ജനഹൃദയങ്ങളിലെ വലിയമുക്കുവന്മാര്‍

Mathew Jinto Muriankary
ഫാ. മാത്യു (ജിന്റോ) മുര്യങ്കരി

ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലെ പ്രധാന ബസ്‌ട്രെയിന്‍ സ്റ്റേഷനായ ടെര്‍മിനിയില്‍ നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ നീളുന്ന ക്യൂ…കൊറോണക്കാലത്തെ സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍പില്‍ കാണുന്ന ക്യൂ പോലെയായിരുന്നില്ല ഇത്, മറിച്ച് ഒട്ടും അക്ഷമരാകാതെ, പരിഭവങ്ങളില്ലാതെ, പരസ്പരം സഹകരിച്ച് മുന്നേറിയ, ബഹുഭൂരിപക്ഷവും യുവാക്കളടങ്ങിയ ആയിരങ്ങളുടെ ക്യൂ.. അതിന്റെ മറ്റേ തലക്കലുളളത് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരവും അവിടുത്തെ ബസിലിക്കയുടെ മുന്‍പില്‍ പ്രതിഷ്ഠിച്ചിരുന്ന ഒരു ശവമഞ്ചവും. ഈ ക്യൂവില്‍ സ്ഥാനം പിടിക്കാനായി തലേദിവസംതന്നെ റോമന്‍ തെരുവുകളില്‍ കിടന്നുറങ്ങിയ യുവാക്കള്‍ക്ക് ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരിന്നുളളു, എത്ര കഷ്ടപ്പാട് സഹിച്ചാണെങ്ങിലും തങ്ങള്‍ നെഞ്ചിലേറ്റിയ ആ വലിയ മുക്കുവനെ, തങ്ങളോടൊപ്പം ലോകയുവജനസമ്മേനങ്ങളില്‍ നൃത്തം ചെയ്ത, പ്രാര്‍ത്ഥിച്ച, ഹൃദയത്തെ സ്പര്‍ഷിക്കുന്ന സന്ദേശങ്ങള്‍ നല്കിയ തങ്ങളുടെ സ്വന്തം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ അവസാനമായി ഒന്നുകൂടി കാണുക, ഒരു addio (good bye) പറയുക. തങ്ങളുടെ പ്രിയപ്പെട്ട പാപ്പായ്ക്ക് വേണ്ടി തെരുവുകളില്‍ ജപമാലചൊല്ലിക്കൊണ്ട് കരഞ്ഞു പ്രാര്‍ത്ഥിച്ച് രാത്രിചിലവഴിച്ച യുവജനങ്ങള്‍ ആക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് ലോകം മുഴുവനെയാണ്. കത്തോലിക്കാസഭയില്‍ നീണ്ട വര്‍ഷങ്ങള്‍ മാര്‍പാപ്പയായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ വിടവാങ്ങിയിട്ട് ഇന്ന് പതിനഞ്ചു വര്‍ഷങ്ങള്‍ തികയുകയാണ്.

എന്തുകൊണ്ടാണ് വിശുദ്ധ പത്രോസിന്റെ പിന്‍ഗാമികളായ കത്തോലിക്കാസഭയിലെ വലിയമുക്കുവന്മാരെ ലോകം ഇത്രമാത്രം സ്‌നേഹിക്കുന്നതും ആദരിക്കുന്നതും?.
‘എനിക്ക് ഇഷ്ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്ക് നല്കും’ (പാസ്‌തോരെസ് ദാബോ വോബിസ്) എന്ന് ജറെമിയാ പ്രവാചകനിലൂടെ(3:15) അരുള്‍ചെയ്ത ദൈവം, ലോകത്തിന് സമ്മാനമായി നല്കിയ ഇരുപതാം നൂറ്റാണ്ടിലെയും ഈ നൂറ്റാണ്ടിലെയും ഏഴു മാര്‍പാപ്പാമാരുടെ ജീവിതങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം, അതാണ് ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിക്കുന്നത്.

ആന്തോണിയെ കവല്ലാരോ എന്ന ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഇന്‍ തേറിസിലെ തന്റെ ലേഖനത്തില്‍, പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയുടെ ജീവിതത്തില്‍ നിന്നും എടുത്തുകാണിച്ച ഹൃദയസ്പര്‍ശിയായ ഒരു സംഭവം ഇപ്രകാരമാണ്ഃ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്നകാലം, 1943 ജൂലൈ 19 ന് റോമിലെ ഏറ്റവും ജനവാസമുള്ള പ്രദേശങ്ങളിലൊന്നായ സാന്‍ ലൊറോന്‍സോയിലും സമീപപ്രദേശങ്ങളിലും ആംഗ്ലോഅമേരിക്കന്‍ സൈന്യം നടത്തിയ സംയുക്ത ബോംബാക്രമണത്തില്‍ പതിനായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂവായിരം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. തന്റെ പ്രിയപ്പെട്ട റോം നഗരം ഒരു ശവപറമ്പായിമാറിയിരുക്കുന്നു എന്ന് വേദനയോടെ തിരിച്ചറിഞ്ഞ പന്ത്രണ്ടാം പീയുസ് മാര്‍പാപ്പ, തന്റെ സുരക്ഷയെ അവഗണിച്ചുകൊണ്ട് ആ ദുരന്തഭൂമിയിലേക്ക് അജഗണങ്ങളെ തേടി പിറ്റേന്ന് രാവിലെ ഇറങ്ങി ചൊല്ലുകയുണ്ടായി. അദ്ദേഹത്തിന് താങ്ങായി കൂടെയാണ്ടായിരുന്നതാകട്ടെ അന്നത്തെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ജിയോവന്നി ബാറ്റിസ്റ്റ മൊന്തിനി, ഭാവിയിലെ പോള്‍ ആറാമന്‍ മാര്‍പാപ്പ. എല്ലാം നഷ്ടപ്പെട്ട് ജീവശവങ്ങളായി മാറിയ സാന്‍ ലൊറേന്‍സോയിലെ തന്റെ അജഗണങ്ങളുടെ നടുവിലേക്ക് ഇറങ്ങിച്ചെന്ന് കൈകള്‍ വിരിച്ച് ആകാശത്തേക്ക് നോക്കി നില്‍ക്കുന്ന പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയുടെ ചിത്രം ആരെയും കരയിപ്പിക്കുന്നതായിരുന്നു. ആ പ്രവൃത്തിവഴി അദ്ദേഹം ആഗ്രഹിച്ചത് രണ്ടു കാര്യങ്ങളാണ്…തന്റെ മക്കളെ ആശ്ലേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുക, ഈശോയുടെ കുരിശിന്റെ പ്രതീകമായി കൈകള്‍ വിരിച്ചുകൊണ്ട് ദൈവത്തിലേക്ക് അവരുടെ വേദനകള്‍ സമര്‍പ്പിച്ച് സ്വര്‍ഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുക ദൈവകാരുണ്യം അപേക്ഷിക്കുക. അനേകരെ ദൈവസന്നിധിയിലേക്ക് അടുപ്പിച്ച മാര്‍പാപ്പയുടെ ആ ചിത്രം ഇന്നും മുതിര്‍ന്ന തലമുറയില്‍പെട്ട നിരവധി പേരില്‍ അണയാതെ നില്ക്കുന്നു.

അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാകട്ടെ അറിയപ്പെടുന്നതുതന്നെ ‘പാപ്പ ബ്വോണോ’ അഥവാ, ‘നല്ലവനായ പാപ്പ’ എന്നാണ്. പൂര്‍ണ്ണചന്ദ്രദിവസമായിരുന്ന 1962 ഒക്ടോബര്‍ 11 ലെ സായാഹ്നത്തില്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുടക്കം കുറിച്ചുകൊണ്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന ഒരു പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ ചരിത്രത്തില്‍ ഇടം പിടിക്കുകയും പിന്നീട് അദ്ദേഹം നല്ല പാപ്പാ എന്നറിയപ്പെടാനും ഇടയാക്കി.

ആ കൂടിക്കാഴ്ചയില്‍ വത്തിക്കാന്‍ ചത്വരത്തില്‍ തിങ്ങിനിറഞ്ഞ ആളുകളോട് സമാധാനത്തെയും സ്‌നേഹത്തെയുംകുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. ഈ സന്ദേശത്തിന്റെ അവസാനഭാഗത്ത് എഴുതി തയ്യാറാക്കിയവ മാറ്റിവച്ചുകൊണ്ട് ഹൃദയത്തിന്റെ ഭാഷയില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞുഃ ‘നിങ്ങള്‍ ഇന്ന് ഭവനങ്ങളില്‍ തിരിച്ച് ചെല്ലുമ്പോള്‍ കുട്ടികളെ കാണും, അവര്‍ക്ക് ഒരു തലോടല്‍ നല്കുക, എന്നിട്ട് പറയുക ഇത് പാപ്പായുടെ തലോടലാണെന്ന്’. ‘കണ്ണീരൊപ്പേണ്ടത് ആവശ്യമെന്നപോലെ ചിലപ്പോള്‍ ദുഃഖിതരായ ചിലരെ നിങ്ങള്‍ കാണും, എന്തെങ്കിലും ചെയ്യുക, അവരോട് ഒരു നല്ല വാക്ക് പറയുക, ദുഃഖത്തിന്റെയും കയ്‌പേറിയ അനുഭവങ്ങളുടെയും നടുവില്‍ പാപ്പാ നമ്മോടോപ്പമുണ്ടെന്ന് അവരോട് പറയുക’.

ലോകത്തെ തന്റെ സ്‌നേഹത്താലും നന്മയാലും ജ്വലിപ്പിച്ച ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മധ്യേ വിടവാങ്ങിയപ്പോള്‍ ആ ദൗത്യം സധൈര്യം ഏറ്റെടുത്തു പൂര്‍ത്തിയാക്കിയത് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ്. തങ്ങളുടെ മുന്‍ഗാമികള്‍ തുടങ്ങിവച്ചവ പൂര്‍ത്തിയാക്കുക എന്ന ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ച അദ്ദേഹം വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത് 2018 ലാണ്. ലോകത്തില്‍ കഷ്ടതയനുഭവിക്കുന്ന വ്യക്തികളുടെ സ്വരമാകുകയും സമ്പന്നരാജ്യങ്ങള്‍ പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കേണ്ടതിന്റെ ആവശ്യകത നിരന്തരം ഉത്‌ബോധിപ്പിച്ചും സഹോദരസ്‌നേഹത്തിന്റെ യും മാനവീകതയുടെയും സന്ദേശം ലോകത്തിനു നല്കിയ വ്യക്തിയാണ് പോള്‍ ആറാമന്‍ മാര്‍പാപ്പ.

അദ്ദേഹത്തിന് പിന്‍ഗാമിയായി 1978ല്‍ തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ പേപ്പസി ഹ്രസ്വമായിരുന്നു. എന്നാല്‍, വെറും മുപ്പത്തിമൂന്ന് ദിവസങ്ങള്‍ക്കുളളില്‍തന്നെ അദ്ദേഹം ലോകജനതയുടെ ഹൃദയം കവര്‍ന്നു എന്നതിന്റെ തെളിവാണ് ‘പുഞ്ചിരിയുടെ പാപ്പ’ എന്ന് അദ്ദേഹത്തിന് ലഭിച്ച പേര്. അദ്ദേഹത്തിന്റെ വിയോഗത്തോടെ സഭയില്‍ ഉടലെടുത്ത അനാഥത്വം മാറ്റാന്‍ ദൈവം കനിഞ്ഞു നല്കിയ വ്യക്തിയാണ് രണ്ടുനൂറ്റുണ്ടുകളുടെ മധ്യത്തില്‍ മാര്‍പാപ്പയായിരിക്കാന്‍ ഭാഗ്യം ലഭിച്ച കരോള്‍ വോയ്റ്റീല എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ.

‘എന്റെ ഇറ്റാലിയനില്‍ കുറവുകളുണ്ട്, നിങ്ങള്‍ എന്നെ തിരുത്തുക’ എന്ന് പറഞ്ഞുകൊണ്ട് തന്റെ പ്രഥമ കൂടിക്കാഴ്ചയില്‍ തന്നെ ഇറ്റലിക്കാരുടെ ഹൃദയം കവര്‍ന്ന പാപ്പായായിരുന്നു അദ്ദേഹം. നീണ്ട ഇരുപത്തിയെട്ട് വര്‍ഷക്കാലത്തെ തന്റെ ഭരണകാലത്ത് കത്തോലിക്കാവിശ്വാസികളെ രണ്ടായിരാം ജൂബിലിവര്‍ഷത്തിലൂടെ പുതിയ നൂറ്റാണ്ടിലേക്ക് കൈപിടിച്ച് നടത്തിയത് അദ്ദേഹമാണ്. എളിമകൊണ്ടും ജീവിതലാളിത്യം കൊണ്ടും സൗഹൃദങ്ങള്‍കൊണ്ടും മാര്‍പാപ്പ എല്ലാവരുടെയും പ്രീയപ്പെട്ടവനായി. അദ്ദേഹം ലോകയുവജനസമ്മേളനത്തില്‍ യുവാക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന്റെയും വത്തിക്കാനില്‍ വി. മദര്‍ തെരേസയെ സ്വീകരിച്ചപ്പോള്‍ സ്‌നേഹചുംബനം നല്‍കിയതിന്റെയും ചിത്രങ്ങള്‍ ഇന്നും ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ഒളിമങ്ങാതെ നില്‍ക്കുന്നു. സഭയുടെ സന്ദേശങ്ങളെ ലോകത്തെ അറിയിക്കാന്‍ സാമൂഹ്യമാധ്യമങ്ങളെ ഫലവത്തായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ വളരെ പ്രാധാന്യത്തോടെ ഉത്‌ബോധിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തനിക്ക് രോഗാസ്വസ്ഥകള്‍ സമ്മാനിച്ച കഠിനമായ വേദനകള്‍ ഉളളിലൊതുക്കി മരണത്തിനു മുമ്പായി അവസാനം നടത്തിയ കൂടിക്കാഴ്ചയില്‍ വത്തിക്കാന്‍ ചത്വരത്തില്‍ കൂടിയ വിശ്വാസികളെ അദ്ദേഹം ആശീര്‍വ്വദിച്ച കാഴ്ച ലോകത്തിന് മുഴുവന്‍ ഹൃദയഭേദകമായിരുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയില്‍ നിന്നും ശൈലിയില്‍ വ്യത്യസ്തനായിരുന്നെങ്കിലും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേപ്പസി കത്തോലിക്കാസഭയുടെ വലിയ അനുഗ്രഹമായാണ് എല്ലാവരും കരുതുന്നത്. തിരുസ്സഭയില്‍ സത്യവിശ്വാസത്തിന്റെ കാവലാളായിരുന്ന അദ്ദേഹം ജീവിതത്തില്‍ വലിയ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ആരും എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന കത്തോലിക്കാസഭയിലെ ഉന്നതമായ സ്ഥാനം മറ്റൊരാള്‍ക്കായി, സഭയുടെ ഉപരിനന്മയ്ക്കായി ത്യജിച്ചുകൊണ്ട് തിരുസ്സഭയുടെ ചരിത്രത്തില്‍ തന്നെ മാറ്റത്തിന്റെ കൊടുങ്കാറ്റായത്. ബനഡിക്ട് മാര്‍പാപ്പ സ്ഥാനത്യാഗത്തിനുശേഷം കസ്റ്റെല്‍ ഗൊണ്ടോള്‍ഫോയിലേക്ക് ഹെലികോപ്റ്ററില്‍ പോകുന്ന കാഴ്ച ലോകത്തെ മുഴുവന്‍ കണ്ണീരിലാഴിത്തിയിരുന്നു.

പ്രാര്‍ത്ഥനയുടെയും നീണ്ട വിചിന്തനത്തിന്റെയും പിന്‍ബലത്തില്‍ ബനഡിക്റ്റ് മാര്‍പാപ്പയെടുത്ത തീരുമാനം തികച്ചും ശരിവെക്കുന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ്. ‘പാവങ്ങളുടെ പാപ്പ’യെന്ന അപരനാമം ചുരുങ്ങിയ കാലയളവില്‍ തന്നെ അദ്ദേഹത്തിന് ലോകം നല്കി. തന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ വിശ്വാസികളുടെ മുന്‍പില്‍ തലകുനിച്ചു പ്രാര്‍ത്ഥനയും ആശീര്‍വ്വാദവും യാചിച്ചുകൊണ്ട് അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തുടങ്ങിവച്ച തിരുസ്സഭയിലെ മാറ്റത്തിന്റെ കൊടുങ്കാറ്റ് അണയാതെ മുന്‍പോട്ട് കൊണ്ടു പോകാന്‍ തനിക്ക് സാധിക്കുമെന്ന് പ്രഥമവര്‍ഷം തന്നെ അദ്ദേഹം തെളിയിച്ചു. കൊറോണ വൈറസ് ഭീതിയില്‍ ലോകം മുഴുവന്‍ നിരാശയിലാണ്ടപ്പോള്‍ വത്തിക്കാന്‍ ചത്വരത്തില്‍ ചാറ്റല്‍ മഴയെ അവഗണിച്ചുകൊണ്ട് ഏകനായി നടന്നെത്തി വിശ്വാസത്തിന്റെ ദീപത്തെ ആളിക്കത്തിച്ചു, ലോകത്തിനു ആശ്വാസവും പ്രത്യാശയും നല്കി.

കാരുണ്യവാനായ ദൈവം തിരുസ്സഭയ്ക്ക് ഓരോ കാലഘട്ടത്തിലും അനുയോജ്യരായ ഇടയന്മാരെ നല്കിയിട്ടുണ്ട്. അവരുടെ വാക്കുകളും പ്രവൃത്തികളും കത്തോലിക്കാവിശ്വാസികള്‍ക്ക് മാത്രമല്ല ലോകം മുഴുവനും മാതൃകയായിരുന്നു. ലോകസമാധാനത്തിനും, രാജ്യങ്ങള്‍തമ്മിലുളള സഹകരണത്തിനും, മതമൈത്രിക്കും പരിസ്ഥിതിസംരക്ഷണത്തിനും, ദരിദ്രരരുടെ ഉന്നമനത്തിനും, സഭകള്‍ തമ്മിലുളള കൂട്ടായ്മയ്ക്കും, അവര്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാന്‍ ആവാത്തതാണ്. എന്നാല്‍, തിരുസ്സഭാചരിത്രത്തിലെ ചില ഇരുണ്ടകാലഘട്ടങ്ങളെ ഇവിടെ തമസ്‌കരിക്കുന്നില്ല. വീഴ്ചകള്‍ സംഭവിക്കുക മാനുഷികമാണ്. ചരിത്രത്തില്‍ സംഭവിച്ച തെറ്റുകളെ തിരുത്തി മുന്‍പോട്ട് പോകുവാന്‍ സഭ എക്കാലത്തും ശ്രദ്ധിച്ചിരുന്നു. പ്രഥമ മാര്‍പാപ്പയായ വിശുദ്ധ പത്രോസ് ശ്ലീഹാ തന്റെ വീഴ്ചകളില്‍ നിന്നും പാഠം ഉള്‍കൊണ്ട് ഈശോയിലേക്ക് ഇരട്ടിസ്‌നേഹത്തോടെ തിരിച്ചെത്തിയ വ്യക്തിയാണല്ലോ. വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഈശോയുടെ വംശാവലിയിലൂടെ കണ്ണോടിച്ചാല്‍ നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില വ്യക്തികള്‍ അതില്‍ ഇടംപിടിച്ചിരിക്കുന്നതായി കാണാം. അതുപോലെ തന്നെയാണ് വിശുദ്ധ പത്രോസിന്റെ പിന്‍ഗാമികളുടെ കാര്യത്തിലും… അത് എന്തുകൊണ്ടാണ് എന്ന് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ചിലപ്പോള്‍ നമുക്കു സാധിച്ചെന്ന് വരില്ല…എല്ലാം ദൈവിക പദ്ധതിയുടെ ഭാഗമായി കാണാനാണ് ആഗ്രഹം.

ഫാ. മാത്യു (ജിന്റോ) മുര്യങ്കരി