“ക്രിസ്തുവിന്റെ സഹനങ്ങളിൽ നാമും പങ്കാളികളാകുന്നു”: ദൃശ്യ സന്ദേശവുമായി കൊറോണ ബാധിച്ച അമേരിക്കയിലെ ആദ്യ ബിഷപ്പ്

വിശുദ്ധ വാരത്തിലെ ക്രിസ്തുവിന്റെ സഹനങ്ങളോട് ചേർന്നിരിക്കുവാൻ നമുക്കും കഴിയും എന്ന് കൊറോണ വൈറസ് ബാധയിൽ നിന്നും മോചിതനായി സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുന്ന ന്യൂ ഓർലിയാൻസിലെ ആർച്ച് ബിഷപ്പ് ഗ്രിഗറി അയ്മണ്ട്. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ ആണ് ഈ കാര്യം വ്യക്‌തമാക്കിയത്‌.

“പ്രിയ സഹോദരീ സഹോദരന്മാരേ ഈ വിശുദ്ധ വാരം മുമ്പൊരിക്കലും ആഘോഷിച്ചിട്ടില്ലാത്ത തരത്തിൽ ഉള്ളതാണെന്നു നിങ്ങൾക്കു ഉറപ്പുണ്ടായിരിക്കാം. കൊറോണ വൈറസ് ബാധയും അതെ തുടർന്നുള്ള മാറ്റങ്ങളും എല്ലാം വിശുദ്ധ വാരാചരണത്തിൽ വ്യത്യസ്‌തതകൾ കൊണ്ട് വന്നേക്കാം. എന്തൊക്കെ മാറിയാലും മാറാത്ത ഒന്നുണ്ട്. വിശുദ്ധ വാരത്തിന്റെ ആത്മീയത തന്നെ. കത്തോലിക്കർ കൂടുതൽ ആഴത്തിൽ പ്രാർത്ഥനയിൽ മുഴുകേണ്ട സമയമാണ് കടന്നു വരുന്നത്. യേശുവിന്റെ കഷ്ടപ്പാടുകളും മരണവും പുനരുത്ഥാനവും ഒരു കാഴ്ചക്കാരനെപോലെ കണ്ടു നിൽക്കുകയല്ല ഈ പ്രത്യേക സാഹചര്യത്തിൽ നാം ചെയ്യേണ്ടത്. മറിച്ച് അതിൽ നാം ഭാഗഭാക്കാകുകയാണ്. ” അദ്ദേഹം വീഡിയോ സന്ദേശത്തിൽ ഓർമിപ്പിച്ചു.

ആഴ്ചകൾക്ക് മുമ്പ്, മാർച്ച് 23 ന് ആണ് ബിഷപ്പ് കൊറോണ ബാധിച്ചു നിരീക്ഷണത്തിൽ ആകുന്നത്. കൊറോണ ബാധിതനാകുന്ന ആദ്യ അമേരിക്കൻ ബിഷപ്പും അദ്ദേഹം ആയിരുന്നു. ചികിത്സയിലായിരുന്ന അദ്ദേഹം ഇപ്പോൾ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുകയാണ്.