പെറുവിന്റെ ഇരുനൂറാം സ്വാതന്ത്ര്യദിനത്തിൽ ഐക്യം മുറുകെ പിടിക്കണമെന്ന് ആഹ്വാനം ചെയ്ത് ആർച്ചുബിഷപ്പ്

രാഷ്ട്രം ഇരുനൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വിദ്വേഷമോ അക്രമമോ ഭാവിയിലേക്കുള്ള വഴിയല്ലെന്ന് വിശ്വാസികളെ ഓർമ്മിപ്പിച്ച് പെറൂവിയൻ ആർച്ചുബിഷപ്പ് ജോസ് അന്റോണിയോ എഗ്യൂറൻ അൻസെൽമി. ജൂലൈ 27 -ന് പിയൂറ കത്തീഡ്രലിൽ നടന്ന ദ്വിശതാബ്‌ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത കാലത്തായി പെറു രാഷ്ട്രീയപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ പെറുവിലെ ജനത ഇപ്പോൾ നേരിടുന്നത് അനൈക്യതയാണെന്ന് അദ്ദേഹം പറഞ്ഞു. 1821 ജൂലൈ 28 -നാണ് പെറു സ്‌പെയിനിന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്.

“ഒരു രാജ്യം ഭിന്നിച്ചുകൊണ്ട് ഏറ്റുമുട്ടുകയും പ്രക്ഷോഭം നടത്തുകയും ചെയ്യുന്നത് ഏറ്റവും അപകടകരവും ജനങ്ങളെ വേദനിപ്പിക്കുന്നതുമായ ഒന്നാണ്. രാഷ്ട്രീയം ദാനത്തിന്റെയും സേവനത്തിന്റെയും ഒരു പ്രമുഖരൂപമായി വിഭാവനം ചെയ്യപ്പെടുമ്പോൾ ഐക്യം കൈവരിക്കാൻ സാധിക്കുന്നു. അതിലൂടെ മനുഷ്യന്റെ അന്തസ്സ് പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. പെറു ഇപ്പോൾ അതിന്റെ ദേശീയസ്വത്വത്തിനു വിരുദ്ധമായാണ് നിലകൊള്ളുന്നത്. പരിശുദ്ധ കന്യകാമറിയത്തോടു ചേർന്ന് പെറുവിന്റെ ഐക്യത്തിനായി നമുക്ക് പ്രാർത്ഥിക്കാം. പെറുവിൽ വംശഹത്യകൾ ഉണ്ടാകാതിരിക്കട്ടെ” – ആർച്ചുബിഷപ്പ് പറഞ്ഞു.

പകർച്ചവ്യാധിയുടെ സമയത്ത് മരണമടഞ്ഞ 1,95,000 -ലധികം പെറൂവിയൻ ജനതയെ അദ്ദേഹം പ്രത്യേകം പ്രാർത്ഥനയിൽ ഓർമ്മിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.