ആർച്ചുബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം അസിസ്റ്റന്റ് ഇടവക വികാരി സ്ഥാനത്തേയ്ക്ക്

????????????????????????????????????

പാട്‌ന അതിരൂപതയുടെ ആർച്ചുബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ച ജെസ്യൂട്ട് വൈദികനും ആർച്ചുബിഷപ്പുമായിരുന്ന വില്യം ഡിസൂസ, ഇനി അസിസ്റ്റന്റ് ഇടവക വികാരി സ്ഥാനത്തേയ്ക്ക്. ബിഷപ്പുമാരുടെ വിരമിക്കൽ പ്രായം 75 വയസ്സ് ആണ്. മാർച്ച് 5 -ന് 75 വയസ് തികയുന്ന ആർച്ച് ബിഷപ്പ് ഡിസൂസ, ബീഹാർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ പാട്‌നയ്ക്ക് പുറത്തുള്ള ദാനാപൂർ കന്റോൺമെന്റ് ഏരിയയിലെ സെന്റ് സ്റ്റീഫൻ പള്ളിയുടെ പുതിയ അസിസ്റ്റന്റ് വികാരിയായാണ് നിയമിതനാകുന്നത്.

“ഇടവക ശുശ്രൂഷ, എന്റെ ഹൃദയത്തോട് ചേർത്ത് നിറുത്തുന്ന ഒന്നാണ്. ഇടവകയിലെയും വിശ്വാസികളുടെയും ആത്മീയ ശുശ്രൂഷയ്ക്കായി ഞാൻ എന്നെത്തന്നെ പ്രയോജനപ്പെടുത്തും” – അദ്ദേഹം പറഞ്ഞു. ആർച്ചുബിഷപ്പ് എന്ന നിലയിൽ അദ്ദേഹത്തിന്റെ അതിരൂപതയിലെ ഗ്രാമീണരുമായുള്ള ലളിതമായ ജീവിതശൈലി, അടുപ്പം എന്നിവയിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. വിരമിക്കൽ പ്രായത്തിന് ഏകദേശം മൂന്ന് മാസം മുമ്പാണ് അദ്ദേഹം 2020 ഡിസംബർ 9 -ന് ആർച്ചുബിഷപ്പ് സ്ഥാനം രാജിവച്ചത്.

കർണാടകയിലെ മദാന്ത്യാറിലാണ് ആർച്ച് ബിഷപ്പ് ഡിസൂസ ജനിച്ചത്. ജെസ്യൂട്ട് സഭയിൽ ചേർന്ന അദ്ദേഹം 1976 മെയ് മൂന്നിന് വൈദികനായി. തമിഴ്‌നാട്ടിലെ ഷെംബനഗൂരിലും പുണെയിലെ ജ്ഞാന ദീപ വിദ്യാപീഠത്തിലും ആയി ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 2005 ഡിസംബർ 12 -ന് ബക്സറിൽ പുതുതായി രൂപംകൊണ്ട രൂപതയിൽ അദ്ദേഹം ബിഷപ്പായി നിയമിതനായി. 2007 ഒക്ടോബർ ഒന്നിനാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ പാട്ന ആർച്ച് ബിഷപ്പായി നിയമിച്ചത്. 44 വർഷമായി പുരോഹിതനും 14 വർഷമായി ബിഷപ്പുമായിരുന്നു അദ്ദേഹം.

ഇന്ന് സ്ഥാനങ്ങൾ എല്ലാം ഉപേക്ഷിച്ചു ഒരു സാധരണ വൈദികനായി ജീവിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അനേകർക്ക് നല്ലൊരു സാക്ഷ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.