കോവിഡ്‌ രണ്ടാം തരംഗം: അതിജീവന കര്‍മ്മപദ്ധതികളുമായി സഹകരിച്ച് കോട്ടയം അതിരൂപത

കോവിഡ്‌ മഹാമാരി അനിയന്ത്രിതമായി അപകടകരമായ വിധത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്‌ഡൗണ്‍ ഉള്‍പ്പടെയുള്ള ഗവണ്‍മെന്റ്‌ പദ്ധതികളോടു ചേര്‍ന്ന് പൂര്‍ണ്ണമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതുള്‍പ്പടെ വിപുലമായ കര്‍മ്മപദ്ധതികള്‍ക്ക്‌ കോട്ടയം അതിരൂപത രൂപം നല്‍കി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അതിരൂപതയിലെ സ്വദേശത്തും വിദേശത്തും ശുശ്രൂഷ ചെയ്യുന്ന ബഹു. വൈദികരുടെ ഓണ്‍ലൈന്‍ കൂട്ടായ്‌മയിലാണ്‌ ഓരോ പ്രദേശത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് കര്‍മ്മപരിപാടികള്‍ക്ക്‌ രൂപം നല്‍കിയത്‌. ഗവണ്‍ന്മെന്റ് പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായി സഹകരിച്ചും പ്രോട്ടോകോള്‍ പാലിച്ചും അതിരൂപതയുടെ എല്ലാ ശുശ്രൂഷാമേഖലകളിലും കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ്‌ ബാധിതരാകുന്നവര്‍ക്ക്‌ ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുവാന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ ആഹ്വാനം ചെയ്‌തു.

അതിരൂപതയിലെ ഇടവകകളും ആശുപത്രികളും സാമൂഹ്യസേവന വിഭാഗങ്ങളും സ്ഥാപനങ്ങളും സമര്‍പ്പിത സമൂഹങ്ങളും ചേര്‍ന്നു നടത്തുന്ന കോവിഡ്‌ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. അതിരൂപതയിലെ പതിനാലു ഫൊറോനകളിലെ നിലവിലെ പ്രവര്‍ത്തന സാഹചര്യങ്ങള്‍ അതതു ഫൊറോന വികാരിമാര്‍ പങ്കുവച്ചു. അമേരിക്ക, കാനഡ, യു.കെ, ഡല്‍ഹി, ഓസ്‌ട്രേലിയ എന്നീ ഡയാസ്‌പറാ ശുശ്രൂഷാമേഖലകളിലെ വിശദാംശങ്ങള്‍ അതതു മേഖലകളില്‍ നേതൃത്വം നല്‍കുന്ന വൈദികരും പങ്കുവച്ചു.

കോട്ടയം അതിരൂപതയുടെ ആരോഗ്യപ്രവര്‍ത്തനങ്ങളുടെ പൊതുവായ കോര്‍ഡിനേഷനു നേതൃത്വം നല്‍കുന്ന റവ. ഡോ. ബിനു കുന്നത്ത്‌ കാരിത്താസ്‌ ആശുപത്രിയുടെ നേതൃത്വത്തിലും ഇതര ആശുപത്രികളുടെ നേതൃത്വത്തിലും ആരോഗ്യമേഖലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുകയുണ്ടായി. കോവിഡ്‌ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കാരിത്താസ്‌ കോവിഡ്‌ പ്രതിരോധ ചികിത്സാ കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ സര്‍വ്വസജ്ജമാണെന്ന്‌ അദ്ദേഹം അറിയിച്ചു. ഓക്‌സിജന്‍ കൂടുതല്‍ ലഭ്യമാക്കുക, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുക, കൂടുതല്‍ സ്റ്റാഫ്‌ അംഗങ്ങളെ നിയോഗിക്കുക, കഴിയുന്നത്ര പാസ്റ്ററല്‍ ശുശ്രൂഷ നല്‍കുക, ടെലിമെഡിസിന്‍ സൗകര്യം കൂടുതല്‍ നല്‍കുക, കോവിഡ്‌ കണ്‍ട്രോള്‍ സെല്‍ കൂടുതല്‍ കാര്യമായി പ്രവര്‍ത്തിക്കുക എന്നീ മേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.

അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങള്‍ നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ഡയറക്‌ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്‌, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌ എന്നിവര്‍ പങ്കുവച്ചു. പള്‍സ്‌ ഓക്‌സിമീറ്റര്‍ ലഭ്യമാക്കുക, ഇന്‍ഹിലേറ്റര്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, പി.പി.ഇ കിറ്റ്‌, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ കിറ്റ്‌ നല്‍കുക, പലവ്യഞ്‌ജനകിറ്റ്‌ ലഭ്യമാക്കുക എന്നീ കാര്യങ്ങള്‍ സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴിയായി ലഭ്യമാക്കുന്നതായി യോഗത്തില്‍ അറിയിച്ചു.

കോവിഡ്‌ മാനദണ്ഡമനുസരിച്ച് മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ കോര്‍ഡിനേറ്റു ചെയ്യുന്നതിനും ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്യുന്നതിനും ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക്‌ ഫോഴ്‌സിന്റെ സേവനങ്ങളെക്കുറിച്ചും അത് വിപുലമാക്കുന്നതിനെക്കുറിച്ചും ചൈതന്യ കമ്മീഷന്‍സ്‌ കോര്‍ഡിനേറ്റര്‍ ഫാ. ചാക്കോ വണ്ടന്‍കുഴി യോഗത്തില്‍ വിശദീകരിക്കുകയുണ്ടായി. തുടര്‍ന്ന് ഭാവിപ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനായി നടന്ന ചര്‍ച്ചകള്‍ക്ക്‌ അതിരൂപതയിലെ സഹായമെത്രാന്മാരായ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ്‌ മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി. ഓരോ പ്രദേശത്തെയും സാഹചര്യങ്ങള്‍ സമയാസമയങ്ങളില്‍ വിലയിരുത്തി ത്രിതല പഞ്ചായത്തുകളുമായും ഗവണ്‍മെന്റുമായും സഹകരിച്ച് സാധ്യമായ പ്രവര്‍ത്തനങ്ങള്‍ സമയബന്ധികതമായി നടപ്പിലാക്കുന്നതിനും ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി.

ഡോ. ജോയി കറുകപ്പറമ്പില്‍, പി.ആര്‍.ഒ, കോട്ടയം അതിരൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.