അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ 372ാമത് മകരം തിരുനാളിനു കൊടിയേറി

ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ  മകരം തിരുനാളിന് അറിയിപ്പ് കതിനകളുടെ തുടക്കമായി. 372ാമത് മകരം തിരുനാളിന് വൈകുന്നേരം ഏഴിനു ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കൊടിയേറ്റി.

കൊടി ഉയര്‍ത്തല്‍ ചടങ്ങില്‍ ബസിലിക്ക റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍ വിശ്വാസപ്രഖ്യാപനം ചൊല്ലിയപ്പോള്‍ കത്തിച്ച മെഴുകുതിരികള്‍ ഉയര്‍ത്തി പിടിച്ച് വിശ്വാസികള്‍ ഏറ്റുചൊല്ലി. തുടര്‍ന്നു നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്കും ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സേവ്യര്‍ കുടിയാംശേരിയില്‍ സന്ദേശം നല്‍കി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ പള്ളിയില്‍നിന്ന് ആരംഭിച്ച പതാക പ്രയാണത്തില്‍ അര്‍ത്തുങ്കല്‍ പള്ളി കമ്മിറ്റി അംഗങ്ങള്‍, സന്നദ്ധസേന, വിവിധ സംഘടനകളില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ അണിനിരന്നു.

ബസിലിക്കയും അങ്കണവും പൂര്‍ണമായി വൈദ്യുതദീപങ്ങളാല്‍ അലംകൃതമായിരുന്നു. കൊടിയേറ്റം കാണാന്‍ ആയിരങ്ങള്‍ പള്ളിയങ്കണത്തില്‍ നിറഞ്ഞിരുന്നു. കടലോരത്തും കിഴക്കോട്ടും വ്യാപിച്ച ആരവം കിലോമീറ്ററുകള്‍ അകലെവരെ അര്‍ത്തുങ്കല്‍ പള്ളിയില്‍ കൊടിയേറിയ വിവരം പങ്കുവച്ചു. പ്രധാന ദിനമായ 20നു വൈകുന്നേരം നാലിനാണ് പ്രശസ്തമായ അര്‍ത്തുങ്കല്‍ വെളുത്തച്ഛന്റെ എഴുന്നള്ളത്ത്. 27 നു രാത്രി 12നു നട അടയ്ക്കുന്നതോടെ തിരുനാളിനു സമാപനമാകും. അമ്പു നേര്‍ച്ചയും വെള്ളി നേര്‍ച്ചയും, ഉരുളുനേര്‍ച്ചയും അര്‍ത്തുങ്കല്‍ തിരുനാളിനോടനുബന്ധിച്ച് നടക്കും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.