പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ആർസു രാജ ക്രിസ്തുമസിന് സ്വന്തം വീട്ടിൽ മടങ്ങിയെത്തി

തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തി വിവാഹം കഴിച്ച 14 വയസ്സുള്ള കത്തോലിക്കാ പെൺകുട്ടി ആർസു രാജ ക്രിസ്തുമസിന് സ്വന്തം വീട്ടിലെത്തി. ആർസുവിനെ തട്ടിക്കൊണ്ടു പോയ ഇസ്ളാം മതത്തിൽപ്പെട്ട 44 -കാരനായ അസ്ഹർ അലി, 13 -മത്തെ വയസ്സിൽ ആർസൂ രാജയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഡിസംബർ 22 -ന് സിന്ധ് പ്രവിശ്യയിലെ ഹൈക്കോടതി പനാഹ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അവളുടെ കുടുംബത്തിലേക്ക് മടങ്ങാൻ ആർസുവിന് അനുവാദം നൽകുകയായിരുന്നു.

വാദം കേൾക്കുമ്പോൾ ജഡ്ജി പെൺകുട്ടിയുമായും മാതാപിതാക്കളുമായും സംസാരിച്ചു. ആർസൂ രാജ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങനെ ചെയ്തതെന്ന് മറുപടി നൽകുകയും ചെയ്തു. ആർസുവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ജഡ്ജി മാതാപിതാക്കളോട് ആവശ്യപ്പെട്ടു. അവളെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും അവളുടെ മതപരിവർത്തനത്തെക്കുറിച്ച് സമ്മർദ്ദം ചെലുത്തുകയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

വാദം കേട്ട ‘അലയൻസ് ഓഫ് ക്രിസ്ത്യൻ പീപ്പിൾസ്’ പ്രസിഡന്റ് ദിലാവർ ഭാട്ടി കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. “ആർസു തന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ മടങ്ങിയെത്തുന്നതും സമാധാനത്തോടെ ക്രിസ്തുമസ് ആഘോഷിക്കുന്നതും സന്തോഷവാർത്തയാണ്. നിരവധി ആളുകൾ, അഭിഭാഷകർ, സാമൂഹികപ്രവർത്തകർ, പൗരന്മാർ എന്നിവർ ഈ കേസിനായി ശബ്ദമുയർത്തുകയും പ്രതിബദ്ധത പുലർത്തുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാറ്റിനുമുപരിയായി ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു” – ഭാട്ടി പറഞ്ഞു.

2020 ഒക്‌ടോബർ 13 -ന്, അയൽവാസിയായ 44 -കാരനായ അലി അസ്ഹർ കടയിലേക്ക് പോകുകയായിരുന്ന ആർസുവിനെ തട്ടിക്കൊണ്ടു പോകുകയും അതേ ദിവസം തന്നെ പെൺകുട്ടിയെ ഇസ്ലാം മതം സ്വീകരിക്കാനും തന്നെ വിവാഹം കഴിക്കാനും നിർബന്ധിക്കുകയുമായിരുന്നു. ഒക്‌ടോബർ 27 -ന്, ആർസുവിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന അവഗണിച്ച് പ്രാഥമിക അന്വേഷണം നടത്താതെ തട്ടിക്കൊണ്ടു പോയ ആളുടെ മൊഴിയെ പിന്തുണച്ച് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും അസ്ഹറിനെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് ഉത്തരവിടുകയും ചെയ്തു. പെൺകുട്ടിക്ക് 18 വയസ്സുണ്ടെന്നും നിർബന്ധിത മതപരിവർത്തനവും വിവാഹവും സൗജന്യവും സ്വമേധയാ ഉള്ളതുമായ പ്രവൃത്തികളാണെന്നും സ്ഥിരീകരിക്കാൻ തട്ടിക്കൊണ്ടു പോയയാൾ വ്യാജരേഖകൾ നൽകി.

തുടക്കത്തിൽ, സിന്ധ് ഹൈക്കോടതി തട്ടിക്കൊണ്ടു പോയ ആളെ അനുകൂലിച്ചെങ്കിലും പിന്നീട് അത് ഭേദഗതി ചെയ്തു. 2020 നവംബർ ആദ്യം, പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ആളിൽ നിന്ന് മോചിപ്പിക്കാൻ പോലീസിനു കഴിഞ്ഞു. ആ മാസം 23 -ന് സിന്ധ് ഹൈക്കോടതി ഈ കേസിൽ വാദം കേൾക്കുകയും ചെയ്തു.

കത്തോലിക്കാ സഭയുടെ പിന്തുണയുടെയും വൻതോതിലുള്ള പ്രാദേശിക പ്രതിഷേധങ്ങളുടെയും ഫലമായാണ് ആർസുവിനെ കുടുംബത്തിലേക്ക് മടക്കി അയക്കാനുള്ള തീരുമാനം കോടതി കൈക്കൊണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.