കുഞ്ഞുങ്ങള്‍ കരിയറിനു തടസ്സമോ?

സിനിമാ ലോകത്തും സാമൂഹ്യമാധ്യമങ്ങളിലും ഈ നാളുകളില്‍ ഒത്തിരി ചര്‍ച്ചാവിഷമായ ഒരു സിനിമയാണ് ‘സാറാസ്.’ ശ്രീ. ജൂഡ് ആന്റണി സംവിധാനം ചെയ്ത പ്രസ്തുത സിനിമയിലെ സാറാ എന്ന കഥാപാത്രം പല കാരണങ്ങളാലും ശ്രദ്ധിക്കപ്പെടുന്നു.

സ്‌കൂള്‍ പ്രായത്തില്‍ തന്നെ സമപ്രായക്കാരായ ആണ്‍കുട്ടികളോട് അടുപ്പവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന അവള്‍ ‘സിംഗിൾ’ ആയി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു സിനിമാ സംവിധായിക ആകുക എന്ന തന്റെ സ്വപ്ന-കരിയര്‍ തേടിയുള്ള യാത്രയില്‍ ജീവന്‍ എന്ന യുവാവുമായി അവള്‍ പരിചയത്തിലാകുന്നു. സാവകാശം അവര്‍ വിവാഹിതരാകുന്നു. അമ്മയാകാന്‍ ആഗ്രഹിക്കാത്ത അവള്‍, താന്‍ ഗര്‍ഭിണിയാണെന്ന് യാദൃശ്ചികമായി തിരിച്ചറിയുമ്പോള്‍ ഏറെ അസ്വസ്ഥയാകുന്നു. വിദഗ്ധരുടെ ഉപദേശങ്ങളുടെ വെളിച്ചത്തില്‍ ഗര്‍ഭസ്ഥശിശുവിനെ അബോര്‍ഷന്‍ നടത്തുന്നു. ഇതാണ് സിനിമയുടെ പ്രധാന പ്രമേയം.

‘കരിയറിന് പ്രഥമസ്ഥാനം നല്കുന്ന ഈ പെണ്‍കുട്ടി ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന പുതിയ ചിന്ത പുലര്‍ത്തുന്ന ഒരാളാണ്. യുവതലമുറയില്‍ മാറിവരുന്ന വഴിവിട്ട സ്വതന്ത്രചിന്താരീതികള്‍ ഈ ചലച്ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. സാമ്പ്രദായിക ചിന്താരീതികളില്‍ നിന്ന് വിട്ട് മാറ്റങ്ങള്‍ക്കായി കൊതിക്കുന്ന യുവതയില്‍ കുറെപ്പേരെങ്കിലും ഈ സിനിമയിലെ നൂതന കാഴ്ചപ്പാടുകളെ സ്വാഗതം ചെയ്യുന്നുമുണ്ട്.

സാറാസ് എന്ന കഥാപാത്രം പുലര്‍ത്തുന്ന ചില നിലപാടുകളോടുള്ള പ്രതിഷേധമാണ് ഈ ലേഖനം. ‘അമ്മയാകുന്നതിന്റെ സന്തോഷം’ കുട്ടികളുണ്ടാകുന്നത് ഭാരമാണെന്ന നവചിന്താധാരയെ ഈ സിനിമ അവതരിപ്പിക്കുന്നു. ശരീരം തങ്ങളുടെ മാത്രം അവകാശമാണെന്നും പ്രസവിക്കുവാന്‍ തങ്ങള്‍ക്ക് മനസ്സില്ലെന്നും പ്രസവം തങ്ങളുടെ സ്വാതന്ത്ര്യമാണെന്നും വാദിക്കുന്നവര്‍ തിരിച്ചറിയേണ്ടത്, നമ്മുടെ അമ്മമാര്‍ ഈ വിശുദ്ധ നിയോഗം ഉദാരതയോടെ ത്യാഗപൂര്‍വ്വമായി ഏറ്റെടുത്തതുകൊണ്ടല്ലേ നാം ഇന്ന് ഈ ഭൂമിയില്‍ ആയിരിക്കുന്നത് എന്ന വസ്തുതയാണ്.

സ്രഷ്ടാവായ ദൈവം മനുഷ്യനെ തന്റെ ഛായയിലും സ്വാദൃശ്യത്തിലും സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ച് അവര്‍ക്കു നല്കിയ ഉദാത്തമായ നിയോഗമാണ് മാതൃത്വവും പിതൃത്വവും. തലമുറകളും മനുഷ്യവംശവും അനസ്യൂതം തുടരുന്നത് നമ്മുടെ മാതാപിതാക്കള്‍ ഈ ദൗത്യം ഉത്തരവാദിത്വപൂര്‍വ്വം സന്മനസ്സോടെ നിര്‍വ്വഹിക്കുന്നതുകൊണ്ടാണ്. ഒരു മനുഷ്യവ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയ്ക്കും സാമൂഹിക ഉള്‍ച്ചേരലിനും മാതാവും പിതാവും അത്യന്താപേക്ഷിതമാണ്. ഗര്‍ഭധാരണത്തിന്റെയും മാതാവും പിതാവും ആകുന്നതിന്റെയും സന്തോഷത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ‘സ്‌നേഹത്തിന്റെ സന്തോഷം’ എന്ന അപ്പസ്‌തോലിക പ്രബോധനത്തിന്റെ അഞ്ചാം അദ്ധ്യായത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് (ഖണ്ഡിക 170-171).

“മാതാപിതാക്കള്‍ ദൈവത്തിന്റെ മാതൃ-പിതൃഭാവങ്ങളില്‍ പങ്കുചേരുന്നു. ദാമ്പത്യത്തിലെ സമ്പൂര്‍ണ്ണമായ സമര്‍പ്പണവും ദാമ്പത്യബന്ധങ്ങളും ദൈവകൃപ ഒഴുകിയിറങ്ങുന്ന വിശുദ്ധവേദികളാണ്” (ഖണ്ഡിക 74). പരസ്പരം ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്യുന്ന ദമ്പതികള്‍ പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കണുകളായി മാറുന്നുവെന്നും പാപ്പാ പഠിപ്പിക്കുന്നു. (ഖണ്ഡിക 11) ‘കുഞ്ഞുങ്ങള്‍ വേണ്ട, പ്രണയം മാത്രം മതി’ എന്നു പറയുന്ന ചിന്ത സമകാലിക ലോകത്തില്‍ വളര്‍ന്നുവരുന്ന സ്വാര്‍ത്ഥതയുടെയും താന്‍പോരിമയുടെയും പ്രതിഫലനമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കുഞ്ഞുങ്ങള്‍ അനുഗ്രഹീത ഫലങ്ങള്‍

‘സാറാസ്’ സിനിമയിലെ ശക്തമായ മറ്റൊരു പ്രമേയമാണ് കുഞ്ഞുങ്ങള്‍ കരിയറിന് തടസ്സമാകുമെന്നുള്ള ചിന്ത. ലോകമെമ്പാടുമുള്ള അമ്മമാരില്‍ ഏറിയ പങ്കും വീടിനു പുറത്ത് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിസ്തുലമായ ശുശ്രൂഷകള്‍ ചെയ്യുന്നവരാണ്. അദ്ധ്യാപകര്‍, ആതുരശുശ്രൂഷകര്‍, ബാങ്ക് ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കോടതി ജഡ്ജിമാര്‍, നിയമവിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, കമ്പനി മാനേജര്‍മാര്‍, ഭരണചക്രം തിരിക്കുന്നവര്‍, നയതന്ത്രജ്ഞര്‍, കായികതാരങ്ങള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകര്‍, സാഹിത്യകാരന്മാര്‍, സിനിമാ സംവിധായകര്‍, ബഹിരാകാശ യാത്രികര്‍ തുടങ്ങി രാഷ്ട്രത്തലവന്മാര്‍ വരെ അമ്മമാരായ പ്രമുഖരില്‍പെടും. അവരാരും കുഞ്ഞുങ്ങള്‍ തങ്ങളുടെ കരിയറിനു തടസ്സമാകുന്നുവെന്ന് പരാതി പറഞ്ഞു കേട്ടിട്ടില്ല. നേരെ മറിച്ച് കരിയറും മാതൃത്വവും പരമാവധി സമന്വയിപ്പിക്കുവാന്‍ ശ്രമിക്കുന്നവരാണ് അവരെല്ലാവരും തന്നെ.

‘ഓരോ കുഞ്ഞും ദൈവത്തിന്റെ സജീവമായ സാക്ഷ്യ’മാണെന്ന് വി. ജോണ്‍പോള്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭാരതീയ ചിന്തകനായ രവീന്ദ്രനാഥ ടാഗോറും ഈ ചിന്ത തന്നെ ഗീതാഞ്ജലിയില്‍ പങ്കുവയ്ക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ ഓടിക്കളിച്ചുല്ലസിക്കുന്ന കുടുംബങ്ങളിലെ സന്തോഷവും സംതൃപ്തിയും അവര്‍ണ്ണനീയങ്ങളാണ്. കുഞ്ഞുങ്ങളുടെ പുഞ്ചിരിയില്‍ എത്ര കഠിനഹൃദയമുള്ള മനുഷ്യന്റെയും ഹൃദയം തരളിതമാകുന്നു. ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ പേറുന്ന നാമെല്ലാം കുറച്ച് സമയത്തേക്കെങ്കിലും അവയെല്ലാം മറന്നുപോകുന്നു.

ഉദരഫലങ്ങള്‍ ദമ്പതികളുടെ അവകാശമോ കേവലം സ്വകാര്യവസ്തുവോ അല്ല. മറിച്ച് അമൂല്യമായ ദൈവദാനമാണെന്ന ചിന്ത വേദപുസ്തകവും കത്തോലിക്ക ധാര്‍മ്മിക പ്രബോധനങ്ങളും പുലര്‍ത്തുന്ന സ്ഥായിയായ ചിന്തയാണ്. വിവാഹം ഫലദായകമാകുന്നത് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴാണ്. മാതൃത്വവും പിതൃത്വവും എല്ലാ കാലങ്ങളിലും എല്ലാ ദേശങ്ങളിലും ആഘോഷിക്കപ്പെടേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്. മാതാപിതാക്കളുടെ ത്യാഗങ്ങളും ശുശ്രൂഷകളും എന്നും നന്ദിയോടെ ഓര്‍ക്കേണ്ടവ തന്നെ.

ഒരു കൂട്ടര്‍ കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്ക്കുമ്പോഴും കുഞ്ഞുങ്ങളെ നശിപ്പിക്കുമ്പോഴും ഒരു കുഞ്ഞിക്കാലെങ്കിലും കാണാന്‍ കൊതിക്കുന്ന ധാരാളം ദമ്പതികള്‍ നമ്മുടെ ഇടയിലുണ്ട് എന്ന് നാം വിസ്മരിക്കരുത്. കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരുടെ വ്യക്തിത്വ വളര്‍ച്ചയും കുടുംബന്ധങ്ങളും കൂടുതല്‍ ഊഷ്മളമാകുന്നു. ഇതു പറയുമ്പോഴും കുടുംബാസൂത്രണം വേണ്ടെന്നല്ല വിവക്ഷിക്കുന്നത്. ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വവും പിതൃത്വവുമാണ് ഉണ്ടാകേണ്ടത്.

‘മനുഷ്യജീവന്‍ എന്ന അമൂല്യദാനം ‘ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശവുമാണ് ഗര്‍ഭച്ഛിദ്രം’ എന്ന ചിന്തയും ഈ ചലച്ചിത്രത്തിലുണ്ട്. ഈ ചിന്താരീതി പുലര്‍ത്തുന്നവര്‍ പറയുന്ന ന്യായം, മനുഷ്യജീവന്‍ അതിന്റെ ഭ്രൂണാവസ്ഥയില്‍ ഒരു വ്യക്തിയല്ല എന്ന വാദഗതിയാണ്. അതുകൊണ്ട് ഗര്‍ഭഛിദ്രം കൊലപാതകമാകുന്നില്ല എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യഭ്രൂണം ഒരു വ്യക്തിയാണെന്ന് ആധുനിക എംബ്രിയോളജിയും പൊതുധാര്‍മ്മികതയും ഒരുപോലെ സമ്മതിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഈ ഉദാത്തചിന്തയെ തള്ളിപ്പറയുന്ന ഏതൊരു പരിഷ്‌കൃതസമൂഹവും അതിന്റെ വില കൊടുക്കേണ്ടി വരുമെന്നുള്ളത് ഉറപ്പാണ്.

മനുഷ്യജീവന്‍ അനസ്യൂതമായ ഒരു തുടര്‍ച്ചയാണ്. ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ സ്വാഭാവികമായ അന്ത്യം വരെ അതീവശ്രദ്ധയോടെ പരിചരിക്കപ്പെടേണ്ടതാണ് മനുഷ്യജീവന്‍. മാതൃഗര്‍ഭം മുതലേ ജീവന്‍ ഒരു വ്യക്തിയാണെന്ന ചിന്ത തികച്ചും വേദപുസ്തകാധിഷ്ഠിതവും കത്തോലിക്കാ സഭയുടെ ശക്തമായ പഠനവുമാണ്. ‘ക്രൈസ്തവേതര വേദഗ്രന്ഥങ്ങളിലും ഈ ചിന്ത ശക്തമാണ്. ഭാരതീയ പൈതൃകത്തിലെ അമൂല്യനിക്ഷേപങ്ങളായ വേദങ്ങളും ഉപനിഷത്തുക്കളും ഗര്‍ഭഛിദ്രത്തെ കടുത്ത അപരാധമായിട്ടാണ് അവതരിപ്പിക്കുന്നത്. അത്ഭുതത്തോടും നന്ദിയോടും കൂടെ മാത്രമേ മനുഷ്യജീവനേയും മനുഷ്യവ്യക്തിയേയും സമീപിക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ. ഇതിന് വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും കണ്ണുകള്‍ വേണമെന്നത് തീര്‍ച്ചയാണ്.

‘വിവാഹവും കുടുംബവും സ്‌നേഹത്തിന്റെ ആഘോഷം.’ വിവാഹവും കുടുംബവും ഒരു ബാധ്യതയായി കരുതുന്ന ചിന്തയും ഈ സിനിമയിലുണ്ട്. വാസ്തവത്തില്‍ ഇവ രണ്ടും ഏതൊരു സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും സ്ഥായിയായ അടിത്തറയാണ്. ഓരോ മനുഷ്യവ്യക്തിയും ജനിക്കുന്നതും വളരുന്നതും പുഷ്പിക്കുന്നതും ഒടുവില്‍ കൊഴിഞ്ഞുവീഴുന്നതും കുടുംത്തിലാണ്. കേവലം ഒരു മാനുഷികസ്ഥാപനം മാത്രമല്ല ഇത്. പ്രത്യുത ഒരു ദൈവികപദ്ധതിയും രക്ഷാകര യാഥാര്‍ത്ഥ്യവുമാണ്.

കുടുംത്തെ ‘ഗാര്‍ഹികസഭ’ എന്നാണല്ലോ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശേഷിപ്പിക്കുന്നത്. കുടുംത്തിന്റെ സന്തോഷം സഭയുടെ സന്തോഷം തന്നെയെന്നാണ് ഫ്രാന്‍സിസ് പാപ്പായും പഠിപ്പിക്കുന്നത് (സ്‌നേഹത്തിന്റെ സന്തോഷം 1). കുടുംബം സ്‌നേഹത്തിന്റെ നിരന്തരമായ ആഘോഷവും ക്രമാനുഗതമായ വളര്‍ച്ചയും അസ്തമിക്കാത്ത സ്‌നേഹത്തിന്റെ കൂടാരവുമാണെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വിവാഹം ഒരു ഭാരമോ, പ്രശ്‌നമോ, നുകമോ ആയി കാണാതെ ദൈവത്തിന്റെ ആശീര്‍വ്വാദവും അനുഗ്രഹവുമായി കാണുവാനാണ് മാര്‍പാപ്പ ഉദ്‌ബോധിപ്പിക്കുന്നത്.

“സ്വതന്ത്രവും വിശ്വസ്തവും അന്യപ്രവേശമില്ലാത്തതുമായ സ്‌നേഹത്തില്‍, പരസ്പരം നല്കുന്ന, മരണം വരെ ഓരോ ആളും മറ്റേയാളുടേതായിരിക്കുകയും ജീവന്റെ കൈമാറ്റത്തോട് തുറന്നിരിക്കുകയും ചെയ്യുന്ന, ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും ഐക്യത്തിലാണ്. മിശിഹായും അവിടുത്തെ സഭയും തമ്മിലുള്ള ഐക്യത്തിന്റെ ഒരു പ്രതിഫലനം എന്ന നിലയ്ക്ക് ക്രൈസ്തവ വിവാഹം പൂര്‍ണ്ണമായി സാക്ഷാത്കൃതമാകുന്നത്. ഒരു ഗാര്‍ഹികസഭയായി തീരുന്നതിനും സമൂഹത്തിന് പുതുജീവന്റെ പുളിമാവാകുന്നതിനുമുള്ള കൃപ നല്കുന്ന കൂദാശയാല്‍ അവര്‍ വിശുദ്ധീകരിക്കപ്പെടുന്നു” (ഖണ്ഡിക 292) എന്ന വിശദീകരണം വിവാഹത്തെക്കുറിച്ചുള്ള വേദപുസ്തകത്തിന്റെയും നാളിതുവരെയുള്ള സഭാപ്രബോധനങ്ങളുടെയും തുടര്‍ച്ചയാണ്. ‘വൈവാഹിക സ്‌നേഹം ഒരു ദൈവവിളിയും വിശുദ്ധിയിലേയ്ക്കുള്ള ഒരു പാതയും’ എന്നതാണ് 2022 ജൂണ്‍ 22 മുതല്‍ 26 വരെ റോമില്‍ നടക്കാന്‍ പോകുന്ന പത്താമത് ലോക കുടുംബ സമ്മേളനത്തിന്റെ പ്രധാന പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.

വിവാഹത്തിന്റെയും കുടുംത്തിന്റെയും ശ്രേഷ്ഠത മനസ്സിലാക്കുവാനും വിലമതിക്കുവാനും കുടുംവര്‍ഷാചരണം പ്രചോദനമാകട്ടെ. ‘മനുഷ്യ ലൈംഗികതയുടെ മനോഹാരിത’ ലൈംഗികതയെ കേവലം ഉപഭോഗവസ്തുവായി കാണുന്ന ഒരു പ്രവണതയും പരോക്ഷമായി ഈ സിനിമയില്‍ നാം കാണുന്നു. സമകാലിക സംസ്‌കാരത്തിലും ഈ പ്രവണതയുടെ നിരവധി അനുരണനങ്ങള്‍ നാം ദര്‍ശിക്കുന്നുണ്ട്. സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങളും കുടുംബകലഹങ്ങളും ദാമ്പത്യ അവിശ്വസ്തതകളും ലൈംഗിക ദുരുപയോഗങ്ങളും ഇവയുമായി ബന്ധപ്പെട്ട ജീവഹത്യകളും ഇന്ന് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നു. പ്രണയാഭ്യര്‍ത്ഥനകള്‍ നിരസിക്കുന്ന പെണ്‍കുട്ടിയെ നിഷ്‌കരുണം കൊന്നുകളയുന്ന നീചമായ കൊലപാതകങ്ങളും കൂടിവരുന്നു. വിവാഹം കഴിക്കുവാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നു. പരിഭ്രമവും ഉത്കണ്ഠയും അവരില്‍ വര്‍ദ്ധിക്കുന്നു. ഇന്ന് വര്‍ദ്ധിച്ചുവരുന്ന പൊര്‍ണോഗ്രാഫിയുടെ വ്യാപനവും ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകുവാന്‍ ഇടയാക്കുന്നുണ്ട്.

സ്ത്രീ-പുരുഷ ലൈംഗികതയുടെ പൂരകത്വവും സ്ത്രീ-പുരുഷ ശരീരങ്ങളുടെ പ്രത്യേകതകളും നന്മകളും ആണ്‍-പെണ്‍ സൗഹൃദങ്ങളും പ്രണയങ്ങളും റൊമാന്‍സും ഈറോസുമെല്ലാം ഭാവാത്മകമായ ദൈവദാനങ്ങളും അനുഗ്രഹങ്ങളും മനുഷ്യനിലെ സ്വാഭാവികമായ അഭിവാഞ്ചകളുമാണെന്ന് നാം തിരിച്ചറിയണം. പക്ഷേ അവിടെയെല്ലാം മിതത്വത്തിന്റെയും ശുദ്ധതയുടെയും വൈവാഹിക ചാരിത്രശുദ്ധിയുടെയും ബ്രഹ്മചര്യവിശുദ്ധിയുടെയും ലക്ഷ്മണരേഖകളുണ്ടെന്നെ കാര്യം നാം വിസ്മരിക്കരുത്. ചാരിത്രശുദ്ധി വാസ്തവത്തില്‍ ഹൃദയത്തിന്റെ പുണ്യമാണ്. കഴുകന്റെ കണ്ണുകള്‍ക്കുമപ്പുറം അത്ഭുതത്തോടെയും നന്ദിയോടെയും ആദരത്തോടെയും സ്ത്രീ-പുരുഷശരീരങ്ങളെയും ഓരോ വ്യക്തിയെയും കാണുവാന്‍ കഴിയണം. മനുഷ്യവ്യക്തിത്വങ്ങളിലെ ലൈംഗിക വ്യത്യസ്തതകളേയും ഉള്‍ക്കൊള്ളുവാനും ആരേയും അതിരുവല്‍ക്കരിക്കാതിരിക്കുവാനും നമുക്ക് കഴിയണം. ഇതിന് നല്ല വീക്ഷണവിശാലതയും ചിത്തശുദ്ധിയും കണ്ണുകളുടെ വിശുദ്ധിയും ദൈവകൃപയും ഏറെ ആവശ്യമാണ്.

‘നമുക്ക് വേണ്ടത്’ ദൈവവിചാരവും മൂല്യബോധവും കുറയുന്ന ഈ കാലഘട്ടത്തിലും പക്വതയും തുറവിയുമുള്ള ജീവിതവീക്ഷണങ്ങളും ലോകദര്‍ശനവും മനുഷ്യദര്‍ശനവും ഉണ്ടാകണം. മതവിശ്വാസവും ധാര്‍മ്മികതയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയോ മനുഷ്യനെ വരിഞ്ഞുമുറുക്കുകയോ അല്ല, മറിച്ച് മനുഷ്യജീവിതത്തെ കൂടുതല്‍ ദീപ്തമാക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ സുവിശേഷത്തിലെ നിധിയും രത്‌നവും കണ്ടെത്തിയ മനുഷ്യനെപ്പോലെ ലൈംഗികതയും വിവാഹവും കുടുംബവും എന്നും തിളക്കമുള്ള നിധികളായിരിക്കട്ടെ. കരിയറിനെക്കാള്‍ ജീവനെ സ്‌നേഹിക്കുന്ന ഒരു ജീവന്റെ സംസ്‌കാരത്തെ പരിപോഷിപ്പിക്കുവാന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് കഴിയട്ടെ.

ഫാ. ഡോ. ഡൊമിനിക് വെച്ചൂര്‍, വടവാതൂര്‍ സെമിനാരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.