ദുരുപയോഗത്തിനു ഇരയായവർക്കായി പ്രാർത്ഥിച്ചുകൊണ്ട് പാപ്പായുടെ കുരിശിന്റെ വഴി

ദുരുപയോഗത്തിനും മനുഷ്യക്കടത്തിനും ഇരയായ കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കുമായി പ്രാർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. കൊളോസിയത്തിലേയ്ക്ക് നടന്ന പ്രസിദ്ധമായ കുരിശിന്റെ വഴിയുടെ വിവിധ സ്ഥലങ്ങളിലാണ് പാപ്പാ, സമൂഹത്തിൽ വേദനിക്കുന്ന കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രാർത്ഥിച്ചത്.

“ലോകത്തിന്റേതായ വേദനകളിലും കുരിശുകളിലും ഈശോയുടെ കുരിശിനെ ദർശിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ കണ്ണുകളെ കഴുകുകയും അങ്ങനെ നന്മ കാണുവാൻ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യേണമേ. മോശമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഞങ്ങളുടെ കുഞ്ഞുങ്ങളുടെമേൽ അങ്ങയുടെ കരുണ വർഷിക്കണമേ. ഓരോ വ്യക്തിയുടെയും അന്തസ്സിനെ മാനിക്കുവാനും അതിലൂടെ മനുഷ്യത്വത്തിന്റെ മനോഹാരിത കണ്ടെത്തുവാനും അനുഗ്രഹിക്കണമേ” എന്ന് പാപ്പാ പ്രാർത്ഥിച്ചു.

ഈ വർഷത്തെ കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തെയും ധ്യാനചിന്തകൾ തയ്യാറാക്കിയത് മനുഷ്യക്കടത്തിന് എതിരെ പോരാടുന്ന 80 വയസുള്ള കന്യാസ്ത്രി, സിസ്റ്റർ യുജീനെ ബൊനെട്ടി ആണ്.