വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീനും

ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീനിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതോടെ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തുവാനുള്ള നടപടികള്‍ ദ്രുതഗതിയിലായി. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘമാണ്, അത്ഭുതത്തിന് പാപ്പയുടെ അംഗീകാരം ലഭിച്ചതു സംബന്ധിച്ച ഡിക്രി പ്രസിദ്ധീകരിച്ചത്. ഷീനിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന രോഗസൗഖ്യത്തിനാണ് അംഗീകാരം ലഭിച്ചത്.

അമേരിക്കയിലെ പിയോറിയയിലുളള ബോണി എങ്‌സ്‌ട്രോം-ട്രാവിസ് എങ്‌സ്‌ട്രോം ദമ്പതികളുടെ കുട്ടിയെ ഓപ്പറേഷന്‍ ചെയ്ത് പുറത്തെടുത്തതിനുശേഷം ജീവന്റെ യാതൊരുവിധ ലക്ഷണങ്ങളും കുട്ടി കാണിച്ചിരുന്നില്ല. ദമ്പതികള്‍ ഷീനിന്റെ മദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും അവരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കാണുകയും ചെയ്തു.

നാമകരണ നടപടികള്‍ക്കു വേണ്ടിയുള്ള തിരുസംഘം സംഭവത്തെപ്പറ്റി പഠിക്കാന്‍ നിയമിച്ച ഏഴു ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍സംഘം ഏകകണ്ഠമായി അത്ഭുതം നടന്നുവെന്നു സ്ഥിരീകരിക്കുകയായിരുന്നു.

1895-ല്‍ ഇല്ലിനോയിസ്റ്റില്‍ ജനിച്ച ഷീന്‍ 24 ാം വയസിലാണ് പെരോരിയ രൂപതയിലെ വൈദികനാവുന്നത്. 1951-ല്‍ സഹായമെത്രാനായി നിയമിക്കപ്പെട്ട അദ്ദേഹം 1966-ല്‍ റോചെസ്റ്ററില്‍ ബിഷപ്പായി നിയമിക്കപ്പെടും വരെ അവിടെത്തന്നെ തുടര്‍ന്നു. 1969-ല്‍ വിരമിച്ച അദ്ദേഹം 1979-ലാണ് സ്വര്‍ഗ്ഗസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

‘കാത്തലിക് അവര്‍’ എന്ന റേഡിയോ പ്രോഗ്രാമിന്റെ അവതാരകനായിരുന്ന അദ്ദേഹം, ‘ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്’ എന്ന ടെലിവിഷന്‍ പരിപാടിയുടെയും അവതാരകനായിരുന്നു. ധാരാളം പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.