മാർ കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശേരി അതിരൂപതാ വൈദികർ

ചങ്ങനാശേരി അതിരൂപതയിലെ വൈദികരുടെ പ്രതിനിധികൾ പാലാ ബിഷപ്പ് ഹൗസിൽ എത്തി മാർ കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഡോ. തോമസ് കറുകക്കളം ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. മാണി പുതിയിടം, കത്തീഡ്രൽ വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ, വിവിധ ഫൊറോനാ വികാരിമാർ തുടങ്ങി 40 വൈദികർ വ്യാഴാഴ്ച പാലാ അരമനയിൽ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിച്ചാണ് ചങ്ങനാശേരി അതിരൂപതയിലെ മൂന്ന് പിതാക്കന്മാരുടേയും മുഴുവൻ വൈദികരുടേയും ദൈവജനം മുഴുവന്റേയും പരിപൂർണ്ണമായ പിന്തുണ പ്രഖ്യാപിച്ചത്.

കേരള ക്രൈസ്തവസമൂഹത്തിന്റെ ആശങ്കകൾ ധീരതയോടെ പങ്കുവയ്ക്കാനും തന്റെ വിശ്വാസി സമൂഹത്തിന് ആവശ്യമായ ജാഗ്രതാമുന്നറിയിപ്പുകൾ നൽകാനും അഭി. മാർ കല്ലറങ്ങാട്ട് പിതാവ് കാട്ടിയ ആർജ്ജവത്വത്തിന് അഭിനന്ദിക്കുന്നുവെന്നും തിന്മയുടെ ശക്തികൾ കേരളസമൂഹത്തിൽ ശക്തമാവുകയും സ്ത്രീസുരക്ഷയും യുവജനങ്ങളുടെ ഭാവിയും സ്വസ്ഥമായ പൊതുജീവിതവും അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അഭി. പിതാവ് ഈ മുന്നറിയിപ്പ് നൽകിയതെന്നും പ്രസ്ബിറ്ററൽ കൗൺസിൽ പ്രഖ്യാപിച്ചു.

അത്യന്തം ആശങ്കാജനകമായ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തേണ്ടതിനു പകരം ഇവയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ അഭി. കല്ലറങ്ങാട്ടു പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ചില രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും സാംസ്കാരികപ്രവർത്തകരുടെയും ശ്രമം അപലപനീയമാണെന്നും ഈ പ്രവാചകശബ്ദത്തെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ശക്തിയുക്തം ചെറുക്കുന്നതായിരിക്കുമെന്നും ആർച്ചുപ്രീസ്റ്റ് ഡോ. മാണി പുതിയിടം പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.