പകർച്ചവ്യാധിക്ക് പിന്നാലെ കാട്ടുതീയും: സഹായം അഭ്യർത്ഥിച്ചു പെറുവിലെ അതിരൂപത

പെറുവിലെ കുസ്കോയിലുണ്ടായ കാട്ടുതീയെ തുടർന്ന് സഹായാഭ്യർത്ഥനയുമായി കുസ്‌കോ അതിരൂപത. ‘പകർച്ചവ്യാധിയുടെ സമയങ്ങളിലും ഐക്യദാർഢ്യവും സ്നേഹവും ആവശ്യമാണ്’ എന്ന പ്രചാരണത്തിൽ പങ്കുചേരാനാണ് അതിരൂപത ക്ഷണിക്കുന്നത്.

കാട്ടുതീയുടെ ഫലമായി ദുരിതമനുഭവിക്കുന്നത് ഏകദേശം 6,615 കുടുംബങ്ങൾ ആണ്. അതോടൊപ്പം ഭക്ഷണം, പാത്രങ്ങൾ, ക്ലീനിംഗ് കിറ്റുകൾ, പുതപ്പുകൾ എന്നിവയും ഇവർക്ക് അത്യാവശ്യമായവയാണ്. പകർച്ചവ്യാധി പ്രതിസന്ധി നേരിടുന്ന പ്രദേശത്തെ കുടുംബങ്ങളുടെ ഏറ്റവും അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. നിലവിൽ ഏറ്റവും ഗുരുതരമായ പ്രശ്‌നം ഭക്ഷണ ക്ഷാമമാണ്.

ഈ പ്രചാരണത്തിന്റെ ഫലമായി 3,186 കുടുംബങ്ങൾക്ക് ഭക്ഷണ ഉൽ‌പ്പന്നങ്ങൾ അടങ്ങിയ കിറ്റുകളും 3,229 കുടുംബങ്ങൾക്ക് ഭക്ഷണവും ലഭിച്ചു. കൂടാതെ, ന്യൂസ്ട്ര സെനോറ ഡി ലോസ് ഡൊലോറസ്, സാൻ മാർട്ടിൻ ഡി പോറസ് എന്നീ സന്നദ്ധ ഗ്രൂപ്പുകൾ വഴി ദിവസവും 200 കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്നുണ്ട്. ഈ സംഭാവനയിലൂടെ ഭക്ഷണം ലഭ്യമാക്കുക എന്നത് മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത്. കൃഷിക്കാർക്കും ഗുണം ചെയ്യുന്നുവെന്നതാണ് ഈ പദ്ധതിയുടെ നേട്ടം. കാരണം, ഭക്ഷണം തയ്യാറാക്കുവാനുള്ള മിക്ക സാധനങ്ങളും ഗ്രാമ പ്രദേശങ്ങളിൽ നിന്നും ന്യായമായ വിലയ്ക്ക് വാങ്ങുന്നു. കമ്പനികളോടും സ്ഥാപനങ്ങളോടും നല്ല മനസുള്ളവരോടും ഈ പ്രചാരണത്തിൽ പങ്കുചേരാൻ കസ്കോ അതിരൂപത ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.