ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പിലിന്റെ പാലിയധാരണം ഒക്‌ടോബര്‍ 6-ന്

വരാപ്പുഴ മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ഒക്‌ടോബര്‍ ആറിന് വല്ലാര്‍പാടം മരിയന്‍ ബസിലിക്കയിലെ മിഷന്‍ കോണ്‍ഗ്രസ് വേദിയില്‍ വച്ച് ഭാരതത്തിന്റെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ജിയാംബാറ്റിസ്റ്റ ഡിക്വാനോ പാലിയം ധരിപ്പിക്കുന്നു.

കേരളത്തിലെ 12 ലത്തീന്‍ രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 6,7,8 തീയതികളിലായി വല്ലാര്‍പാടം ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് നടത്തുന്ന മിഷന്‍ കോണ്‍ഗ്രസ് – ബിസിസി – 2017 കണ്‍വന്‍ഷന്റെ ഉദ്ഘാടന ദിനമായ ആറിന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേയാണ് പാലിയം ധരിപ്പിക്കുക.

വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍ വച്ച് ഫ്രാന്‍സിസ് പാപ്പായില്‍ നിന്നും ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്വീകരിച്ച പാലിയമാണ് ഔദ്യോഗികമായി വത്തിക്കാന്‍ സ്ഥാനപതി ധരിപ്പിക്കുക. വത്തിക്കാനിലെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രധാന കാര്‍മികത്വത്തില്‍ കഴിഞ്ഞ ജൂണ്‍ 29-ന് അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് ആഗോളസഭയിലെ 36 മെത്രാപ്പോലീത്തമാര്‍ക്ക് പാപ്പാ സ്ഥാനിക ഉത്തരീയമായ പാലിയം നല്‍കിയത്. ഇവരില്‍ ഏക ഇന്ത്യക്കാരന്‍ ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പിലായിരുന്നു. ഏഷ്യയില്‍ നിന്ന് അഞ്ച് മെത്രാപ്പോലീത്തമാരും ബാക്കിയുള്ള 30 പേര്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള മെത്രാപ്പോലീത്തമാരുമായിരുന്നു. കുഞ്ഞാടിന്റെ രോമം കൊണ്ട് നെയ്തുണ്ടാക്കിയ പാലിയം നല്ലിടയനായ ക്രിസ്തുവിനോട് സാരൂപ്യപ്പെടേണ്ട മെത്രാപ്പോലീത്തായുടെ ഇടയ ദൗത്യത്തെയാണ് സൂചിപ്പിക്കുന്നത്.

മാര്‍പാപ്പായുടെയും മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ്പുമാരുടെയും സ്ഥാന പ്രതീകമായ അംഗവസ്ത്രമാണ് പാലിയം. മാര്‍പാപ്പായും മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ്പുമാരും തമ്മിലുള്ള സവിശേഷമായ ബന്ധത്തിന്റെ അടയാളം കൂടിയാണിത്.

ഒരു അതിരൂപതയുടെ ഭരണച്ചുമതലയും അതിരൂപതയ്ക്ക് സാമന്ത രൂപതകളുമുള്ള ആര്‍ച്ച്ബിഷപ്പിനെയാണ് മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ് എന്നുവിളിക്കുന്നത്. അതായത് എല്ലാ മെത്രാപ്പോലീത്തമാര്‍ക്കും പാലിയം ഇല്ലെന്നര്‍ത്ഥം. വരാപ്പുഴ അതിരൂപതയ്ക്ക് കൊച്ചി, കോട്ടപ്പുറം, വിജയപുരം, കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് എന്നീ ആറ് സാമന്തരൂപതകളാണുള്ളത്.

സാധാരണഗതിയില്‍ പരിശുദ്ധ പിതാവു തന്നെയാണ് മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ്പുമാരെ പാലിയം ധരിപ്പിക്കുക. അത് സാധ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ പ്രത്യേകം അധികാരപ്പെടുത്തുന്നവര്‍ക്ക് അത് നിര്‍വഹിക്കാം. മിക്കവാറും ഒരു കര്‍ദ്ദിനാളിനെയോ നൂണ്‍ഷിയോയെയോ ആയിരിക്കും ഈ കര്‍മത്തിന് ചുമതലപ്പെടുത്തുക. വരാപ്പുഴ ആര്‍ച്ച്ബിഷപ് എമിരിത്തൂസ് ഫ്രാന്‍സിസ് കല്ലറക്കലിനെ പരിശുദ്ധ പിതാവാണ് പാലിയം ധരിപ്പിച്ചത്. ദിവംഗതനായ ആര്‍ച്ച്ബിഷപ് ഡാനിയല്‍ അച്ചാരുപറമ്പിലിനെ എറണാകുളത്ത് അഭിഷേകവേദിയില്‍ വച്ച് സുവിശേഷ പ്രഘോഷണ തിരുസംഘത്തിന്റെ പ്രീഫെക്ടായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് ടോംകോയാണ് പാലിയം ധരിപ്പിച്ചത്.

പാലിയം തയ്യാറാക്കല്‍ വിശുദ്ധ ആഗ്നസിന്റെ തിരുനാളുമായി ബന്ധപ്പെട്ടാണ്. പാലിയം നെയ്‌തെടുക്കുന്ന ചെമ്മരിയാട്ടിന്‍ രോമം രണ്ടുതരം ആടുകളില്‍ നിന്നാണ് ശേഖരിക്കുന്നത്. ഒരു ഗണം ‘ദൈവത്തിന്റെ കുഞ്ഞാടി’നെയും മറ്റേ ഗണം ‘നല്ല ഇടയനെ’യും സൂചിപ്പിക്കുന്നു. ഈ ആടുകളുടെ വളര്‍ത്തലും സംരക്ഷണവും കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ആഗ്നസുമായി ബന്ധപ്പെട്ടതാണ്.

നാലാം നൂറ്റാണ്ടില്‍ ഡയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച കന്യകയാണ് വിശുദ്ധ ആഗ്നസ്. ജനുവരി 21-നാണ് വിശുദ്ധയുടെ തിരുനാള്‍ സഭ അനുസ്മരിക്കുന്നത്. പാലിയം നെയ്യാനുള്ള രോമത്തിനായി വളര്‍ത്താന്‍ തിരഞ്ഞെടുക്കുന്ന ചെമ്മരിയാട്ടിന്‍ കുട്ടികളെ റോമില്‍ വിശുദ്ധ ആഗ്നസിന്റെ ബസിലിക്കയില്‍ വച്ച് ഓരോ വര്‍ഷവും ജനുവരി 21-നാണ് മാര്‍പാപ്പ വെഞ്ചരിക്കുന്നത്. തുടര്‍ന്ന് അവയെ മാര്‍പാപ്പായ്ക്ക് സമര്‍പ്പിക്കും. പാപ്പാ അവയെ ഏറ്റുവാങ്ങി വളര്‍ത്താന്‍ ബനഡിക്‌ടൈന്‍ സന്യാസിനിമാരെ ഏല്‍പ്പിക്കും. റോമില്‍ വിശുദ്ധ സിസിലിയുടെ നാമധേയത്തിലുള്ള കോണ്‍വന്റിലാണ് ഈ സിസ്റ്റര്‍മാര്‍ ഇവയെ വളര്‍ത്തുക. ആടുകള്‍ വളരുമ്പോള്‍ രോമം കത്രിച്ചെടുത്ത് പാലിയങ്ങള്‍ നെയ്തുവയ്ക്കും. ഇവ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനത്തിന്റെ തലേന്ന് ജൂണ്‍ 28-ന് പരിശുദ്ധപിതാവ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ച് സാഘോഷം വെഞ്ചരിക്കും. ആ വര്‍ഷം നിയമിക്കപ്പെട്ട മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ്പുമാരുടെ എണ്ണം എത്രയോ അത്രയും പാലിയങ്ങളാണ് വെഞ്ചരിക്കുക.

ആശീര്‍വദിച്ച പാലിയങ്ങള്‍ വലിയ മുക്കുവന്റെ, വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന കല്ലറയ്ക്ക് മുകളിലുള്ള അള്‍ത്താരയിലെ പ്രത്യേക പേടകത്തില്‍ വെള്ളിപ്പാത്രത്തില്‍ അടക്കം ചെയ്ത് മുദ്രവച്ച് സൂക്ഷിക്കുന്നു. അവിടെ നിന്നെടുത്താണ് പിറ്റേദിവസം മെത്രാപ്പോലീത്താമാര്‍ക്ക് പാലിയം നല്‍കുക.

കുര്‍ബാന കുപ്പായത്തിന്റെ (ചോസിബിള്‍) മീതെയാണ് മെത്രാപ്പോലീത്തമാര്‍ പാലിയം ധരിക്കുക. വെള്ള ചെമ്മരിയാടിന്റെ രോമം കൊണ്ടാണ് ഈ അംഗവസ്ത്രം നെയ്‌തെടുക്കുന്നത്. ഏതാണ്ട് രണ്ടിഞ്ച് വീതിയുള്ള ഒരു മാലപോലെ നെഞ്ചിലും പിറകിലും തോളുകളിലുമായി അത് പതിഞ്ഞുകിടക്കും. നെഞ്ചിലേക്കും മുകളിലേക്കും ഏതാണ്ട് ഒരടി ഇറക്കമുണ്ടാകും. കറുത്ത പട്ടുകൊണ്ടുള്ള ആറ് കുരിശടയാളങ്ങള്‍ പാലിയത്തില്‍ തയ്ച്ചു ചേര്‍ത്തിട്ടുണ്ടാകും. നെഞ്ചുഭാഗത്ത് ഒന്ന്, നേരെ പിറകില്‍ ഒന്ന്, തോളുകളില്‍ ഓരോന്ന്, മുന്നിലും പിന്നിലും അറ്റത്തായി ഓരോന്ന് എന്നിങ്ങനെയാണ് അതിന്റെ ക്രമീകരണം.

വിശ്വാസികളുടെയും ഇടയന്മാരുടെയും മേല്‍ പരിശുദ്ധ പിതാവിനുള്ള പരമാചാര്യത്വത്തിന്റെയും അജപാലനാധികാരത്തിന്റെയും അടയാളമാണ് പാലിയം. ക്രിസ്തുവിനോട് ചേര്‍ന്ന് ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ പ്രതീകമാണ് പാലിയത്തിലെ കുരിശുകള്‍. സുപ്രധാന തിരുക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോഴെല്ലാം മെത്രാപ്പോലീത്താമാര്‍ പാലിയം ധരിക്കണമെന്ന് നിബന്ധനയുണ്ട്.

ആര്‍ച്ച്ബിഷപ് ഫ്രാന്‍സിസ് കല്ലറക്കലിന്റെ പിന്‍ഗാമിയായി വരാപ്പുഴ അതിരൂപതയുടെ ആറാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായി 2016 ഡിസംബര്‍ 18-നാണ് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനാരോഹിതനായത്. വരാപ്പുഴ അതിരൂപതാ വികാരി ജനറാളായിരിക്കേ 2002 ഏപ്രില്‍ 19-നാണ് മോണ്‍. കളത്തിപ്പറമ്പില്‍ കോഴിക്കോട് രൂപതാധ്യക്ഷനായി നിയോഗിതനായത്. 2002 മെയ് 19-ന് അഭിഷിക്തനായ ബിഷപ് കളത്തിപ്പറമ്പില്‍ 2011 ഫെബ്രുവരി 22-ന് വത്തിക്കാനില്‍ കുടിയേറ്റക്കാരുടെയും ദേശാടനക്കാരുടെയും പൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായി. വത്തിക്കാനിലായിരിക്കേയാണ് 2016 ഒക്‌ടോബര്‍ 31-ന് വരാപ്പുഴ അതിരൂപതയുടെ മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച് ബിഷപ്പായി ഫ്രാന്‍സിസ് പാപ്പാ ഡോ. കളത്തിപ്പറമ്പിലിനെ നിയമിച്ചത്.

കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും ഭാരതത്തിലെ മറ്റിതര രൂപതകളില്‍ നിന്നുള്ള മുപ്പതോളം മെത്രാന്മാരും വൈദിക-സന്യസ്തരും നാലായിരത്തോളം അല്മായ പ്രതിനിധികളും പാലിയധാരണ കര്‍മ്മങ്ങളിലും ഇതോടനുബന്ധിച്ചുള്ള പൊന്തിഫിക്കല്‍ സമൂഹദിവ്യബലിയിലും പങ്കെടുക്കും.

ജെസി ചാത്യാത്ത്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.