വി. ഫ്രാൻസിസ് അസീസിയുടെ പ്രകൃതിസ്നേഹം പിന്തുടർന്ന് തമിഴ്‌നാട്ടിലെ ബധിരരായ പെൺകുട്ടികളുടെ ‘അസീസി ഗാർമെന്റ്‌സ്’

1994 -ൽ ഇറ്റാലിയൻ ഫ്രാൻസിസ്കൻ സന്യാസ സഭാംഗങ്ങൾ തമിഴ്‌നാട്ടിലെ തൊഴിൽരഹിതരായ പെൺകുട്ടികൾക്കായി എന്തെങ്കിലും ജോലി കണ്ടെത്തണമെന്ന് ആഗ്രഹിച്ചു. ഈ ഒരു ചിന്തയിൽ നിന്നാണ് ജൈവപരുത്തിയിൽ നിന്ന് ഗുണമേന്മയുള്ള തുണിത്തരങ്ങൾ നിർമ്മിക്കുക എന്ന ആശയം ഉരുത്തിരിഞ്ഞത്.

തെക്കേ ഇന്ത്യയെ മുഴുവൻ വസ്ത്രം ഉടുപ്പിക്കുന്ന നാടെന്ന നിലയിൽ തിരുപ്പൂരിൽ വസ്ത്രനിർമ്മാണത്തേക്കാൾ മികച്ച സംരംഭം മറ്റൊന്നില്ലായിരുന്നു. അതിനെത്തന്നെ ഇത്തരമൊരു മിഷൻ പ്രവർത്തനത്തിന്റെ ഭാഗമാക്കാൻ ഈ സന്യാസിനിമാർ തീരുമാനിച്ചു. അല്പം പ്രത്യേകതകളുള്ള നൂറോളം പെൺകുട്ടികളെയായിരുന്നു അന്ന് ഈ തൊഴിലിനായി തിരഞ്ഞെടുത്തത്. ഈ ലോകത്തിന്റെ ശബ്ദങ്ങളൊന്നും കേൾക്കാതെ ജീവിക്കുന്ന നൂറോളം പെൺകുട്ടികൾ. ഫ്രാൻസിസ് പാപ്പായുടെ പ്രകൃതിയോടുള്ള സ്നേഹവും ബഹുമാനവും സൂചിപ്പിക്കുന്ന ‘ലൗദാത്തോ സി’ യിലെ ആശയത്തോടൊപ്പം തങ്ങളുടെ ജീവിതം കൂടിയായിരുന്നു പരുത്തിയിൽ അവർ വസ്ത്രങ്ങളായി നെയ്തെടുത്തത്.

തുടക്ക കാലത്ത് ‘അസീസി അപ്പാരൽ’ എന്ന പേരിൽ ആരംഭിച്ച ഈ വസ്ത്രനിർമ്മാണ കമ്പനി മൂന്നു വർഷത്തിനു ശേഷം ‘അസീസി ഗാർമെന്റ്‌സ്’ ആയി മാറി. ഏകദേശം മുപ്പതു വർഷം പിന്നിടുമ്പോൾ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ബധിരരായ 300 പെൺകുട്ടികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവർ നെയ്‌തെടുക്കുന്ന വസ്ത്രങ്ങൾ ആഗോളതലത്തിൽ ശ്രദ്ധയാജ്ജിച്ചു കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് ഇറ്റാലിയൻ സ്റ്റോറുകളിലേക്ക് അസീസി ഗാർമെൻറ്സിൽ നിന്നും തുണിത്തരങ്ങൾ എത്തിക്കുന്നുണ്ട്. ഗുണമേന്മയുള്ള ഓർഗാനിക് കോട്ടൺ വസ്ത്രങ്ങൾ അമേരിക്കയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിസ്റ്റേഴ്സും പെൺകുട്ടികളും ഒരുമിച്ചു പ്രവർത്തിക്കുന്നത്.

അസീസി ഗാർമെൻറ്സിലെ ഓരോ പെൺകുട്ടിക്കും മികച്ച ശമ്പളവും താമസ സൗകര്യവും പഠനസാധ്യതകളും ഉറപ്പാക്കാനും ഒരുക്കിക്കൊടുക്കാനും ഈ സന്യാസിനിമാർക്ക് കഴിയുന്നുണ്ട്. ലാഭമായി ലഭിക്കുന്ന തുക വിവിധ തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഇവർ ചിലവഴിക്കുന്നത്. പ്രാദേശിക കൃഷിയിടങ്ങളിലെ അമിതമായ കീടനാശിനി പ്രയോഗം മൂലം കാൻസർ ബാധിതരായ നിരവധിയാളുകൾക്ക് സഹായമായും അനാഥാലയങ്ങളിലെ കുട്ടികൾക്കും അഭയകേന്ദ്രങ്ങൾക്കും എയ്ഡ്‌സ് രോഗികൾക്കും അന്ധരായ വിദ്യാർത്ഥികൾക്കുള്ള സ്‌കൂളിനും കുഷ്ഠരോഗികൾക്കുമെല്ലാം അസീസി ഗാർമെന്റ്‌സ് സഹായം നൽകിവരുന്നു.

ശരീരത്തിന് ഹാനികരമാകുന്ന ലോഹങ്ങളോ, ഫോർമാൽഡിഹൈഡുകളോ അടങ്ങിയ ചായങ്ങൾ ഉപയോഗിക്കാതെ 100 ശതമാനം ഓർഗാനിക് ആയ വസ്ത്രങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. ഒരു പരുത്തിച്ചെടിയിൽ നിന്ന് ഉപയോഗയോഗ്യമായ വസ്ത്രമായി മാറുന്ന എല്ലാ ഘട്ടങ്ങളിലും ഗുണമേന്മയിലും ജൈവ ഉത്‌പന്നമെന്ന വിശ്വാസ്യതയും ഗവണ്മെന്റ് അംഗീകാരത്തോടെ നൽകാൻ കഴിയുക എന്നത് വളരെ വലിയ കാര്യമാണ്.

പാരിസ്ഥിതിക അവബോധത്തോടൊപ്പം മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ആശയവും ഇവിടെ നെയ്യപ്പെടുകയാണ്. വസ്ത്രനിർമ്മാണ രംഗത്തെ പ്രകൃതിസംരക്ഷണത്തിന്റെ അംബാസിഡറായി മാറിക്കൊണ്ടിരിക്കുകയാണ് തമിഴ് നാട്ടിലെ ‘അസീസി ഗാർമെന്റ്‌സ്.’

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.