നിങ്ങൾ ടെൻഷനിലാണോ? എങ്കില്‍ ഈ വിശുദ്ധയോട് പ്രാർത്ഥിക്കൂ

ലിസ്യൂവിലെ വി. കൊച്ചുത്രേസ്യയെ ഒരു വലിയ പവർ ഹൗസ് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. വെറും 23 വർഷങ്ങൾ മാത്രമേ ഈ വിശുദ്ധ ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ. എന്നാൽ ഈ ചുരുങ്ങിയ കാലയളവു കൊണ്ട് സഭ അവളെ ‘വേദപാരംഗതയായി’ പ്രഖ്യാപിച്ചു. മറ്റു വിശുദ്ധരിൽ നിന്നും അവളെ വ്യത്യസ്തമാക്കുന്ന ഒരു പ്രത്യേക പദവി കൂടിയാണിത്.

കുഞ്ഞുകാര്യങ്ങളുടെ ഈ മദ്ധ്യസ്ഥയ്ക്ക് ചെറുപ്പം മുതൽ തന്നെ സ്വർഗ്ഗത്തിൽ പോകാൻ അതിയായ ആഗ്രഹമായിരുന്നു. അതിനാൽ തന്നെ എന്തെങ്കിലും ചെറിയ തെറ്റുകൾ ചെയ്താൽ പോലും അത് എല്ലാവരും അറിയണമെന്നും അവൾ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ചുമരിൽ ഒട്ടിച്ചുവച്ചിരുന്ന ഒരു പേപ്പർ അവള്‍ വലിച്ചുകീറുകയുണ്ടായി. ഉടനെ അത് തന്റെ പിതാവിനോട് അക്കാര്യം പറയാന്‍ അവള്‍ ആഗ്രഹിച്ചു. അവൾ അതീവ ഉത്ക്കണ്ഠാകുലയായിരുന്നു. നാലു മണിക്കൂർ കഴിഞ്ഞ് പിതാവ് തിരികെയെത്തിയപ്പോഴേക്കും എല്ലാവരും അക്കര്യം മറന്നുപോയിരുന്നു. എന്നാൽ ഉടനെ സഹോദരിയുടെ അടുക്കലെത്തി താൻ ആ പേപ്പർ വലിച്ചുകീറിയെന്ന് പപ്പായോട് പറയണമെന്ന് അവള്‍ അഭ്യർത്ഥിച്ചു. അവൾക്കുള്ള ശിക്ഷ ഏറ്റുവാങ്ങണമെന്ന് അവൾ നിർബന്ധം പിടിച്ചിരുന്നു. ഇതായിരുന്നു അവളുടെ ഏറ്റവും വലിയ ഉപായമായി അവൾ സ്വീകരിച്ചത്. മനസ്സിൽ എന്തെങ്കിലും വിഷമതകൾ ഉണ്ടെങ്കിൽ കൂടിയും അത് മറ്റുള്ളവരോട് പറയുകയും ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുക എന്ന പോംവഴിയായിരുന്നു വി. കൊച്ചുത്രേസ്യ സ്വീകരിച്ചിരുന്നത്.

നമ്മുടെ മനസ്സിലും ആകുലതകളും വിഷമതകളും വന്നു നിറയുമ്പോൾ ദൈവത്തോടും വിശ്വസ്തരായ സുഹൃത്തുക്കളോടും മാതാപിതാക്കളോടും പങ്കുവയ്ക്കുന്നതിനോടൊപ്പം വി. കൊച്ചുത്രേസ്യയോടും പറയാവുന്നതാണ്. ചിലപ്പോൾ കൊച്ചുകാര്യങ്ങളാണെകിൽ കൂടിയും ഈ വിശുദ്ധ നമ്മുടെ വലിയ ആകുലതകളെയും ആശങ്കകളെയുമെല്ലാം എടുത്തുമാറ്റുകയും നമുക്കും സ്വർഗ്ഗത്തില്‍ എത്തിച്ചേരാനുള്ള മാർഗ്ഗം പറഞ്ഞുതരികയും ചെയ്യും. അതിനാൽ ടെൻഷൻ വരുമ്പോഴൊക്കെ ലിസ്യൂവിലെ വി. കൊച്ചുത്രേസ്യായോട് ഒന്ന് പ്രാർത്ഥിച്ചു നോക്കൂ. എല്ലാ ഭാരങ്ങളും ഇല്ലാതാകും.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.