ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് അന്തരിച്ചു

ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയും എറണാകുളം അങ്കമാലി അതിരൂപതാംഗവുമായ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് (77) അന്തരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ അദ്ദേഹത്തെ ടോക്കിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1943 ഒക്ടോബര്‍ 13-ന് ​ ചേര്‍ത്തല കോക്കമംഗലം ചേന്നോത്ത് ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ചു. 1960-ല്‍ എറണാകുളം സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ച അദ്ദേഹം 1969 മെയ് നാലിന് ഓസ്ട്രിയായില്‍ വച്ച് വൈദികപട്ടം സ്വീകരിച്ചു. 1973-ല്‍ വീണ്ടും റോമിലേയ്ക്കു പോയ മാര്‍ ജോസഫ്, കാനോന്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി. ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ചൈനീസ് എന്നീ ഭാഷകളും പഠിച്ചു. പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മാര്‍ ജോസഫിനെ മോണ്‍സിഞ്ഞോര്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. 1999 ഓഗസ്റ്റ് 24-ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ആര്‍ച്ച്ബിഷപ്പായി നിയമിച്ചു.

ടാന്‍സാനിയ, തായ്വാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി സേവനമനുഷ്ഠിച്ച മാര്‍ ജോസഫ് ചേന്നോത്ത് 2011-ലാണ് വത്തിക്കാന്റെ ജപ്പാന്‍ അംബാസിഡറായി സ്ഥാനമേല്‍ക്കുന്നത്. 1986-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം കേരളം സന്ദര്‍ശിച്ച സംഘത്തില്‍ അംഗമായിരുന്നു. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.