മഗ്ദലേന മറിയത്തിന്റെ ജന്മനാട്ടിൽ നിന്ന് രണ്ടാമത്തെ സിനഗോഗ് കണ്ടെത്തി പുരാവസ്തു ഗവേഷകർ

മഗ്ദലേന മറിയത്തിന്റെ ജന്മനാട്ടിൽ നിന്നും ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകർ രണ്ടാമത്തെ സിനഗോഗ് കണ്ടെത്തി. ഗലീലിയയിൽ നിന്ന് കണ്ടെത്തുന്ന രണ്ടാമത്തെ സിനഗോഗാണിത്. ബി.സി. രണ്ടാം നൂറ്റാണ്ടിലെ മത്സ്യബന്ധന ഗ്രാമത്തിലെ വ്യാവസായിക വിഭാഗത്തിലാണ് ഈ രണ്ടാമത്തെ സിനഗോഗ് സ്ഥിതി ചെയ്യുന്നത്.

സിനഗോഗിന്റെ ഘടന

രണ്ട്‌ സിനഗോഗുകളും ഒരേ വസ്തുക്കളാൽ നിർമ്മിച്ചതാണ്. കൂടുതലും അഗ്നിപർവ്വത ബസാൾട്ടും ചുണ്ണാമ്പുകല്ലുകളും. ഈ രണ്ട് സിനഗോഗുകൾക്കും സമ്മേളനശാലയും അതിന്റെ വശങ്ങളിൽ മുറികളുമുണ്ട്. എന്നിരുന്നാലും, അലങ്കാരത്തിലാണ് ഇവ രണ്ടും വ്യത്യസ്തമാകുന്നത്. ഒരു സിനഗോഗിന്റെ ചുവരുകൾ കടും നിറമുള്ള മൊസൈക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതേ സമയം രണ്ടാമത്തെ സിനഗോഗ് പ്ലാസ്റ്റർ ചെയ്തിരിക്കുകയാണ്.

ഒരേ പട്ടണത്തിൽ രണ്ട് സിനഗോഗുകൾ ഉണ്ടായിരുന്നത് എന്തുകൊണ്ടാണെന്ന് വിദഗ്ധർക്ക് വ്യക്തമല്ല. എന്നാൽ ഗലീലിയയിൽ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കൾ സൂചിപ്പിക്കുന്നത്, അവ രണ്ടും ഒരേ സമയം സജീവമായിരുന്നു എന്നാണ്. ഒരു സിനഗോഗ് മതിയാകാത്ത വിധം മിഗ്ദാലിലെ ജനസംഖ്യ വളരെ ഉയർന്നതായിരിക്കാം എന്നാണ് കണ്ടെത്തൽ. റോമൻ കാലഘട്ടത്തിലെ യഹൂദ ചരിത്രകാരനായ ജോസീഫസിന്റെ രേഖകൾ സൂചിപ്പിക്കുന്നത് നഗരത്തിൽ ഏകദേശം 40,000 പൗരന്മാർ ഉണ്ടായിരുന്നു എന്നാണ്.

യഹൂദ മതാചാരത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ആ കാലഘട്ടത്തിൽ, യഹൂദ ആചാരങ്ങളും ആരാധനകളും ജറുസലേം ദേവാലയം കേന്ദ്രീകരിച്ചായിരുന്നു. ഈ സിനഗോഗുകൾ അവയുടെ പ്രവർത്തനത്തിൽ ഇന്നത്തെ പള്ളികൾക്ക് സമാനമാണെങ്കിലും ബൈബിൾ കാലങ്ങളിൽ ഈ സിനഗോഗുകൾ സാമുദായിക കൂടിച്ചേരലുകൾക്കും തോറ പഠിക്കുന്നതിനും ശുദ്ധീകരണ കർമ്മങ്ങൾക്കും ഉപയോഗിച്ചിരുന്നു.

രണ്ട് സിനഗോഗുകളും നഗരത്തിന്റെ എതിർവശത്തായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഓരോ സിനഗോഗും ഒരേ നഗരത്തിൽ താമസിക്കുന്ന വ്യത്യസ്‌ത വിഭാഗങ്ങൾക്കായിരുന്നുവെന്ന് അനുമാനിക്കാം. അലങ്കാരപ്പണികളിൽ കാണുന്ന വ്യത്യാസങ്ങൾ ഓരോ സിനഗോഗും സമൂഹത്തിലെ വ്യത്യസ്‌ത വിഭാഗത്തെ പരിപാലിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.