മറവിരോഗം അഥവാ അൾഷിമേഴ്‌സ്: അറിയേണ്ട ചില കാര്യങ്ങൾ

ഡോ. സെമിച്ചൻ ജോസഫ്

ചിലർ മറക്കാൻ ശ്രമിക്കുന്നു
ചിലർ മറന്നെന്നു നടിക്കുന്നു
ചിലതൊക്കെ മറന്നിരിക്കുന്നു
ചിലപ്പോൾ മറവി അനുഗ്രഹമാകുന്നു
മറക്കുക നിൻ ദുഃഖങ്ങളെ
മറക്കാതിരിക്കുക നീ പിന്നിട്ട
വഴികളും താങ്ങായ കൈകളും

മുഖപുസ്തകത്തിൽ ആരോ കുറിച്ചിട്ട വരികൾ മറവിയുടെ വ്യത്യസ്ത മാനങ്ങളെ ഓർമ്മപ്പെടുത്തുന്നു. എന്നാൽ ചിലർക്കെങ്കിലും മറവി ഒരു രോഗപീഡയാണ്. പ്രിയപ്പെട്ട ഓർമ്മകളത്രയും ഓർത്തെടുക്കാൻ കിണഞ്ഞു പരിശ്രമിച്ചാലും നിസ്സഹായരായി പോകുന്ന മനുഷ്യർ. അവരെ നോക്കി നെടുവീർപ്പെടാൻ മാത്രം വിധിക്കപ്പെട്ട ബന്ധുജനങ്ങളും സുഹൃത്തുക്കളും. ഒരു ദിനാചരണത്തിൽ പറഞ്ഞൊതുക്കാനാവുന്നതല്ല മറവിരോഗവും അതിന്റെ വൈവിധ്യമാർന്ന സാമൂഹ്യമാനങ്ങളും.

എന്താണ് മറവി രോഗം അഥവാ അൾഷിമേഴ്സ്

മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളിൽ ഒന്നുമാത്രമാണ് എല്ലാവരും ‘മറവിരോഗം’ എന്നുവിളിക്കുന്ന അൽഷിമേഴ്‌സ് രോഗം (Alzheimer’s disease). പക്ഷാഘാതം, തലച്ചോറിലെ മുഴകൾ, എച്ച്.ഐ.വി അണുബാധ, പാർക്കിൻസൺസ് രോഗം, രക്താർബുദമായ ലിംഫോമ തുടങ്ങി നിരവധി രോഗങ്ങളുടെ ഭാഗമായും മറവി രോഗം അനുഭവപ്പെടാറുണ്ട്. മസ്തിഷ്കത്തിലുള്ള നാഡീകോശങ്ങള്‍ ദ്രവിക്കുകയും തുടർന്ന് പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാൾ അല്‍ഷിമേഴ്‌സ് രോഗിയായിത്തീരുന്നത്. ഒരിക്കല്‍ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനര്‍ജീവിപ്പിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സ നിലവിലുണ്ടെന്ന് പറയാൻ കഴിയില്ല.

ലക്ഷണങ്ങള്‍ തിരിച്ചറിയാം, കാരണങ്ങളും

രോഗം വരുവാനുള്ള കാരണങ്ങള്‍ കണ്ടെത്താൻ ശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. എങ്കിലും പ്രായം കൂടുന്താറുമാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അപൂർവമായി ചെറുപ്പക്കാരിലും രോഗം കണ്ടുവരുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ കൂടുതലുള്ളത്. പെതുവെ പ്രായം കൂടിവരുന്നതിനനുസരിച്ച് രോഗസാധ്യതയും വർധിക്കുന്നു. വളരെ സാവധാനത്തിൽ പുരോഗമിക്കുന്നതിനാൽ രോഗത്തെ പലപ്പോഴും തിരിച്ചറിയാനാവില്ല. രോഗത്തിന്റെ ഗൗരവമല്ലാത്ത അവസ്ഥയെ സാധാരണ മറവിയായോ പ്രായത്തിന്റെ പ്രശ്നമായോ തെറ്റിദ്ധരിക്കപ്പെടുന്നു. പിന്നീട് കാലക്രമേണ ഓര്‍മശക്തി കുറഞ്ഞുവരുന്നതോടെ രോഗം തിരിച്ചറിയാൻ തുടങ്ങും. എറ്റവും ഒടുവിലെ സംഭവങ്ങളാണ് സാധാരണ ആദ്യം മറവിയിലേക്ക് മായുന്നത്. തുടർന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലം പേരുകളും വസ്തുക്കളുടെ പേരുകളും ഓർമ്മിച്ചെടുക്കാൻ കഴിയാതാവും. രോഗം ഗുരുതരമാവുന്നതോടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാനോ കഴിയാതാവും. തുടർന്ന് ചലിക്കാൻപോലും കഴിയാതെ കിടപ്പിലാവുകയും ജീവിതം പൂർണമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരികയും ചെയ്യും. ഇതിനുപുറമെ മാനസിക പ്രശ്നങ്ങളും കണ്ടുതുടങ്ങും. ഇല്ലാത്ത കാഴ്ചകൾ കാണുന്നതായും ശബ്ദങ്ങൾ കേൾക്കുന്നതായും പരാതിപ്പെടും. സ്വന്തമല്ലെന്ന് കരുതി ചിലപ്പോൾ വീടുവിട്ട് പുറത്തേക്ക് പോകാനും സാധ്യതയുണ്ട്. അപ്രതീക്ഷിതമായി സന്ദർഭത്തിന് നിരക്കാത്ത രീതിയിൽ ലൈംഗിക ചേഷ്ടകളും ഇവര്‍ കാണിക്കും.

കരുതിയിരിക്കാം

മറവി രോഗത്തിന് നൂറുശതമാനം ഫലപ്രദമായ ഔഷധങ്ങൾ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. രോഗാവസ്ഥ വർദ്ധിക്കാതിരിക്കാനും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്ന ഔഷധങ്ങളാണ് ഇപ്പോൾ ചികിത്സക്കായി ഉപയോഗിക്കുന്നത്. എഴുത്ത്, വായന, ആശയവിനിമയം, കണക്കുകൂട്ടൽ തുടങ്ങിയ മാനസികക്ഷമത നിലനിർത്തനുള്ള പ്രവർത്തനങ്ങൾ മുടങ്ങാതെ ചെയ്യുകയും വ്യായാമത്തിലൂടെ ശരീരത്തിെന്റെ പ്രവർത്തനം നിലനിർത്തുകയും ചെയ്യണം. പാരമ്പര്യമായി രോഗ സാധ്യതയുള്ളവർ കൂടുതൽ ശ്രദ്ധപുലർത്തണം. പോഷകാഹാരങ്ങൾ കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, മാനസ്സിക സമ്മർദ്ദങ്ങൾ ഒഴിവാക്കുക, മദ്യപാനം പുകവലി പോലുള്ള ദുശീലങ്ങൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും. അൽഷിമേഴ്സ് രോഗത്തിൻറ ചികിത്സയിൽ രോഗിയെ പരിചരിക്കുന്നവർക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും രോഗിയുടെ നിസ്സഹായതയെക്കുറിച്ചും രോഗിയോട് പെരുമാറേണ്ട വിധത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ബന്ധുക്കൾ മനസ്സിലാക്കണം. രോഗിക്ക് എല്ലാവിധത്തിലുമുള്ള മാനസിക -ശാരീരിക പിന്തുണ നൽകുകയാണ് രോഗ ശുശ്രൂഷയിൽ പ്രധാനം.

അൾഷിമേഴ്സ് ദിനം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 76 അൽഷെമേഴ്സ് ഘടകങ്ങളുടെ കൂട്ടായ്മയായ അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണൽ (Alzheimer’s Disease International) ലിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷെമേഴ്സ് ദിനമായി ആചരിക്കുന്നു. അൾഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇതിനോടുള്ള ഭയം കുറയ്ക്കുകയുമാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. Know Dementia, Know Alzheimer’s എന്ന കഴിഞ്ഞ വർഷത്തെ പ്രമേയം ഈ വർഷവും സ്വീകരിച്ചിരിക്കുന്നത്. മലയാളിയായ അന്തരിച്ച ഡോ.കെ. ജേക്കബ് റോയി തുടക്കം കുറിച്ച അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) എന്ന സന്നദ്ധ സംഘടന ഈ മേഖലയിൽ അനേകർക്ക്‌ വെളിച്ചം നൽകിയ പ്രസ്ഥാനമാണ്.

ഡോ. സെമിച്ചൻ ജോസഫ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.