സമാധാനാന്തരീക്ഷം തിരികെപ്പിടിക്കാന്‍ അക്ഷീണം പരിശ്രമിക്കുന്ന ഒരു ഉക്രൈന്‍ ഗ്രാമം

റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ കിഴക്കന്‍ ഉക്രേനിയന്‍ നഗരമായ ഖാര്‍കിവിനു സമീപമുള്ള വെലികി പ്രൊഹോഡി ഗ്രാമത്തില്‍, യുദ്ധത്തില്‍ തകര്‍ന്ന ഒരു കെട്ടിടത്തിനു സമീപമുള്ള പുല്‍ത്തകിടിയില്‍ സംശയാസ്പദമായി, വയറുകളാല്‍ പൊതിഞ്ഞ ഒരു ക്രിസ്മസ് ട്രീ കാണാം. പ്രദേശവാസികള്‍ ആ ട്രീയുടെ അടുത്തേക്ക് പോകാന്‍ മടിക്കുന്നു. കാരണം അത് ശത്രുക്കള്‍ ഒരുക്കിയിരിക്കുന്ന കെണിയാണോ എന്ന് അവര്‍ ഭയപ്പെടുന്നു. പക്ഷേ ആ വയറുകള്‍ സ്‌ഫോടകവസ്തുക്കളല്ല. ഫെബ്രുവരി 24-ലെ റഷ്യന്‍ അധിനിവേശത്തിനു മുമ്പ് കഴിഞ്ഞ പുതുവത്സര അലങ്കാരങ്ങളുടെ അവശേഷിപ്പാണത്.

കഴിഞ്ഞയാഴ്ച ഉക്രേനിയന്‍ സൈന്യം മോചിപ്പിച്ച ഗ്രാമങ്ങളില്‍പെട്ടതാണ് പ്രൊഹോഡിയും. എന്നാല്‍ റഷ്യന്‍ സൈന്യം അതിന്റെ മുദ്ര ഗ്രാമത്തില്‍ പലയിടത്തും പതിപ്പിച്ചിട്ടാണ് പിന്‍വാങ്ങിയത്. മുമ്പ് സൂചിപ്പിച്ച ക്രിസ്മസ് ട്രീയുടെ പിന്നിലെ ഭിത്തിയില്‍, ‘Z’ എന്ന വലിയ വെളുത്ത അക്ഷരം ദൃശ്യമാണ്. റഷ്യയുടെ ഈ അടയാളം എല്ലായിടത്തുമുണ്ട്: പഴയ കാറുകള്‍, കാര്‍ഷികോപകരണങ്ങള്‍, വേലികള്‍, തകര്‍ന്ന വീടുകളുടെ ചുവരുകള്‍ തുടങ്ങി എല്ലായിടത്തും. ഈ ഗ്രാമത്തിലെ ചില തെരുവുകളില്‍ ഒരു വീടു പോലും അവശേഷിക്കുന്നില്ല. വഴിയോരങ്ങളില്‍ കാറുകള്‍ കത്തിനശിച്ചു കിടക്കുന്നു. തകര്‍ന്ന കവചിത വാഹനങ്ങള്‍ കുറ്റിക്കാട്ടില്‍ തുരുമ്പെടുക്കുന്നു.

റഷ്യന്‍ സൈനികരും ഉദ്യോഗസ്ഥരും താമസിച്ചിരുന്ന ഗ്രാമ കൗണ്‍സില്‍ കെട്ടിടം അവര്‍ സൈനിക ആശുപത്രിയായും ഉപയോഗിച്ചിരുന്നു. റഷ്യയുടെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധനായ സെന്റ് നിക്കോളാസിന്റെ ഒരു ഐക്കണ്‍ ചുവരില്‍ ഇപ്പോഴും തൂങ്ങിക്കിടക്കുന്നു. ചാരനിറത്തില്‍ ‘Z’ എന്ന അക്ഷരം എഴുതിയ ബോര്‍ഡ് മൂലയില്‍ വച്ചിരിക്കുന്നു.

“തീര്‍ച്ചയായും ഗ്രാമം മോചിപ്പിക്കപ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്. ആറു മാസം ഞാന്‍ ഇവിടെ വ്യക്തിപരമായി യുദ്ധം ചെയ്യുകയായിരുന്നു. ചെറുപ്പമായിരുന്നെങ്കില്‍ ഞാന്‍ യുദ്ധത്തിനു പോകുമായിരുന്നു” – മുന്‍ ഇലക്ട്രീഷ്യനും മെക്കാനിക്കുമായ ഒലെക്‌സാണ്ടര്‍ അഭിമാനത്തോടെ പറയുന്നു.

റഷ്യന്‍ സൈനികരില്‍ നിന്ന് അദ്ദേഹം വെടിമരുന്ന് മോഷ്ടിച്ചും അവരുടെ ഇന്ധന ടാങ്കുകളില്‍ സോപ്പ് കമ്പികളിട്ടും അവരുടെ വാഹനങ്ങളില്‍ നിന്ന് ഡീസല്‍ ഊറ്റിയുമൊക്കെയായിരുന്നു ഒലെക്‌സാണ്ടറിന്റെ പോരാട്ടം. പക്ഷേ, ആരോ ഒരാള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അദ്ദേഹം സംശയിക്കുന്നു. കാരണം റഷ്യന്‍ സൈന്യം അദ്ദേഹത്തിന്റെ വീട്ടില്‍ പതിവായി തിരച്ചില്‍ നടത്തി. രണ്ടു തവണ അദ്ദേഹത്തെ പിടിച്ചുകൊണ്ടു പോയി ജയിലായി പ്രവര്‍ത്തിച്ചിരുന്ന മാലി പ്രൊഹോഡി ഗ്രാമത്തിലെ ഇരുണ്ട നിലവറയിലിട്ടു. അവിടെ കഠിനമായ പീഡകളായിരുന്നു എന്നും ഒലെക്‌സാണ്ടര്‍ വെളിപ്പെടുത്തുന്നു. തങ്ങളുടെ ഗ്രാമത്തിലെത്തിയ മിക്ക റഷ്യക്കാരും അങ്ങേയറ്റം പരുഷമായും ക്രൂരമായും പെരുമാറിയെങ്കിലും അവരില്‍ ചിലര്‍ അനുകമ്പയുള്ളവരായിരുന്നുവെന്നും ഒലെക്‌സാണ്ടര്‍ പറയുന്നു.

റഷ്യന്‍ സൈന്യം പിന്‍വാങ്ങിയെങ്കിലും ഗ്രാമത്തില്‍ ഇപ്പോഴും സമാധാനാന്തരീക്ഷം കൈവന്നിട്ടില്ല. കാരണം ഷെല്ലുകളും മൈനുകളും ഇനിയും പലയിടത്തും അവശേഷിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ പലായനം ചെയ്ത ഗ്രാമവാസികള്‍ ഇവിടേക്ക്യ്ക്ക് തിരിച്ചെത്താന്‍ തിടുക്കം കൂട്ടുന്നില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്താലേ ഗ്രാമം പഴയ രീതിയിലാവൂ. നാട്ടുകാരുടെ സഹകരണത്തോടെ അത് നടന്നുകൊണ്ടിരിക്കുന്നു. സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാന്‍ അവര്‍ തീക്ഷ്ണമായി പരിശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.