പാക്കിസ്ഥാന്റെ മതനിന്ദാ നിയമങ്ങളെ വെല്ലുവിളിച്ച് ആസിയ ബീബി

മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ടു പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധേയയാക്കപ്പെട്ട് വർഷങ്ങളോളം ജയിലിൽ കഴിയുകയായിരുന്ന ആസിയ ബീബി ജന്മനാടിന്റെ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചു. ഇസ്ലാം മതസ്ഥാപകനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചാണ് അവരെ വധശിക്ഷക്ക് വിധിച്ച് ജയിലിലടച്ചത്.

തന്റെ പെൺമക്കളെ പിരിഞ്ഞു നിന്നതിനാൽ കടുത്ത മാനസിക പീഡനം അനുഭവിച്ച ഇവരെ പിന്നീട് പാക്കിസ്ഥാന്റെ ഉന്നത കോടതി സ്വാതന്ത്രയാക്കിയിരുന്നു. ജന്മനാടുപേക്ഷിച്ച് ഇപ്പോൾ കാനഡയിൽ താമസമാക്കിയിരിക്കുന്ന ബീബി, പാക്കിസ്ഥാനിലെ മതനിന്ദാ നിയമങ്ങൾ ഇസ്ലാം മതവിശ്വാസികൾ തങ്ങളുടെ അയൽക്കാരായ ക്രൈസ്തവ വിശ്വാസികളെ വ്യക്തിപരമായ പകപോക്കലുകൾക്കായി ഉപയോഗിച്ചു ജയിലടയ്ക്കുവാനുള്ള ഒരു ആയുധമാക്കി മാറ്റിയിരിക്കുകയാണെന്ന് ആരോപിച്ചു.

മതനിന്ദാ നിയമം നിർത്തലാക്കുക അല്ലെങ്കിൽ ദുരുപയോഗം തടയുക എന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ബീബി ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു അന്താരാഷ്ട്ര സമൂഹത്തോട് അവർ ആവശ്യപ്പെട്ടു. മറ്റു പല പാക്കിസ്ഥാൻ നിയമങ്ങളും ക്രൈസ്തവരോട് വിവേചനം കാണിക്കുന്നവയാണ്. ഒൻപത് മുതൽ 14 വയസ്സുവരെ പ്രായമുള്ള നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും വിവാഹത്തിന് നിർബന്ധിച്ചു ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.”

സ്ത്രീകൾ ആക്രമിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ അവരെ അതിനു വിധേയരാക്കിയവർ തെരുവുകളിൽ സ്വതന്ത്രമായി നടക്കുന്നു. ഇത്തരം പീഡനങ്ങൾ അധികാരികൾക്ക് മുൻപിൽ കൊണ്ടുവരുവാൻ ശ്രമിച്ചാൽ മതനിന്ദാ ആരോപിച്ചുകൊണ്ട് ഇരകളെ കൂടുതൽ പീഡനങ്ങൾക്ക് വിധേയമാക്കും. ഇസ്ലാം മതം സമാധാനവും ഐക്യവും പഠിപ്പിക്കുകയാണെങ്കിൽ ക്രിസ്ത്യൻ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ മതത്തിന്റെ പേരിൽ നടക്കുന്ന അക്രമണങ്ങളെ അവർ എങ്ങനെ ന്യായീകരിക്കും? ആസിയ ബീബി പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.