കുഞ്ഞുങ്ങളെയോർത്ത് നിങ്ങൾ ആകുലരാണോ..? എങ്കിൽ വിശുദ്ധ ഗ്രന്ഥത്തിലൂടെ ദൈവം നിങ്ങളോട് സംസാരിക്കുന്നു

    നാം നമ്മുടെ സ്നേഹം മുഴുവൻ പകർന്നുകൊടുക്കുന്നത് നമ്മുടെ കുഞ്ഞുങ്ങൾക്കാണ്. അവരോടുള്ള സ്നേഹം എങ്ങനെ പറഞ്ഞറിയിക്കണം എന്ന് മാതാപിതാക്കൾക്ക് പലപ്പോഴും അറിയില്ല. അത്രയ്ക്ക് സ്നേഹമാണ് അവരോട്. ഈ സ്നേഹക്കൂടുതൽ കൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ പലവിധ ആകുലതകളും നമുക്കുണ്ടാകാം.

    കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയോർത്ത്, അവരുടെ പഠനത്തെക്കുറിച്ച്, അവർ പുറത്തുപോകുമ്പോൾ എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ച്, അവർ നമുക്ക് നഷ്ടപ്പെടുമോയെന്നോർത്ത് എന്തിന് അവർ കഴിക്കുന്ന ഭക്ഷണത്തെയും വെള്ളത്തെയും കുറിച്ചുള്ള ആകുലതകൾ… അങ്ങനെ നീണ്ടുപോകുന്നു. എന്തിന്, നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ചോർത്തു പോലും മാതാപിതാക്കൾക്ക് ആകുലതയാണ്. ഇത്തരം ആകുലതകളാൽ നിങ്ങളുടെ മനസ് അസ്വസ്ഥമാണോ? എങ്കിൽ വിശുദ്ധ ഗ്രന്ഥത്തിലൂടെ ഈശോയ്ക്ക് നിങ്ങളോട് പറയാനുള്ളത് എന്തെന്ന് കേട്ടുനോക്കൂ…

    1. “സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണ്ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണ്ണനായിട്ടില്ല” (1 യോഹ. 4: 18).

    നമുക്ക് സഹായം നൽകുന്നവൻ ദൈവമായ കർത്താവാണ്. അവിടുന്ന് സ്നേഹമാണ്. അവിടുത്തെ സ്നേഹം നമ്മുടെ ഭയത്തെ ഇല്ലാതാകുന്നു. സ്നേഹം ദൈവികമാണെങ്കിൽ അവിടെ ഭയം ഉണ്ടാവില്ല എന്നും ഭയമേറുമ്പോൾ ദൈവത്തിലേക്ക് ഓടിയടുക്കാൻ മറക്കരുതെന്നും ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.

    2. “പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍. പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്ക് ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്” (അപ്പ. പ്രവ. 2: 38-39).

    ഈ വചനം, മാമ്മോദീസായിലൂടെ പരിശുദ്ധാത്മാവായ സഹായകൻ നമ്മുടെ ഉള്ളിലേയ്ക്കെത്തുമെന്നും നമ്മുടെ ഭയം അകറ്റുകയും നമുക്കൊപ്പം സദാ ആയിരിക്കുകയും ചെയ്യുമെന്നും ഉറപ്പ് നൽകുന്നു.

    3. “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും” (ഫിലി. 4: 6-7).

    കുഞ്ഞുങ്ങളെക്കുറിച്ചുള്ള നമ്മുടെ ആകുലതകൾ നമുക്ക് ദൈവത്തിൽ സമർപ്പിക്കാം. ഒപ്പംതന്നെ ദൈവത്തിലുള്ള വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുകയും ചെയ്യാം.