അടുക്കളത്തോട്ട വ്യാപനപദ്ധതിയുമായി കോട്ടയം അതിരൂപത

ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അടുക്കളത്തോട്ട വ്യാപനപദ്ധതി നടപ്പിലാക്കുന്നു.

അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 500 കുടുംബങ്ങള്‍ക്ക് അടുക്കളത്തോട്ടത്തിനായുള്ള പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ മലങ്കര കാത്തലിക് ചര്‍ച്ചില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.

ഭക്ഷ്യസുരക്ഷയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതോടൊപ്പം വിഷരഹിത പച്ചക്കറികളും ഉല്‍പാദിപ്പിച്ചെടുക്കണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറികള്‍ കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ഉല്‍പാദിപ്പിച്ചെടുക്കുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷികമേഖലയുടെ പുരോഗതിക്കായി ശാസ്ത്രീയ കൃഷിരീതികള്‍ അവലംബിക്കുന്നതോടൊപ്പം കൃഷിവകുപ്പിന്റെ സേവനങ്ങളും പ്രയോജനപ്പെടുത്തുവാന്‍ ആളുകള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, അതിരൂപതാ പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജെയിംസ് പട്ടത്തേട്ട്, പുനരൈക്യ ശതാബ്ദി സാമൂഹ്യക്ഷേമ കമ്മറ്റി കണ്‍വീനര്‍ ഫാ. ഷിജു വട്ടംപുറം, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ തോമസ് അറയ്ക്കത്തറ, ത്രേസ്യാമ്മ കുരുവിള  എന്നിവര്‍ പ്രസംഗിച്ചു.

പുനരൈക്യ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യക്ഷേമ തൊഴില്‍ നൈപുണ്യ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് അടുക്കളത്തോട്ട വ്യാപനപദ്ധതി നടപ്പിലാക്കുന്നത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.