മുഖ്യദൂതന്മാരായ മാലാഖമാരുടെ പ്രത്യേകതകള്‍

മാലാഖ എന്നാല്‍ ദൈവത്തിന്റെ ദൂതന്‍ എന്നാര്‍ത്ഥം. വി. ഗബ്രിയേല്‍, വി. മിഖായേല്‍, വി. റഫായേല്‍ എന്നീ പ്രധാന മാലാഖമാരുടെ അഥവാ മുഖ്യദൂതന്മാരുടെ തിരുനാള്‍ ദിനമാണ് സെപ്റ്റംബര്‍ 29.

എന്തുകൊണ്ടാണ് ആരാധനാ ദിനസൂചികയില്‍ ഒരു ദിവസം പ്രധാന മാലാഖമാര്‍ക്കായി നല്‍കിയിരിക്കുന്നത്? വാസ്തവത്തില്‍ പ്രധാന മാലാഖമാര്‍ ആരാണ്? എപ്രകാരമാണ് അവര്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്? ഇത്തരം ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്താണെന്നു നോക്കാം.

1. നവവൃന്ദം മാലാഖമാരില്‍ രണ്ടാം സ്ഥാനക്കാരാണ് മുഖ്യദൂതന്മാര്‍

മാലാഖമാരുടെ ഒമ്പത് വൃന്ദങ്ങളെക്കുറിച്ച് മഹാനായ വി. ഗ്രിഗറി ഇപ്രകാരം പറഞ്ഞിരിക്കുന്നു. “വിശുദ്ധ ലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഒമ്പതു തരം മാലാഖവൃന്ദങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാമല്ലോ, ക്രമമനുസരിച്ച് ദൈവദൂതന്മാര്‍, മുഖ്യദൂതന്മാര്‍, പ്രാഥമികന്മാര്‍, ബലവാന്മാര്‍, തത്വകന്മാര്‍, അധികാരികള്‍, ഭദ്രാസനന്മാര്‍, ക്രോവേന്മാര്‍, സ്രാപ്പേന്മാര്‍ എന്നിവരാണ് ആ വൃന്ദങ്ങള്‍.”

2. ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് മനുഷ്യര്‍ക്ക് സന്ദേശങ്ങള്‍ എത്തിക്കുക എന്നതാണ് പ്രധാന മാലാഖമാരുടെ മുഖ്യ കര്‍ത്തവ്യം

വെളിപാട് പുസ്തകത്തില്‍ വി. യോഹന്നാന് ദൈവത്തിന്റെ സന്ദേശം എത്തിച്ചുകൊടുത്ത മാലാഖ മുഖ്യദൂതനായ വി. മിഖായേലാണ് എന്നാണ് കരുതപ്പെടുന്നത്. തിരുസഭയുടെ സംരക്ഷകന്‍ എന്ന നിലയ്ക്കും വി. മിഖായേല്‍ അറിയപ്പെടുന്നുണ്ടെങ്കിലും, ദൈവത്തിനെതിരെ തിരിഞ്ഞ ലൂസിഫര്‍ എന്ന മാലാഖയെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കുന്നതിലുള്ള പങ്കിന്റെ പേരിലാണ് മിഖായേല്‍ മാലാഖ കൂടുതല്‍ അറിയപ്പെടുന്നത്.

ദൈവം തന്റെ പദ്ധതികള്‍ മനുഷ്യര്‍ക്ക് വിളംബരം ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന മുഖ്യദൂതന്‍ എന്ന നിലയിലാണ് വി. ഗബ്രിയേല്‍ കൂടുതലായും അറിയപ്പെടുന്നത്. ദാനിയേലിന്റെ പുസ്തകത്തില്‍ വി. ഗബ്രിയേലിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. വി. ഗബ്രിയേലാണ്, ദാനിയേലിനെ ഭൂമിയിലെ തന്റെ ദൗത്യത്തില്‍ സഹായിക്കുന്നത്. സക്കറിയക്കും പരിശുദ്ധ കന്യകാമറിയത്തിനും സന്ദേശമെത്തിക്കുന്ന മാലാഖയായിട്ടാണ് വി. ഗബ്രിയേലിനെ പിന്നീട് നാം കാണുന്നത്. മുഖ്യദൂതനായ വി. റഫായേലിനെക്കുറിച്ചുള്ള വിവരങ്ങള്‍ തോബിത്തിന്റെ പുസ്തകത്തില്‍ നിന്നുമാണ് നമുക്ക് ലഭിക്കുന്നത്.

3. പ്രധാന മാലാഖമാര്‍ക്ക് ചിറകുകളോ ശരീരമോ വാളുകളോ ഇല്ല

നമ്മില്‍ നിന്നും വിഭിന്നമായി മാലാഖമാര്‍ക്ക് ഭൗതീകമായ യാതൊന്നും ഇല്ല. മനുഷ്യരെപ്പോലെയാണ് പലപ്പോഴും അവരെ ചിത്രീകരിച്ചിട്ടുള്ളതെങ്കിലും അത് വെറും പ്രതീകാത്മകം മാത്രമാണ്. മാലാഖമാര്‍ക്ക് ഭൗതീകശരീരമില്ലെങ്കിലും ഭൗതീകലോകത്ത് സ്വാധീനം ചെലുത്തുവാന്‍ അവര്‍ക്ക് കഴിയും. അവര്‍ പൂര്‍ണ്ണമായും വിശുദ്ധിയുള്ള ആത്മാക്കളാണ്. ഭൗതീകവസ്തുക്കളെ ചലിപ്പിക്കുന്നതിനോ, ഏത് ആകൃതി വേണമെങ്കിലും സ്വീകരിക്കുന്നതിനോ തക്ക ശക്തിയുള്ളവരാണ് മാലാഖമാര്‍. ദൈവത്തിന്റെ ദൂതരും നമ്മുടെ സംരക്ഷകരും എന്ന അവരുടെ ദൗത്യത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രകലകളില്‍ അവര്‍ക്ക് പ്രതീകാത്മകമായി നാം നല്‍കിയിട്ടുള്ളതാണ് ചിറകുകളും വാളുകളും.

4. തിന്മയില്‍ നിന്നും രക്ഷിക്കുവാന്‍ പ്രധാന മാലാഖമാര്‍ക്ക് സാധിക്കും

സ്വര്‍ഗ്ഗത്തില്‍ നിന്നും സാത്താനേയും അവന്റെ സൈന്യത്തേയും പുറത്താക്കുവാന്‍ വി. മിഖായേല്‍ മാലാഖയ്ക്ക് കഴിഞ്ഞുവെങ്കില്‍ തീര്‍ച്ചയായും ഭൂമിയിലും സാത്താനെതിരെ പോരാടുവാനും നമ്മെ അവനില്‍ നിന്നും സംരക്ഷിക്കുവാനും വി. മിഖായേല്‍ മാലാഖയ്ക്ക് കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ