പാക്കിസ്ഥാനിലെ മതനിന്ദാ നിയമത്തിലേയ്ക്ക് ലോകശ്രദ്ധ പതിയണം; ആവശ്യമുയര്‍ത്തി ആസിയാ ബീബി

പാക്കിസ്ഥാനിലെ മതനിന്ദാ നിയമത്തിലേയ്ക്ക് ലോകശ്രദ്ധ പതിയണമെന്നും നിയമത്തില്‍ മാറ്റം വരുത്തുന്നതിനായി പ്രയത്‌നിക്കണമെന്നും ആസിയാ ബീബി. മതനിന്ദാ കുറ്റത്തിന് എട്ടു വര്‍ഷത്തെ തടവിനൊടുവില്‍ ജയില്‍ മോചിതയായി കാനഡയില്‍ അഭയം തേടിയ ആസിയ, ‘സണ്‍ഡേ ടെലിഗ്രാഫി’നു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

‘മതനനിന്ദാ കുറ്റം ചുമത്തുന്നതിനു മുമ്പ് ശരിയായ വിധത്തിലുള്ള അന്വേഷണം നടത്തുന്നതിനുള്ള സംവിധാനങ്ങളില്ല. തെളിവുകള്‍ ഇല്ലെങ്കിലും മതനിനിന്ദാ കുറ്റം ചുമത്തുകയാണ് പതിവ്. അതുകൊണ്ടു തന്നെ നിയമം പിന്‍വലിക്കപ്പെടണം. നിരവധി പേര്‍ വ്യാജ മതനിന്ദാ കേസില്‍ കുടുങ്ങി തടവറയില്‍ കഴിയുന്നുണ്ട്. അവരുടെ കാര്യങ്ങള്‍ ലോകത്തിന്റെ ശ്രദ്ധയില്‍ പതിയണം. വ്യാജ മതനിന്ദയുടെ പേരില്‍ അന്യായമായി ജയിലില്‍ കഴിയുന്ന എല്ലാവരും മോചിപ്പിക്കപ്പെടാന്‍ സര്‍വ്വശക്തനോട് താന്‍ പ്രാര്‍ത്ഥിക്കുകയാണ്’ – ആസിയ പറഞ്ഞു.

2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജ മതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീം കോടതി ആസിയായെ കുറ്റവിമുക്തയാക്കുകയായിരിന്നു.