ആണവ യുദ്ധം നീതിക്കായി പ്രയോജനപ്പെടുത്താൻ കഴിയില്ല

ആണവ യുദ്ധം നീതിക്കായി പ്രയോജനപ്പെടുത്താൻ കഴിയില്ല ഇന്ന് ഫ്രാൻസിസ് പാപ്പ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാനപതികളെ ഓർമ്മിപ്പിച്ചു. സാല റീജിയയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ആണവയുദ്ധം നീതി പുനസ്ഥാപിക്കുവാൻ യോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടിയത്. വർഷാരംഭത്തിൽ, പതിവ് പോലെ നടക്കാറുള്ള കൂടിക്കാഴ്ചയിൽ പാപ്പായും സ്ഥാനപതികളും നിലവിലെ ലോകത്തിന്റെ അവസ്ഥകളെ വിശകലനം ചെയ്തു.

ജീവിക്കാനുള്ള അവകാശമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അതിൽ നിന്ന് സമാധാനത്തിനുള്ള അവകാശം ഉരുത്തിരിയുന്നു എന്നും ചൂണ്ടിക്കാട്ടിയ പാപ്പ, രാജ്യങ്ങൾക്ക് ലോകം മുഴുവനോടും ഉള്ള ഉത്തരവാദിത്വത്തെ കുറിച്ചും വിശദീകരിച്ചു. “ഈ ലോകത്തിലെ ഓരോ പുരുഷനും സ്ത്രീയും പ്രത്യേകിച്ച് ഭരണപരമായ ചുമതലയുള്ളവർ സേവനത്തിന്റേതായ ആത്മാവിനെയും തലമുറകൾ തമ്മിലുള്ള ഐക്യവും വളർത്തിയെടുക്കുവാൻ ബാധ്യസ്ഥരാണ്. അങ്ങനെ കലഹിക്കുന്ന ലോകത്തു പ്രത്യാശയുടെ അടയാളങ്ങളായി മാറാൻ അവര്‍ക്ക് കഴിയും”. പാപ്പ പറഞ്ഞു.

ഒന്നാം ലോക മഹായുദ്ധത്തിന്റെ നൂറാം വാർഷികത്തിൽ ഭയത്തിന്റെയും ഭീകരതയുടെയും നിയമം സമാധാനത്തെ മറികടക്കുവാൻ അനുവദിക്കരുത് എന്ന് പാപ്പ ആഹ്വാനം ചെയ്തു. മൂന്നാം ലോകമഹായുദ്ധം ഇന്ന് തുടരുകയാണെന്ന് പറഞ്ഞ പാപ്പ ചില അതിർത്തി തർക്കങ്ങളും പ്രതിസന്ധികളും പ്രത്യേകം പരാമര്‍ശിച്ചു. ഇറാഖിലും  യെമനിലും അഫ്ഗാനിസ്ഥാനിലും  സഹവർത്തിത്വത്തിന്റേതായ അന്തരീക്ഷം പുനസ്ഥാപിക്കുവാൻ പാപ്പ ആഹ്വാനം ചെയ്തു.  ഇസ്രായേൽ –  പലസ്തീൻ പ്രതിസന്ധി കുറയ്ക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് പറഞ്ഞ പാപ്പാ കൊറിയ ഉയർത്തുന്ന ആണവ ഭീഷണികളെ കുറിച്ചും സംസാരിച്ചു.

ഇന്നത്തെ ലോകം ആണവ ശക്തിയിൽ അഭിമാനിക്കുന്നു എന്നും നീതിയുടെ ലംഘനം ഒഴിവാക്കാൻ അനുയോജ്യമായ ഒരു ഉപകരണമാണ് യുദ്ധം എന്ന മിഥ്യാധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നും പാപ്പ ചൂണ്ടിക്കാട്ടി. ആണവ നിരായുധീകരണത്തിനായി ശ്രമിക്കണം എന്നും അഭയാർത്ഥി പ്രതിസന്ധി, സിറിയൻ സംഘർഷം, മതപരമായ പീഡനം, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് ഓരോരുത്തരും ബോധവാന്മാരായിരിക്കണം എന്നും പാപ്പ കൂട്ടിച്ചേർത്തു. പ്രതിസന്ധികൾ നിറഞ്ഞ ലോകത്തിൽ ഒന്നിച്ചു പ്രവർത്തിക്കുവാൻ അധികാരികളെ ആഹ്വാനം ചെയ്തു കൊണ്ടാണ് പാപ്പ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.