സ്പാനിഷ് ഫ്ലൂവിനെ അതിജീവിച്ച 105 കാരി ലൂസിയ മുത്തശ്ശി കോവിഡും കടന്നു മുൻപോട്ട്

    ഒരു വിജയിയായ കപ്പൽ യാത്രികയെപ്പോലെ രണ്ടാഴ്ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കി ലൂസിയ ഡി ക്ലർക്ക് എന്ന 105 കാരി മുത്തശ്ശി കോവിഡ് രോഗത്തെയും അതിജീവിച്ചു. തന്റെ നൂറ്റിയഞ്ചാമത്തെ ജന്മദിനത്തിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടപ്പോൾ, അസാമാന്യ ധൈര്യത്തോടെയും ആത്മ വിശ്വാസത്തോടെയുമാണ് ലൂസിയ മുത്തശ്ശി ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. ന്യൂ ജേഴ്‌സിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള അന്വേഷണങ്ങളും വിവരണങ്ങളും ലോകം മുഴുവനും ഉറ്റു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

    “മടുപ്പില്ലാതെ പ്രാർത്ഥിക്കുക; പരിധികളില്ലാത്ത സ്നേഹിക്കുക; നമ്മുടെ ഹൃദയത്തിന്റെയും ഭവനത്തിന്റെയും വാതിലുകൾ മലർക്കെ തുറന്നിട്ടുകൊണ്ട് മറ്റുള്ളവർക്ക് പരിഗണന നൽകുക. ജങ്ക് ഫുഡിനോട് വിട പറയുക, ഒൻപത് ഉണക്ക മുന്തിരി ദിവസവും കഴിക്കുക” – വിശുദ്ധരുടെ തിരുശേഷിപ്പും വിശുദ്ധ നാട്ടിൽ നിന്നും കൊണ്ടുവന്ന ഒലിവ് മരക്കുരിശും സ്ഥാപിച്ചിരിക്കുന്ന മുറിയിലിരുന്ന് കൈയ്യിൽ ജപമാലയുമേന്തി ദീർഘായുസ്സിനായുള്ള ഉപദേശം നൽകുകയാണ് ലൂസിയ എന്ന അതിജീവനത്തിന്റെ സമവാക്യം. 1916 ജനുവരി 25 നു ഹവായിൽ ജനിച്ച ലൂസിയക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി ലോകത്താകമാനം പടർന്നു പിടിച്ചത്. “ഞാൻ ജനിച്ചതും വളർന്നതും കത്തോലിക്കാ വിശ്വാസത്തിലാണ്. ആ വിശ്വാസത്തെ മുറുകെ പിടിക്കുവാൻ ഞാൻ എപ്പോഴും പരിശ്രമിച്ചിരുന്നു. ഒരു പ്രത്യേക കാര്യത്തിന് വേണ്ടി ഞാൻ ഒരിക്കലും പ്രാർത്ഥിച്ചിരുന്നില്ല, ലോകത്തിനു മുഴുവനായി പ്രാർത്ഥിക്കുകയായിരുന്നു.” അവർ പറഞ്ഞു.

    നിരവധി കൊച്ചുമക്കളും അവരുടെ മക്കളും ഉള്ള ലൂസിയ മുത്തശ്ശിക്ക് ചുറ്റിനും എല്ലാവരുടെയും സ്നേഹവും കരുതലുമുണ്ട്. വിശ്വാസവും പ്രാർത്ഥനയും സ്നേഹവും കൂടിച്ചേർന്നപ്പോൾ അവരുടെ സാന്നിധ്യം പോലും മറ്റുള്ളവർക്ക് ഭാവാത്മകമായി അനുഭവപ്പെടുന്നു. കൈകളിൽ ജപമാലയുമേന്തി എല്ലായ്പ്പോഴും പ്രാർത്ഥിക്കുന്ന അവർ ആശുപത്രിയിലെ ജീവനക്കാർക്കുപോലും കരുത്തു പകർന്നിരുന്നതായി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. “അവരുടെ ഉള്ളിലെ അധിക നന്മ നമ്മിലേക്ക് എത്തിച്ചേരുന്നു” എന്നാണ് ഒറ്റവാക്കിൽ ലൂസിയ മുത്തശ്ശിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.