വേദനിപ്പിക്കുന്ന അവസ്ഥകളില്‍ ആശ്വാസം പകര്‍ന്നത് മദര്‍ തെരേസ: അര്‍ജന്റീനിയന്‍ എഴുത്തുകാരന്റെ സാക്ഷ്യം 

    തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അവസ്ഥയില്‍ മദര്‍ തെരേസയുടെ മനോഭാവമാണ് തന്നെ പിടിച്ചുയര്‍ത്തിയതെന്ന് അര്‍ജന്റീനക്കാരന്‍ എഴുത്തുകാരന്‍. ജീസസ് മരിയ സില്‍വേറയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. തന്റെ മകള്‍ മരിച്ച വേദനയില്‍ തനിക്ക് ആശ്വാസം പകര്‍ന്നത് മദര്‍ തെരേസയാണെന്ന് സില്‍വേറ പറയുന്നു.

    ജീസസ് മരിയ സില്‍വേറയുടെ മകള്‍ക്ക് ക്യാന്‍സര്‍ ആയിരുന്നു. 11 വര്‍ഷം മരണത്തോട് മല്ലടിച്ച് കഴിഞ്ഞിരുന്ന തന്റെ മകളുടെ മരണം അദ്ദേഹത്തെ കുറച്ചൊന്നും അല്ല വേദനിപ്പിച്ചത്.  ദുഃഖത്തിന്റെ ആഴങ്ങളില്‍ കൂടി അദ്ദേഹം കടന്നു പോയി. ആ വേദനയില്‍ നിന്ന് അദ്ദേഹത്തെ കരകയറാന്‍ സഹായിച്ചത് മദര്‍ തെരേസയുടെ ജീവിത മാതൃകയായിരുന്നു.

    ഒരിക്കല്‍ തന്റെ ആറു കുട്ടികളെയും കൂട്ടിക്കൊണ്ട് അദ്ദേഹം അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേര്‍സില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം,  മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകളെ നോക്കാനായി നടത്തുന്ന സ്ഥാപനം സന്ദര്‍ശിക്കാനിടയായി. അവിടെ എഴുതി വച്ചിരുന്ന, ‘എനിക്ക് ദാഹിക്കുന്നു’ എന്ന വാചകം അദ്ദേഹത്തിന്റെ ജീവിതത്തെയും എഴുത്തിനെയും ഏറെ സ്വാധീനിച്ചു.

    തുടര്‍ന്ന് അദ്ദേഹം മദര്‍ തെരേസയെക്കുറിച്ച് കൂടുതല്‍ അറിയുവാനും അന്വേഷിക്കുവാനും തുടങ്ങി. അത് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. പിന്നീട് അദ്ദേഹം മദര്‍ തെരേസയ്ക്ക് ഇന്ത്യയില്‍ പ്രിയങ്കരമായിരുന്ന നാലു സ്ഥലങ്ങള്‍ വന്നു സന്ദര്‍ശിച്ചു. മദര്‍ തെരേസ പാവങ്ങള്‍ക്കായി ഒരുപാട് സഹിച്ചു എന്നും കല്‍ക്കട്ടയിലെ തെരുവുകളിലെ പാവങ്ങള്‍ക്കായി മദര്‍ ധാരാളം വേദനകള്‍ ഏറ്റെടുത്തു എന്നും ജീസസ് മരിയ പറയുന്നു. ഒരു മനുഷ്യ സ്ത്രീയ്ക്ക് ഇത്രയും സഹിക്കാന്‍ കഴിഞ്ഞല്ലോ എന്ന തോന്നല്‍ പലപ്പോഴും തനിക്ക്  അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.