം ആശുപത്രി അങ്കണത്തിലെത്തി. കിടപ്പാടമില്ലാത്തവര്‍ക്ക് അന്തിയുറങ്ങുന്നതിന് പാപ്പാ സൗകര്യമൊരുക്കിയ, വത്തിക്കാന്റെ തൊട്ടടുത്തുള്ള പലാത്സൊ മില്യോരിയില്‍ വസിക്കുന്നവരാണിവര്‍. ഇരുപതു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

തങ്ങള്‍ക്കായി പാപ്പാ ചെയ്ത എല്ലാ സഹായങ്ങള്‍ക്കും നന്ദി പറയുന്നതിനും തങ്ങളുടെ സാമീപ്യം പാപ്പായ്ക്ക് ഉറപ്പു നല്‍കുന്നതിനുമാണ് തങ്ങളെത്തിയതെന്ന് അവര്‍ പറഞ്ഞു. പാപ്പായ്ക്ക് നല്‍കാനായി ഒരു ബൊക്കെയും അവര്‍ ആശുപത്രിയില്‍ ഏല്‍പ്പിക്കുകയുണ്ടായി. ‘ഫ്രാന്‍സിസ് പാപ്പാ, ഞങ്ങള്‍ അങ്ങയുടെ ചാരെയുണ്ട്’ എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ പ്ലക്കാര്‍ഡും അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

പാപ്പായുടെ ശാസ്ത്രക്രിയാനന്തര സുഖപ്രാപ്തി സാധാരണഗതിയിലാണെന്നും രക്തപരിശോധനയെല്ലാം തൃപ്തികരമാണെന്നും അനുദിന പ്രവര്‍ത്തനങ്ങളിലേക്ക് പാപ്പാ സാവധാനം തിരിച്ചുവന്നു കൊണ്ടിരിക്കയാണെന്നും വത്തിക്കാന്റെ വക്താവ് മത്തേയൊ ബ്രൂണി ശനിയാഴ്ച പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.