ഭീകരപ്രവർത്തനങ്ങൾക്കെതിരെ സ്വരമുയർത്തി വത്തിക്കാൻ

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ന്യായീകരണമില്ലെന്നും അവ അസ്വീകാര്യങ്ങളാണെന്നും വെളിപ്പെടുത്തി വത്തിക്കാൻ പ്രധിനിധി, ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ. അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ പൊതുയോഗത്തിലാണ് അദ്ദേഹം ഈ കാര്യം ചൂണ്ടിക്കാട്ടിയത്.

ഭീകരപ്രവര്‍ത്തനങ്ങള്‍ നിരപരാധികളെ ഹനിക്കുകയും ജീവനെ നിന്ദിക്കുകയും ചെയ്യുന്നതാണ്. ഭീകരരുടെ പൈശാചികമായ പ്രവൃത്തികളുടെ മുന്നില്‍ നിഷ്ക്രിയരായി നിലകൊള്ളാന്‍ നമുക്കാകില്ല. സൈദ്ധാന്തികമോ, രാഷ്ട്രീയപരമോ, തത്വശാസ്ത്രപരമോ, സാമുദായികമോ, വര്‍ഗ്ഗീയമോ മതപരമോ ആയ യാതൊരു നീതീകരണവും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നല്കാൻ കഴിയില്ല എന്ന് ബിഷപ്പ് വ്യക്തമാക്കി. അപലപനീയമായ ഭീകരപ്രവര്‍ത്തനമെന്ന പ്രതിഭാസത്തിനെതിരെ പോരാടുന്നതിനും അതിനെ ഉന്മൂലനം ചെയ്യുന്നതിനും ദേശീയ – അന്തര്‍ദ്ദേശീയ പരിഹാരമാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടതിന്‍റെ അടിയന്തരപ്രാധാന്യവും ആര്‍ച്ചുബിഷപ്പ് ഔത്സ ചൂണ്ടിക്കാട്ടി.

നിയമങ്ങള്‍ നടപ്പിലാക്കുകയും സുരക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്തതുകൊണ്ടു മാത്രം ഭീകരപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കന്‍ കഴിയില്ലെന്നും പ്രത്യുത, പരസ്പരസ്വീകാര്യതയെ പരിപോഷിപ്പിക്കുകയും സമാധാനം വാഴുന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമൂഹങ്ങളെ കെട്ടിപ്പടുക്കുകയും ചെയ്യുന്ന സമാഗമ സംസ്കൃതി ഊട്ടിവളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.