നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു

തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികൻ ഫാ. വാലന്റൈൻ ഈസുഗുവിനെ ഡിസംബർ -17 ന് അക്രമികൾ വിട്ടയച്ചു.  ഡിസംബർ 15 -നാണ് നൈജീരിയയിലെ ഇമോയിൽ നിന്നും വാഹനമോടിച്ചു പോകുന്നതിനിടെ വൈദികനെ തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ പിതാവിന്റെ മരണവാർത്തയറിഞ്ഞു സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

“ഞങ്ങളുടെ സഹോദരനെ മോചിപ്പിക്കാൻ തട്ടിക്കൊണ്ടുപോയവരുടെ ഹൃദയത്തിൽ സ്പർശിച്ച ദൈവത്തോട് ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിനായി നമുക്ക് പ്രാർത്ഥിക്കാം” – ഫാ. വാലന്റൈൻ അംഗമായ മേരി മദർ ഓഫ് മേഴ്‌സി സഭയുടെ സെക്രട്ടറി ജനറൽ ഗുഡ്‌ലക്ക് അജാക്രോ പറഞ്ഞു.

നൈജീരിയയിൽ തട്ടിക്കൊണ്ടുപോകലും മരണവും വളരെയധികം വർദ്ധിച്ചിരിക്കുന്നുവെന്ന് അബുജയിലെ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ വെളിപ്പെടുത്തി. കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. “ഇപ്പോൾ, അരക്ഷിതാവസ്ഥയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി” – അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.