ആയിരങ്ങളുടെ വിശ്വാസം നെഞ്ചേറ്റുന്ന അര്‍ത്തുങ്കല്‍ ദേവാലയം 

വിശുദ്ധ സെബാസ്ത്യനോസ് പുണ്യാളന്റെ തിരുനാള്‍ പ്രശസ്തമായി കൊണ്ടാടുന്ന കേരളത്തിലെ പള്ളികളില്‍ ഒന്നാണ് അര്‍ത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്ക. മാധ്യസ്ഥം പ്രാർഥിക്കുന്നവർക്കു രോഗശാന്തിയേകുന്ന വിശുദ്ധനോടുള്ള വിശ്വാസതീവ്രതയിൽ പതിനായിരങ്ങളാണ് ഓരോ വര്‍ഷവും ഈ ദേവാലയം സന്ദര്‍ശിച്ചു മടങ്ങുന്നത്. ഈ വർഷത്തെ മകം പെരുന്നാളിന് അർത്തുങ്കൽ പള്ളി ഒരുങ്ങുകയയാണ്. ഇനി പതിനെട്ടു നാൾ നീണ്ടു നിൽക്കുന്ന വിശ്വാസത്തിന്റെ ആഘോഷങ്ങൾക്ക് സാക്ഷിയാവുകയാണ് സെന്റ് ആൻഡ്രൂസ് ബസിലിക്ക.

കടൽത്തീരത്ത‍ാണ് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക സ്ഥിതിചെയ്യുന്നത്. 372 വർഷം മുൻ‍പ് ഇറ്റലിയിൽ നിന്നു കപ്പൽമാർഗം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം ദേവാലയത്തില്‍ എത്തിയതോടെയാണ് ഈ ദേവാലയം കേരള ചരിത്രത്തില്‍ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്ന പ്രധാന പള്ളികളില്‍ ഒന്നായത്. കരിങ്കൽ നിർമിതമായ ദേവാലയത്തിന്റെ തറക്കല്ലിട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണെങ്കിലും അമ്പതു വര്‍ഷങ്ങള്‍ കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. മുഴുവനായും കരിങ്കല്ലില്‍ തീര്‍ത്ത പള്ളിയുടെ നിര്‍മ്മാണത്തിനായി കിഴക്കൻ മലകളിൽ‍ നിന്നുള്ള കരിങ്കല്ല് വേമ്പനാട്ടു കായലിലും തുടർന്ന് ഇടത്തോടുകൾ വഴി അർത്തുങ്കലിലും എത്തിക്കുകയായിരുന്നു.

സെബസ്ത്യാനോസ് പുണ്യാളന്‍റെ തിരുന്നാളിനോട് അനുബന്ധിച്ചു ഏറ്റവും പ്രാധാന്യമുള്ള നേർച്ച അമ്പ് എഴുന്നള്ളിക്കലാണ്. കൂടാതെ ശാരീരികവൈകല്യങ്ങളുള്ളവർ അ‍തിന്റെ ദുരിതം മാറുന്നതിന് ആൾരൂപം സമർപ്പിക്കുന്ന ചടങ്ങുമുണ്ട് ഇവിടെ. കടൽ പുറത്തു നിന്ന് പള്ളിയിലേയ്ക്ക്  ശയനം വയ്ക്കുന്നതും  മുട്ടിന്മേൽ നീന്തുന്നതും വിശ്വാസികളുടെ ആഴത്തിലുള്ള പ്രാർത്ഥനാനുഭവത്തില്‍ നിന്നും ഉടലെടുത്തവയാണ്.

ഏകദേശം 1,750 കുടുംബങ്ങളിലായി അയ്യായിരത്തിലധികം വിശ്വാസികളാണ് അർത്തുങ്കൽ ഇടവകയിലുള്ളത്. 54 കൂട്ടായ്മകളായി തിരിച്ചിരിക്കുന്ന വിശ്വാസികളുടെ നേതൃത്വത്തിലാണ് എല്ലാ വ്യാഴാഴ്ചയും നടക്കുന്ന അന്നദാന ശുശ്രൂഷ നടക്കുന്നത്. തിരുന്നാൾ ദിവസങ്ങളിൽ അനിയന്ത്രിതമായി ഒഴുകിയെത്തുന്ന തീർത്ഥാടകരുടെ സമൂഹത്തെ നിയന്ത്രിക്കുന്നതിനും അവർക്കാവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനും ഇടവക ജനങ്ങൾ ശ്രദ്ധിച്ചു പോരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.